ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് തോര്‍പ്പിന്റെ വിയോഗം ഔദ്യോഗികമായി പങ്കുവെച്ചത്. ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന തോര്‍പ്പിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 1993ല്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്.

തോര്‍പ്പ് ഇടംകൈയ്യന്‍ ബാറ്ററും വലംകൈയ്യന്‍ ബൗളറുമായിരുന്നു. 189 ഫസ്റ്റക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2005-ലാണ് വിരമിക്കുന്നത്. സറേ ക്ലബിനും രാജ്യത്തിനും വേണ്ടി അദ്ദേഹം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. 1993ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ തോര്‍പ്പ് പുറത്താകാതെ 114 റണ്‍സ് നേടി. 2002ല്‍ ന്യൂസീലന്‍ഡിനെതിരെ പുറത്താകാതെ 200 റണ്‍സ് നേടിയതാണ് മികച്ച ടെസ്റ്റ് പ്രകടനം.

2005-ല്‍ വിരമിച്ച അദ്ദേഹം ഓസ്‌ട്രേലിയയില്‍ കോച്ചിംഗ് ആരംഭിച്ച് ന്യൂ സൗത്ത് വെയില്‍സിനൊപ്പം പ്രവര്‍ത്തിച്ചു. 2013 ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായി. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ട്വന്റി 20 പരമ്പരയില്‍ തോര്‍പ്പിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. ടീമിനെ 2-1 വിജയത്തിലേക്ക് നയിച്ചു. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്താന്റെ മുഖ്യ പരിശീലകനായി തോര്‍പ്പിനെ നിയമിച്ചുവെങ്കിലും ടീമില്‍ ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സ്ഥാനം ഏറ്റെടുക്കാനായിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരെ ആഷസ് പരമ്പരയിലൂടെ ടെസ്റ്റില്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയ തോര്‍പ്പ് രണ്ടാം ഇന്നിംഗ്‌സിസ് സെഞ്ചുറി(114) നേടിയാണ് വരവറിയിച്ചത്. പിന്നീട് ഓപ്പണറായി തിളങ്ങിയ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സടിച്ചു. 2001ലലും 2002ലും ശ്രീലങ്കയിലും പാകിസ്ഥാനിലും ടെസ്റ്റ് പരമ്പര നേടുന്നതില്‍ സെഞ്ചുറികളുമായി നിര്‍ണായക പങ്കുവഹിച്ചതാണ് തോര്‍പ്പിന്റെ കരിയറിലെ വലിയ നേട്ടം.

ഏകദിനത്തില്‍ 77 ഇന്നിംഗ്‌സില്‍ 2380 റണ്‍സ് നേടിയിട്ടുള്ള തോര്‍പ്പ് 21 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. 1996ലെയും 1999ലെയും ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 വര്‍ഷക്കാലം സറേയുടെ വിശ്വസ്ത ബാറ്ററായിരുന്നു തോര്‍പ്പ്. സറേക്കായി 271 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 20000ത്തോളം റണ്‍സും നേടി.

വിരമിച്ചശേഷം 2010ല്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കോച്ചായും അസിസ്റ്റന്റ് കോച്ചായും തോര്‍പ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് 4-0ന്റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംഗ് കോച്ച് സ്ഥാനത്തു നിന്ന് പടിയറങ്ങിയത്. പിന്നീട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായെങ്കിലും ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെയില്‍ തോര്‍പ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ തോര്‍പ്പിന്റെ പേരുള്ള ജേഴ്‌സിയും തൊപ്പിയും ധരിച്ച് കളിക്കാനിറങ്ങിയിരുന്നു. തോര്‍പ്പിന്റെ നിര്യാണത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും സറേ ക്ലബ്ബും അഗാധ ദു:ഖം രേഖപ്പെടുത്തി.