കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ടീമിലേക്ക് തിരിച്ചെത്തിയ മുൻനിര പേസർ മാറ്റ് ഹെൻറി പ്ലെയിങ് ഇലവനിൽ ഉണ്ടെന്ന് സാന്റ്‌നർ സ്ഥിരീകരിച്ചു. കൊളംബോയിലെ ഖെട്ടാരാമയിൽ ഇംഗ്ലണ്ടിനെതിരായ സൂപ്പർ എട്ടിലെ മത്സരത്തിന് ശേഷം, രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഹെൻറി ന്യൂസിലൻഡിലേക്ക് മടങ്ങിയിരുന്നു.

സെമി ഫൈനലിന് മുന്നോടിയായി ഹെൻറിയുടെ ലഭ്യതയെക്കുറിച്ച് കോച്ച് റോബ് വാൾട്ടർക്ക് ഉറപ്പില്ലായിരുന്നുവെങ്കിലും, താരത്തിന്റെ തിരിച്ചുവരവ് ന്യൂസിലൻഡിന് കരുത്താകും. കഴിഞ്ഞ മത്സരത്തിൽ വിക്കറ്റൊന്നും നേടാനാകാതെ പോയ ലെഗ് സ്പിന്നർ ഇഷ് സോധിയ്ക്ക് പകരം പേസ് ബോളിംഗ് ഓൾറൗണ്ടർ ജിമ്മി നീഷം ടീമിൽ തിരിച്ചെത്തി. ഓഫ് സ്പിൻ ഓൾറൗണ്ടർ കോൾ മക്കോഞ്ചി ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ഫാസ്റ്റ് ബൗളർ ജേക്കബ് ഡഫി പുറത്തായി.

സിംബാബ്‌വെക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്ന മാർക്കോ ജാൻസൻ, കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവരെ ദക്ഷിണാഫ്രിക്ക ടീമിലേക്ക് തിരിച്ചുവിളിച്ചു. ക്വേന മഫാക്ക, ആൻറിച്ച് നോർക്കിയ, ജോർജ്ജ് ലിൻഡെ എന്നിവരാണ് ഇവർക്കായി വഴിമാറിയത്. മഞ്ഞു വീഴ്ചയെക്കുറിച്ച് ബോധവാനാണെന്നും പരിശീലന സമയത്ത് പിച്ചിൽ ഈർപ്പമുണ്ടായിരുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം പറഞ്ഞു.

ടീം വിവരങ്ങൾ:

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റയാൻ റിക്കൽട്ടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.

ന്യൂസിലൻഡ്: ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ (ക്യാപ്റ്റൻ), കോൾ മക്കോഞ്ചി, ജിമ്മി നീഷം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.