ന്യൂയോർക്ക്: നിർമ്മിച്ചിട്ട് അഞ്ചുമാസക്കാലത്തോളം മാത്രം..ബാറ്റ്സമാന്മാർ അശ്വമേധം കാട്ടുന്ന ടി20 ക്രിക്കറ്റിന്റെ സകല സമവാക്യങ്ങളെയും തകർത്ത് ബൗളർമാർക്ക് പൂർണ്ണപിന്തുണ നൽകി 150 റൺസ് പോലും പിറക്കാൻ അനുവദിക്കാത്ത വേദി.പറഞ്ഞുവരുന്നത് ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ എൽക്ലാസിക്കോയ്ക്ക് വരെ വേദിയായ ന്യൂയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ചാണ്.നിർമ്മാണത്തിലെ വൈദഗ്ദ്യം കൊണ്ട് അദ്യത്തെ സമ്പൂർണ്ണമോഡുലാർ സ്റ്റേഡിയം എന്ന ഖ്യാതിയോടെ പിറവിയെടുത്ത് ബാറ്റ്സ്മാന്മാരുടെ ശവക്കുഴിയെന്ന് പഴി കേട്ട് ഒടുവിൽ ഇതാ പൊളിച്ചുമാറ്റപ്പെടാനും പോകുന്നു.

ഇന്ത്യ യുഎസ് മത്സരം കഴിഞ്ഞപാടെ വൈറലായ ഒരു വീഡിയോ ആണ് സ്റ്റേഡിയത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.സ്റ്റേഡിയത്തിന് പുറത്ത് നിരനിരയായി നിൽക്കുന്ന ബുൾഡോസറുകളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.സംഭവം മറ്റൊന്നുമല്ല എതാനും ദിവസങ്ങൾക്കുള്ളിൽ സ്റ്റേഡിയം പൊളിച്ചുമാറ്റാനാണ് അധികൃതരുടെ തീരുമാനം.തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണവും അധികൃതർ വ്യക്തമാക്കു്ന്നുണ്ട്.ധൃതിപിടിച്ചുള്ള അധികൃതരുടെ ഇ നീക്കത്തെക്കുറിച്ച് അറിയും മുൻപേ ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ മോഡുലാർ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് അറിയണം..അ പിറവിക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ചറിയണം..

106 ദിവസം കൊണ്ട് പിറന്ന സമ്പൂർണ്ണ മോഡുലാർ സ്റ്റേഡിയം

ബാസ്‌കറ്റ് ബോൾ, ബേസ്ബോൾ, റഗ്‌ബി തുടങ്ങിയ ഇനങ്ങൾക്ക് പേരുകേട്ട അമേരിക്കയിൽ സമീപകാലത്താണ് ക്രിക്കറ്റ് പ്രചുരപ്രചാരം നേടുന്നു.പുതുതലമുറ ക്രിക്കറ്റിലേക്ക് വരുന്നതും ഇ രാജ്യത്തിന് ക്രിക്കറ്റിനോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തയിട്ടുണ്ട്.പക്ഷെ അടിസ്ഥാന സൗകര്യക്കുറവ് വലിയ പ്രശ്നം തന്നെയാണ്.അതിനാൽ തന്നെ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കേണ്ടി വന്നാൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അഭാവത്തിൽ പലപ്പോഴും ബേസ്ബോൾ, റഗ്‌ബി മൈതാനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.

ക്രിക്കറ്റിനെ ആഗോളവത്കരിക്കാനുള്ള ഐസിസിയുടെ നീക്കത്തിന്റെ ഭാഗമായാണ് 2024 ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയരിൽ ഒരാളായി അമേരിക്കയെ തെരഞ്ഞെടുക്കുന്നത്.എന്നാൽ അന്താരാഷ്ട്ര നിലവാരത്തിനൊത്ത ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അഭാവത്തെ മറികടക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു അമേരിക്കയ്ക്ക്.2023 ഓഗസ്റ്റിലാണ് ലോകകപ്പിന്റെ വേദി വികസന ചുമതലയുള്ള ഡോൺ ലോക്കർബിയെത്തേടി ഐസിസിയുടെ സന്ദേശമെത്തുന്നത്. ന്യൂയോർക്കിൽ ലോകകപ്പ് മത്സരങ്ങൾക്ക് അനുയോജ്യമായ സ്റ്റേഡിയം കണ്ടെത്തുക എന്നതായിരുന്നു ടാസ്‌ക്.

ഡോൺ ഇതിനോടകം തന്നെ സ്റ്റേഡിയങ്ങൾ തിട്ടപ്പെടുത്തിയിരുന്നു.പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, വാൻ കോർട്ട്ലാൻഡ് പാർക്കായിരുന്നു ഡോണിന്റെ മനസിലുണ്ടായിരുന്ന മൈതാനം. 12 ക്രിക്കറ്റ് പിച്ചുകൾ ഇതിനോടകം തന്നെ കോർട്ട്ലാൻഡ് പാർക്കിലുണ്ടായിരുന്നു.ന്യൂയോർക്ക് മേയർക്കും താൽപ്പര്യം ഇതുതന്നെ. പക്ഷേ, വലിയ സ്റ്റേഡിയം വേണമെന്ന നിർബന്ധമാണ് വെല്ലുവിളിയായത്.ഇവിടെ നിന്നാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോർക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉയർന്ന കഥ തുടങ്ങുന്നത്.

ക്രിക്കറ്റ് ലോകകപ്പിനുള്ള വേദി അന്വേഷണം ആരംഭിച്ച സമയത്തുതന്നെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിലൊന്നായ വുഡ്ലി പാർക്ക് ഡോൺ സന്ദർശിച്ചിരുന്നു.പാർക്ക് അധികൃതർ പാരിസ്ഥിതിക ആഘാത പഠനം ആവശ്യപ്പെട്ടതും അതിന് രണ്ട് വർഷത്തോളം കാലതാമസമുള്ളതുമെല്ലാം വുഡ്‌ലി പാർക്ക് കൈവിടാനുള്ള കാരണങ്ങളായി.ഈ സമയത്താണ് ഡോണിനെ തേടി ലാൻഡ് ടെക് ഗ്രൂപ്പിന്റെ ജോൺ സീലിൻസ്‌കിയെത്തുന്നത്.മൈതാനങ്ങൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനമാണ് ലാൻഡ് ടെക്. ലോങ് ഐലൻഡ് സ്വദേശിയായ ജോണാണ് നാസൗ കൗണ്ടിയിലെ ഐസൻഹോവർ പാർക്കിൽ അനുയോജ്യമായ സ്ഥാനമുണ്ടെന്ന് ഡോണിനെ അറിയിക്കുന്നത്.

മൂന്ന് ഗോൾഫ് കോഴ്‌സ്, എണ്ണിയാലൊടുങ്ങാത്ത ഫുട്ബോൾ, ബേസ്ബോൾ, ബാസ്‌ക്കറ്റ് ബോൾ, ടെന്നിസ് കോർട്ടുകൾ, ഒളിമ്പിക്സിന് അനുയോജ്യമായ ഇൻഡോർ സ്വിമ്മിങ് പൂൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ട 900 ഏക്കർ വരുന്ന ഭൂമിയാണ് ഐസൻഹോവർ പാർക്ക്.
ഐസിസി ഔദ്യോഗികമായി ഓഗസ്റ്റിൽ തന്നെ കൗണ്ടിയുമായി ബന്ധപ്പെടുകയും കൗണ്ടി എക്സിക്യൂട്ടീവായ ബ്രൂസ് ബേക്ക്മാൻ സമ്മതം നൽകുകയും ചെയ്തു.എട്ട് മത്സരങ്ങൾക്കായാണ് വേദി തിരഞ്ഞെടുത്തത്.പിന്നീടായിരുന്നു വിസ്മയിപ്പിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കവും.

42 ഏക്കറോളം വരുന്ന ഭാഗമാണ് ഐസിസി സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്തത്.എന്നാൽ ആവശ്യമായ ഡ്രെയിനേജ് സംവിധാനങ്ങളൊന്നും സ്റ്റേഡിയത്തിനായി തിരഞ്ഞെടുത്ത ഭാഗത്തുണ്ടായിരുന്നില്ല.ഇതിനെ ഒക്കെയും അതിസമർത്ഥമായി തരണം ചെയ്തായിരുന്നു പിന്നീടത്തെ നിർമ്മാണം.കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു നിർമ്മാണം ആരംഭിച്ചത്.കാണികൾക്കിരിക്കാനായി ഇരുനിരയായി തിരിച്ചിട്ടുള്ള ആറു സ്റ്റാൻഡുകൾ വലതുവശത്തും ഒറ്റനിരയിലുള്ള ആറു സ്റ്റാൻഡുകൾ ഇടതുവശത്തുമുണ്ട്. സ്റ്റീലും അലുമിനിയവും ഉപയോഗിച്ചായിരുന്നു സ്റ്റാൻഡുകളുടെ നിർമ്മാണം, സാധാരണ സ്റ്റേഡിയങ്ങൾപ്പോലെ കോൺക്രീറ്റായിരുന്നില്ല.പൂർണമായും മോഡുലാർ വിഭാഗത്തിൽ വരുന്ന ആദ്യത്തെ സ്റ്റേഡിയമാകുകയായിരുന്നു നാസൗ കൗണ്ടി.

ബാറ്റ്സ്മാനെ നക്ഷത്രമെണ്ണിച്ച പിച്ച് ഒരുങ്ങിയത് ഇങ്ങനെ

പിച്ച് ഒരുക്കലായിരുന്നു നേരിട്ട മറ്റൊരു വെല്ലുവിളി.സമയക്കുറവ് ഈ വെല്ലുവിളിയുടെ ആക്കം കൂട്ടി.അങ്ങിനെ മറ്റൊരിടത്ത് നിർമ്മിച്ച പിച്ച് മൈതാനത്ത് സ്ഥാപിക്കുന്ന സംവിധാനമായ ഡ്രോപ്ഡ് ഇൻ പിച്ചെന്ന ആശയത്തിലേക്ക് അധികൃതർ എത്തിച്ചേർന്നു.ഇതിനായി അഡലെയ്ഡ് ഓവൽ ടർഫ് സൊലൂഷൻസിനെയായിരുന്നു ഐസിസി സമീപിച്ചത്. അഡലെയ്ഡിലെ പിച്ച് ക്യൂറേറ്റർ കൂടിയായ ഡാമിയൻ ഹോഫിനായിരുന്നു ചുമതല. കമ്പനിയുടെ ഗ്രൗണ്ട്‌സ് ടീമിന്റെ തലവനും ഡാമിയൻ തന്നെയായിരുന്നു. കൗണ്ടിയിലെ മണ്ണിന് അനുയോജ്യമായ പിച്ച് തയാറാക്കുന്നതിന് പ്രദേശിക സഹായം ലഭിക്കണമെന്ന് ഡാമിയൻ ആവശ്യപ്പെടുകയും ഡോൺ ലാൻഡ് ടെക്കിലെ ജോണിനെ പദ്ധതിയിലേക്ക് ചേർക്കുകയും ചെയ്തു.

സെപ്റ്റംബർ അവസാനമാണ് ഡാമിയന്റെ ടീമിന് ആറ് ട്രേകൾ അഥവ പിച്ച് ഉൾപ്പെട്ട സ്റ്റീലുകൊണ്ടുള്ള ഫ്രെയിം അഡലെയ്ഡിൽ നിർമ്മിക്കാനുള്ള അനുമതി ഐസിസി നൽകുന്നത്.പിന്നീടിത് ജോർജിയയിലേക്ക് എത്തിച്ചു.ഡിസംബറോടെ റോഡ് മാർഗം ജോർജിയയിൽ നിന്ന് ലാൻഡ്‌ടെക്കിന്റെ ഫ്ലോറിഡയിലെ പ്ലാന്റിലെത്തിച്ചു.ഏപ്രിലോടെയാണ് പിച്ചടങ്ങിയ ട്രേകൾ ഫ്ലോറിഡയിൽ നിന്ന് ന്യൂയോർക്കിലെത്തിച്ചത്. രണ്ട് ദിവസമാണ് ട്രേകൾ എത്തിക്കാൻ വേണ്ടിവന്നത്. 22 ട്രക്കുകളിലായി 1,200 മൈലാണ് ഇതിനായി താണ്ടിയത്.

പത്ത് പിച്ചുകളാണ് മൊത്തത്തിൽ പ്ലാന്റിലെത്തിച്ച് തയാറാക്കിയത്.നാലെണ്ണം മൈതാനത്തും, ആറെണ്ണം പരിശീലനത്തിനുള്ള ടർഫിലേക്കും.ബ്ലാക്ക് സ്റ്റിക്ക് എന്നറിയപ്പെടുന്ന മണ്ണാണ് പിച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ മണ്ണിൽ 60 ശതമാനത്തിലധികം കളിമണ്ണാണ് ഉൾപ്പെട്ടിരിക്കുന്നത്.ഇ പിച്ചാണ് കളിച്ച ഒരു മത്സരത്തിൽ പോലും ടീമിനെ 150 പോലും തികയ്ക്കാൻ വിടാതിരുന്നത്.ഓരോ മത്സരത്തിലും അപ്രവചനീയ സ്വഭാവം കാണിക്കുന്നതാണ് ഡ്രോപ് ഇൻ പിച്ചിന്റെ രീതി.പന്തുകളുടെ ഗതി നിർണയിക്കുക പോലും പ്രയാസമാണ്. ഒരേ ലെങ്തിൽ വരുന്ന പന്തുകൾ പോലും പല രീതിയിലാവും ഉയർന്നു പൊങ്ങുക. അപ്രതീക്ഷിത ബൗൺസറുകളും ടേണിങ്ങും ബാറ്റർമാരുടെ കണക്കുകൂട്ടലുകളെ അപ്പാടെ തകർക്കും.ഇവിടെ കണ്ടതും അതേ കാഴ്‌ച്ച.പിച്ചിൽ കളിക്കുന്നത് എളുപ്പമല്ലെന്ന് ഐ.സി.സി പാനൽ കൂടി കണ്ടെത്തിയതോടെ സംഘാടകർക്കുനേരെ വ്യാപക വിമർശനമുയർന്നു.

ടി20 യുടെ സമവാക്യങ്ങളെ തകർത്ത കണക്കുകൾ ഇങ്ങനെ

സൂപ്പർ എട്ടിൽ പ്രവേശിക്കാനായെങ്കിലും നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നായിരുന്നു അമേരിക്കെതിരെയുള്ള മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പ്രതികരിച്ചത്.ഇവിടുത്തെ മത്സരങ്ങൾ കഴിഞ്ഞെന്നത് ബാറ്റർമാർക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം വിശദീകരിച്ചു.ഇ പ്രതികരണത്തെ അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു മത്സരങ്ങളിലെ കണക്കുകൾ.പേസ് ബോളർമാരെ അകമഴിഞ്ഞു പിന്തുണച്ചതും ബൗണ്ടറി ലൈനിലേക്ക് സാധാരണ ട്വന്റി20 മത്സരങ്ങളിലേതിനേക്കാൾ ദൂരം കൂടിയതും ബാറ്റർമാർക്ക് വെല്ലുവിളിയായി.

ചെറു ടീമുകളുടെ ബോളർമാർ പോലും മികച്ച പ്രകടനം പുറത്തെടുത്തതോടെ വമ്പൻ സ്‌കോർ നേടാമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയവർക്കെല്ലാം അടിതെറ്റി.റൺമഴ പെയ്യുമെന്ന് ആരാധകർ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബോളർമാർ നിറഞ്ഞാടുന്ന കാഴ്‌ച്ചയാണ് ഉണ്ടായത്.അയർലൻഡിനെതിരെ കാനഡ നേടിയ 137 റൺസാണ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ. പാക്കിസ്ഥാനെതിരെ നേടിയ 119 ആണ് ഇന്ത്യയുടെ ഉയർന്ന സ്‌കോർ. പരാജയപ്പെടുമെന്ന് തോന്നിയ മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ജയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 77ന് പുറത്തായതാണ് ചെറിയ ടീം സ്‌കോർ. കഴിഞ്ഞ മത്സരത്തിൽ യു.എസ്.എക്കെതിരെ 111 റൺസ് പിന്തുടർന്ന് ജയിച്ചതും ഇവിടെ റെക്കോർഡാണ്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ നെതർലൻഡ്സിനെതിരെ പുറത്താകാതെ നേടിയ 59 റൺസാണ് സ്റ്റേഡിയത്തിലെ ഉയർന്ന വ്യക്തിഗത സ്‌കോർ. ഇന്ത്യൻ നായകൻ രോഹിത് ഉൾപ്പെടെ മറ്റ് നാലു പേർ കൂടി ഇവിടെ അർധ സെഞ്ച്വറി നേടിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ അഞ്ച് സിക്സറുകൾ നേടിയ മില്ലർ തന്നെയാണ് ഈ പട്ടികയിലും മുന്നിൽ. എട്ട് വിക്കറ്റുമായി ആന്റിച് നോർജെ സ്റ്റേഡിയത്തിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമനായി. ഇന്ത്യയുടെ അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഏഴ് വീതം വിക്കറ്റുകൾ നേടിയിട്ടുണ്ട്.കളിച്ച മൂന്ന് മത്സരങ്ങളിൽ 327 റൺസുമായി ഇന്ത്യയാണ് ന്യൂയോർക്കിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയത്. 299 റൺസുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്.

ബുൾഡോസറുകൾ നിരന്നു.. സ്റ്റേഡിയം ഇനി ഓർമ്മ

കേവലം 8 കളികൾക്ക് മാത്രമായി ഒരു സ്റ്റേഡിയം നിർമ്മിക്കുക.ചിലപ്പോൾ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാകും ഇത്. കളിക്കാർക്ക് പരിശീലന വേളയിലും പരിക്കേറ്റതോടെ ചില ക്രിക്കറ്റ് ബോർഡുകൾ അനൗദ്യോഗികമായി ഐ.സി.സിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് സ്റ്റേഡിയം പൊളിക്കാമെന്ന തീരുമാനത്തിൽ അധികൃതർ ഉറച്ച് നിന്നത്.പക്ഷെ ഇതിന് അധികൃതർ ചൂണ്ടിക്കാട്ടുന്നത് മറ്റ് ചില കാരണങ്ങളാണ്.

പഴയത് പോലെ പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊളിച്ചുനീക്കുന്നത്. ഇതോടെ പ്രാദേശിക ക്രിക്കറ്റ് ക്ലബുകൾക്ക് പഴയത് പോലെ പ്രദേശത്ത് കളിക്കാൻ സാധിക്കും.ഇത് മേഖലയിൽ കായികരംഗത്തെ ജനപ്രീതി വർധിപ്പിക്കാനും പ്രതിഭകൾ വളർത്തിയെടുക്കാനും വേദിയൊരുക്കുമെന്നാണ് വിലയിരുത്തൽ.ആദ്യമേ ഇത്തരത്തിൽ ആലോചനകൾ ഉണ്ടായിരുന്നെങ്കിലും പിച്ചിന്റെ സ്വഭാവത്തിൽ പരാതികൂടി എത്തിയതോടെ സ്റ്റേഡിയം ഇനി ഓർമ്മയിലേക്ക് മറയും.കഴിഞ്ഞ ദിവസത്തെ ഇന്ത്യ - യുഎസ് മത്സരമാണ് അവസാനമായി ഇവിടെ കളിച്ചത്.

സ്റ്റേഡിയം പൊളിച്ചുനീക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.യഥാർത്ഥത്തിൽ ഇന്ത്യ - യുഎസ് മത്സരത്തിന് ശേഷം തന്നെ പൊളിച്ചുമാറ്റൽ ആരംഭിച്ചിരുന്നു.ഇടിച്ചുനിരത്താൻ ബുൾഡോസറുകൾ സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിട്ടുള്ള ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആറ് ആഴ്‌ച്ചയ്ക്കുള്ളിൽ പ്രദേശം പഴ സ്ഥിതിയിലേക്ക് മാറും.