- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും തകർത്തു കളഞ്ഞു'; ചെറിയ പിഴവ് പോലും അവൻ മുതലാക്കി; വൈഭവ് സൂര്യവൻഷിയെ വാനോളം പുകഴ്ത്തി മുംബൈ പരിശീലകൻ

ഗുവാഹത്തി: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഐപിഎൽ മൈതാനത്ത് വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വൈഭവ് സൂര്യവൻഷി. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയെ പോലും കടന്നാക്രമിച്ച വൈഭവിന്റെ ബാറ്റിംഗ് കരുത്തിനെ പുകഴ്ത്തി മുംബൈ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി.
മഴ കളി മുടക്കിയതിനെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ, ക്രീസിലെത്തിയ നിമിഷം മുതൽ വൈഭവ് വെടിക്കെട്ട് തുടങ്ങിയിരുന്നു. വെറും 14 പന്തിൽ 39 റൺസാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിന്റെ വളർച്ചയിൽ ഏറെ ആകാംക്ഷയുണ്ടെന്നും ഭാവിയിൽ വലിയ താരംമാകാനുള്ള എല്ലാ ലക്ഷണങ്ങളും ഈ കൗമാരക്കാരനുണ്ടെന്നും ജയവർധനെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് പടുകൂറ്റൻ സിക്സറുകളാണ് വൈഭവ് പറത്തിയത്. "കഴിഞ്ഞ വർഷത്തെ പ്രകടനത്തിൽ നിന്ന് തന്നെ വൈഭവ് പ്രതിഭയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ബുംറയുടെ പന്തിന്റെ ലെങ്തിൽ വന്ന ചെറിയ പിഴവ് പോലും അവൻ മുതലാക്കി. ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും തകർത്തു കളഞ്ഞു," ജയവർധനെ സമ്മതിച്ചു.
യശ്വസി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും ചേർന്ന് രാജസ്ഥാന് നൽകിയത് സ്വപ്നതുല്യമായ തുടക്കമാണ്. വെറും 5 ഓവറിൽ 80 റൺസാണ് ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ അടിച്ചെടുത്തത്. ഇതിനിടെ ടീം സ്കോർ വെറും 2.4 ഓവറിൽ 50 കടന്നു. 14 പന്തിൽ നിന്ന് 39 റൺസ് നേടി സൂര്യവൻഷി വെടിക്കെട്ടിന് തുടക്കമിട്ടപ്പോൾ, മറുവശത്ത് 32 പന്തിൽ പുറത്താകാതെ 77 റൺസുമായി ജയ്സ്വാൾ തിളങ്ങി. ജയ്സ്വാൾ അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ചത് മത്സരഫലത്തിൽ നിർണ്ണായകമായെന്ന് മുംബൈ പരിശീലകൻ മഹേല ജയവർധനെ വിലയിരുത്തുകയും ചെയ്തു.
ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 40-ന് മുകളിൽ ശരാശരിയിൽ 122 റൺസ് വൈഭവ് നേടിയിട്ടുണ്ട്. നേരത്തെ വെറും 15 പന്തിൽ അർധസെഞ്ച്വറി നേടി താരം റെക്കോർഡ് ഇട്ടിരുന്നു. രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 27 റൺസിന്റെ വിജയവുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.


