മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം.എസ്. ധോണിക്കും കപില്‍ ദേവിനുമെതിരെ പിതാവ് യോഗ്രാജ് സിംഗ് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമ ചോദിച്ച് മുന്‍ താരം യുവരാജ് സിംഗ്. 'സ്പോര്‍ട്സ് ടോക്' പോഡ്കാസ്റ്റിലാണ് തന്റെ പിതാവിന്റെ വര്‍ഷങ്ങളായുള്ള ആരോപണങ്ങള്‍ക്കും വിദ്വേഷ പരാമര്‍ശങ്ങള്‍ക്കും യുവരാജ് ഖേദം പ്രകടിപ്പിച്ചത്.

വീഡിയോയില്‍ കപില്‍ ദേവിനോടും ധോണിയോടും തനിക്ക് ക്ഷമ ചോദിക്കാനുണ്ടെന്ന് യുവരാജ് തുറന്നുപറഞ്ഞു. പിതാവിന്റെ ഇത്തരം പ്രസ്താവനകള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്നും, 'അച്ഛാ, ഇത് ശരിയല്ല' എന്ന് താന്‍ നേരിട്ട് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും യുവരാജ് വെളിപ്പെടുത്തി. കുടുംബപരമായ ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോഴും പിതാവിന്റെ നിലപാടുകളെ താന്‍ അനുകൂലിക്കുന്നില്ലെന്ന കൃത്യമായ സൂചനയാണ് യുവരാജ് നല്‍കിയത്.

യുവരാജ് സിംഗിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ധോണിയാണെന്ന് യോഗ്രാജ് സിംഗ് പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ ഈ വാദം തള്ളിക്കളഞ്ഞു. യുവരാജിനെ മാറ്റിയത് സെലക്ടര്‍മാരുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും അതില്‍ ധോണിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതുപോലെ, 1980-കളില്‍ തന്നെ ടീമില്‍ നിന്ന് പുറത്താക്കിയത് കപില്‍ ദേവാണെന്നായിരുന്നു യോഗ്രാജിന്റെ മറ്റൊരു ആരോപണം. കപില്‍ ദേവിനെ തോക്കുമായി പോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് വരെ അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ 'ആരാണ് ഈ യോഗ്രാജ് സിംഗ്' എന്ന മറുചോദ്യത്തിലൂടെ കപില്‍ ദേവ് ഇത്തരം വിവാദങ്ങളെ പുച്ഛിച്ചു തള്ളുകയായിരുന്നു.

പിതാവ് ധോണിയെ നിരന്തരം വേട്ടയാടുമ്പോഴും യുവരാജ് ധോണിയുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. 2017-ല്‍ തന്റെ കരിയറിനെക്കുറിച്ച് ധോണി കൃത്യമായ വ്യക്തത നല്‍കിയിരുന്നുവെന്നും, ടീം മാനേജ്മെന്റിന്റെ ഭാവി പദ്ധതികളില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്ന് ധോണി തുറന്നുപറഞ്ഞത് 2019-ല്‍ വിരമിക്കല്‍ തീരുമാനം എളുപ്പമാക്കാന്‍ സഹായിച്ചുവെന്നും മുന്‍പ് യുവരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന പോഡ്കാസ്റ്റില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെക്കുറിച്ചും യുവരാജ് മനസ്സ് തുറക്കുന്നുണ്ട്. പിതാവിന്റെ പ്രസ്താവനകള്‍ സൃഷ്ടിച്ച കറ കഴുകിക്കളയാനുള്ള യുവരാജിന്റെ നീക്കത്തെ ക്രിക്കറ്റ് ലോകം വലിയ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്.