- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രണ്ട് മത്സരങ്ങൾ തോറ്റതുകൊണ്ട് ഞങ്ങൾ മോശം ടീമാകുന്നില്ല; പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചു; ആരാധകർ നിരാശരാവരുത്'; വിമർശനങ്ങൾക്ക് മറുപടിയുമായി പരിശീലകൻ രാഹുൽ ദ്രാവിഡ്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായതോടെ കടുത്ത വിമർശനങ്ങളാണ് ഇന്ത്യൻ ടീമിനെതിരെ ഉയർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ചേർന്ന് നടത്തിയ പരീക്ഷണങ്ങളാണ് തോൽവിക്ക് കാരണമെന്നാണ് ആക്ഷേപം. ട്വന്റി 20 ലോകകപ്പ് അടുത്തിട്ടും ശരിയായ പ്ലയിങ് ഇലവനെ പോലും ഇറക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ ആരോപിക്കുന്നത്.
എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. രണ്ട് തോൽവികൊണ്ട് ടീം മോശമാവില്ലെന്നാണ് ദ്രാവിഡിന്റെ വിശദീകരണം. ''സ്കോർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചിലാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നിട്ടും സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ നീട്ടാൻ ഞങ്ങൾക്കായി. ട്വന്റി 20യിൽ ചെറിയ സ്കോറാണെങ്കിലും മറികടക്കുക പ്രയാസമാണ്. പാക്കിസ്ഥാനെതിരേ ആദ്യ മത്സരത്തിൽ ചെറിയ സ്കോറായിരുന്നെങ്കിലും ജയിക്കാൻ പ്രയാസപ്പെട്ടു.
എന്നാൽ ഇതൊന്നും ന്യായീകരണമായിട്ട് പറയുന്നതല്ല. രണ്ട് മത്സരങ്ങൾ തോറ്റതുകൊണ്ട് ഞങ്ങൾ മോശം ടീമാകുന്നില്ല. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 8-9 മാസം ഒരുമിച്ചാണ് നമ്മൾ കളിക്കുന്നത്. എന്നാൽ ഏഷ്യാകപ്പിനെത്തിയപ്പോൾ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചുവെന്നും ദ്രാവിഡ് വിശദീകരിച്ചു.
വിരാട് കോലി, കെ എൽ രാഹുൽ എന്നിവർ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ഏഷ്യാ കപ്പിലെ നേട്ടം. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കോലി 61 പന്തിൽ പുറത്താവാതെ 122 റൺസ് നേടിയിരുന്നു. ടി20 കരിയറിൽ കോലിയുടെ ആദ്യ സെഞ്ചുറിയായിരുന്നത്. രാഹുൽ 62 റൺസെടുത്ത് ടീമിന് മികച്ച തുടക്കം നൽകാൻ സഹായിച്ചു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമ 72 റൺസ് നേടിയിരുന്നു. കൃത്യമായ സമയത്ത് മൂവരും ഫോമിലെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.
എന്നാൽ മധ്യനിര നിറംമങ്ങിയത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ബൗളിങ് നിരയിൽ ഭുവനേശ്വർ കുമാർ മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചത്. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ, നായകൻ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരുടെയും പ്രകടനങ്ങൾ ഒഴിച്ചുനിർത്തിയാൽ നിരാശജനകമാണ്. ലോകകപ്പിന് മുമ്പായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നുണ്ട്. ഇരു ടീമുകൾക്കും എതിരായ പരമ്പര ഇന്ത്യൻ ടീമിന്റെ ലോകകപ്പ് മുന്നൊരുക്കത്തിൽ നിർണായകമാകും.
സ്പോർട്സ് ഡെസ്ക്