മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താത്ത്ത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.മാര്‍ച്ചില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യക്കുവേണ്ടി ഏകദിനം കളിച്ചത്. ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടിയും കളിക്കാനിറങ്ങിയെങ്കിലും താരത്തിന് താളം കണ്ടെത്താനായില്ല.

2023ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു താരം. ഏറെ നാളത്തെ വിശ്രമത്തിനു ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്ക് ഇതുവരെ താരത്തിന് എത്താനായിട്ടില്ല. ഇതോടെ താരം വിരമിക്കുമെന്നു വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഷമി.

'ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതില്‍ എന്റെ അഭിപ്രായമാണ് ജനത്തിന് അറിയേണ്ടത്. സെലക്ഷന്‍ എന്റെ കൈയിലുള്ള കാര്യമല്ല എന്നാണ് പറയാനുള്ളത്; സെലക്ഷന്‍ കമ്മിറ്റിയുടെയും പരിശീലകന്റെയും ക്യാപ്റ്റന്റെയും ജോലിയാണത്. എന്നെ ടീമിലെടുക്കണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ഞാന്‍ ടീമിലുണ്ടാകും. കൂടുതല്‍ സമയം വേണമെന്ന് അവര്‍ക്ക് തോന്നിയാല്‍, സമയമെടുക്കും. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരിശീലനം തുടരും' -ഷമി പറഞ്ഞു.

ഫിറ്റ്‌നസ് മികച്ചതാണ്. കളത്തിനു പുറത്തായതുകൊണ്ടു തന്നെ കഠിന പരിശീലനത്തിലാണ്. ദുലീപ് ട്രോഫിയില്‍ കളിച്ചു, താളം കണ്ടെത്താനായി, 35 ഓവര്‍ പന്തെറിഞ്ഞു. തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഷമി കൂട്ടിച്ചേര്‍ത്തു. ടീമിലേക്ക് തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഷമി. എന്നാല്‍, ദീര്‍ഘനാളായി പുറത്തിരിക്കുന്ന ഷമിക്ക് ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ആകാശ് ചോപ്ര പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഷമിയുമുണ്ടായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2023ലാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളറാണ് ഷമി. ഏതാനും വര്‍ഷങ്ങളായി താരത്തെ തുടര്‍ച്ചയായി പരിക്കുകള്‍ വേട്ടയാടുന്നതാണ് അവസരങ്ങള്‍ കുറച്ചത്.