ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കില്ല. പരിക്ക് പൂർണമായും ഭേദമാകാത്തതിനാലാണ് രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കിയത്.

ഡിസംബർ 7 ന് ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് രോഹിത് ശർമ്മയ്ക്ക് ഇടത് തള്ളവിരലിന് പരിക്കേറ്റത്. ചികിത്സയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങി. ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ് രോഹിത് ഇപ്പോൾ.

പേസ് ബൗളർ നവദീപ് സെയ്നിയെയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിവയറ്റിലെ പേശീവേദനയെത്തുടർന്നാണ് സെയ്നിയെ ഒഴിവാക്കിയത്. സെയ്നിയോട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ബ്രിസ്ബേനിലായിരുന്നു നവ്ദീപ് സെയ്നി ഇതിന് മുമ്പ് ടെസ്റ്റ് മത്സരം കളിച്ചത്.

രോഹിത് ശർമ്മയ്ക്ക് പകരം കെ എൽ രാഹുൽ ആണ് ഇന്ത്യയെ നയിക്കുന്നത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ആദ്യ ടെസ്റ്റിലും രോഹിത് ശർമ്മ കളിച്ചിരുന്നില്ല. രണ്ടു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു. മിർപൂരിലെ രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ വിരലിന് പരിക്കേറ്റ രോഹിത് രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തും എന്നാണ് ഏവരും കരുതിയിരുന്നത്.

മിർപൂരിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ രോഹിത് ശർമ്മ 9-ാം നമ്പറിൽ ബാറ്റിംഗിന് തിരിച്ചെത്തിയിരുന്നു. ബാൻഡേജ് അണിഞ്ഞ വിരലുമായി 28 പന്തിൽ പുറത്താകാതെ ഹിറ്റ്മാൻ 51 റൺസെടുത്തു. എന്നാൽ ആദ്യ ടെസ്റ്റിൽ താരത്തിന് കളിക്കാനായില്ല.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിന് വീണ്ടും ഒരു അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. രണ്ട് ഇന്നിങ്‌സുകളിലും ഖാലിദ് അഹമ്മദിന് വിക്കറ്റ് നൽകിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ 22 റൺസ് എടുത്തപ്പോൾ അടുത്ത അവസരത്തിൽ ഒരു റൺ കൂടെ അധികം ചേർക്കാൻ രാഹുലിന് സാധിച്ചു.

വിക്കറ്റ് നഷ്ടപ്പെടാതെയിരിക്കാൻ അമിതമായി പ്രതിരോധത്തിൽ ഊന്നി കളിച്ചിട്ടും രാഹുൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു.