- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ആദ്യ ജയം; ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി നേപ്പാൾ; വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത് 19 റൺസിന്; ജയം ജെന്‍ സി പ്രക്ഷോഭത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച് നായകന്
ഷാർജ: ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി നേപ്പാൾ. മുൻ ടി20 ലോക ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ 19 റൺസിനാണ് നേപ്പാൾ പരാജയപ്പെടുത്തിയത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ അട്ടിമറി ജയം. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ നേപ്പാളിന്റെ ആദ്യ വിജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ നായകൻ രോഹിത് പൗടേലിന്റെ (38)യും കുശാൽ മല്ലയുടെയും (30)യും കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ഗുൽസാൻ ഷാ (22), ദിപേന്ദ്ര സിംഗ് (17) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ നേപ്പാൾ 148 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലെത്തി. വെസ്റ്റിൻഡീസിനായി ജേസൺ ഹോൾഡർ നാല് ഓവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി.
149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസ് തകർച്ചയോടെയാണ് തുടങ്ങിയത്. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 8.5 ഓവറിൽ 53 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നു. കെയ്ലി മായേഴ്സ് (5), അമിർ ജാംഗൂ (19), അക്കീം അഗസ്റ്റെ (15), ജെവൽ ആൻഡ്രൂ (5) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി. നേപ്പാളി ബൗളർമാർക്ക് മുന്നിൽ വെസ്റ്റിൻഡീസ് താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല.
കീസി കാർത്തി (16), നവീൻ ബിദൈസി (22), ഫാബിയൻ അലൻ (19), അകീൽ ഹൊസൈൻ (18) എന്നിവരുടെ ചെറുത്തുനിൽപ്പുകൾക്കൊണ്ടൊന്നും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനേ വിൻഡീസിന് കഴിഞ്ഞുള്ളൂ. ഈ വിജയം നേപ്പാളിലെ ജനങ്ങൾക്ക് സന്തോഷം നൽകുമെന്നും, അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നുവെന്നും നേപ്പാൾ നായകൻ രോഹിത് പൗടേല മത്സരശേഷം പ്രതികരിച്ചു.