- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റണ്‍മല ഉയര്‍ത്തി രോഹനും സല്‍മാന്‍ നിസാറും; പിന്നാലെ നാല് വിക്കറ്റ് പ്രകടനവുമായി നിധീഷ് എംഡി; മുംബൈയെ അട്ടിമറിച്ച് സഞ്ജുവും സംഘവും; കേരളത്തിന് 43 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
മുഷ്താഖ് അലി ട്വന്റി 20: മുംബൈയെ അട്ടിമറിച്ച് കേരളം
ഹൈദരാബാദ്: മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് മുംബൈയെ കേരളം കീഴടക്കിയത്. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഗ്രൂപ്പ് എഫില്‍ നാലില്‍ മൂന്ന് ജയങ്ങളുമായി കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മുംബൈ മൂന്നാമതാണ്. ആന്ധ്രയാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
35 പന്തില്‍ 68 റണ്‍സെടുത്ത മുംബൈ വെറ്ററന്‍ അജിങ്ക്യ രഹാനെയുടെ പോരാട്ടം പാഴായി. നാല് വിക്കറ്റുകള്‍ പിഴുത എംഡി നിധീഷിന്റെ മികച്ച ബൗളിങാണ് കേരളത്തിന്റെ ജയം സാധ്യമാക്കിയത്. വിനോദ് കുമാര്‍, അബ്ദുല്‍ ബാസിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബാസില്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
കേരളത്തിനായി പേസര്‍ നിധിഷ് എം ഡി 30 റണ്‍സിന് നാല് വിക്കറ്റ് നേടി. ബാറ്റിംഗില്‍ പുറത്താവാതെ 99* റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് മത്സരത്തിലെ താരം. രോഹന്‍ കുന്നുമ്മല്‍ 48 പന്തില്‍ 87 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍: കേരളം: 234/5 (20), മുംബൈ: 191/9 (20).
മുംബൈ നിരയില്‍ അജിന്‍ക്യ രഹാനെയാണ് ടോപ് സ്‌കോറര്‍. താരം നാല് സിക്സും അഞ്ച് ഫോറും സഹിതം 68 റണ്‍സ് വാരി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിളങ്ങി. 18 പന്തില്‍ രണ്ട് സിക്സും ഫോറും സഹിതം ശ്രേയസ് 32 റണ്‍സെടുത്തു. 13 പന്തില്‍ 23 റണ്‍സടിച്ച ഹര്‍ദിക് തമോറാണ് പിടിച്ചു നിന്ന മറ്റൊരാള്‍. ഓപ്പണര്‍ പൃഥ്വി ഷായും 13 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 23 റണ്‍സെടുത്തു.
കേരളം വച്ചുനീട്ടിയ 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മിന്നല്‍ തുടക്കമാണ് മുംബൈ നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ തുടക്കത്തിലെ കേരള ബൗളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷായെ (13 പന്തില്‍ 23) മടക്കി നിധിഷ് എംഡി ബ്രേക്ക്ത്രൂ നേടി.
ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യര്‍ വന്നപാടെ അടി തുടങ്ങിയെങ്കിലും ഇതിനിടെ ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ആന്‍ങ്ക്രിഷ് രഘുവന്‍ഷിയെ (15 പന്തില്‍ 16) പറഞ്ഞയച്ച് നിധീഷ് അടുത്ത പ്രഹരമേല്‍പിച്ചു. 10-ാം ഓവറില്‍ മുംബൈ 100 തികച്ചതും ശ്രേയസിനെ (18 പന്തില്‍ 32) പുറത്താക്കി അബ്ദുള്‍ ബാസിത് പി എ കേരളത്തിന് പ്രതീക്ഷ നല്‍കി. തന്റെ അടുത്ത ഓവറില്‍ ഷാംസ് മലാനിയെയും (4 പന്തില്‍ 5) ബാസിത് മടക്കി.
എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച മുംബൈ വെറ്ററന്‍ അജിങ്ക്യ രഹാനെ കേരളത്തിന് ഭീഷണിയായി. ബേസില്‍ എന്‍ പി 15-ാം ഓവറില്‍ സുര്യാന്‍ഷ് ഷെഹ്ഡെയെ (8 പന്തില്‍ 9)പറഞ്ഞച്ചതോടെ വീണ്ടും കേരളം ട്രാക്കിലായി. 18-ാം ഓവറില്‍ രഹാനെയുടെ (35 പന്തില്‍ 68) ഭീഷണി വിനോദ് കുമാര്‍ സി വി അവസാനിപ്പിച്ചു.
നിധീഷിന്റെ തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ സിക്സിന് ശ്രമിച്ച ഷര്‍ദ്ദുല്‍ താക്കൂറിനെ (4 പന്തില്‍ 3) ബാസിത് പറക്കും ക്യാച്ചില്‍ മടക്കി. ഹര്‍ദിക് താമോറിന്റെ (13 പന്തില്‍ 23) വീറും അവസാനിപ്പിച്ച് നിധിഷ് എം ഡി നാല് വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ മോഹിത് ആവസ്ത്തിയെ (2 പന്തില്‍ 1) പുറത്താക്കി വിനോദ് കുമാര്‍ സി വി കേരള ജയം ആവേശമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം സല്‍മാന്‍ നിസാര്‍ (49 പന്തില്‍ 99*), രോഹന്‍ എസ് കുന്നുമ്മല്‍ (48 പന്തില്‍ 87) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 234 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. സല്‍മാന്‍ 5 ഫോറും 8 സിക്സറും രോഹന്‍ 5 ഫോറും 7 സിക്സും പറത്തി.
രോഹന്‍- സല്‍മാന്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (4 പന്തില്‍ 4) തിളങ്ങിയില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ (8 പന്തില്‍ 13), സച്ചിന്‍ ബേബി (4 പന്തില്‍ 7- റിട്ടയ്ഡ് ഹര്‍ട്ട്), വിഷ്ണു വിനോദ് (2 പന്തില്‍ 6), അബ്ദുള്‍ ബാസിത് പി എ (1 പന്തില്‍ 0), അജ്‌നാസ് എം (5 പന്തില്‍ 7) എന്നിങ്ങനെയായിരുന്നു മറ്റ് കേരള ബാറ്റര്‍മാരുടെ സ്‌കോര്‍.