ഡൊമനിക്ക: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. സന്ദർശകർ ഒന്നാം ഇന്നിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 421 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്സിൽ 271 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ അപ്രതീക്ഷിത ഡിക്ലറേഷൻ. ഇഷാൻ കിഷൻ അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ റൺ കുറിച്ചതിന് പിന്നാലെ നായകൻ രോഹിത് ശർമ്മ ഡിക്ലറേഷൻ തീരുമാനം അറിയിക്കുകയായിരുന്നു.

നേരത്തേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 387 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും 16 ഫോറുമടക്കം 171 റൺസെടുത്താണ് മടങ്ങിയത്. അരങ്ങേറ്റത്തിലെ ജയ്‌സ്വാളിന്റെ മാരത്തൺ ഇന്നിങ്‌സ് ഒടുവിൽ അൽസാരി ജോസഫിന്റെ പന്തിൽ അവസാനിക്കുകയായിരുന്നു.

കോലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജയ്സ്വാൾ മടങ്ങിയത്. വിദേശത്തെ ടെസ്റ്റ് അരങ്ങേറ്റത്തിൽ 150 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ 150 റൺസ് പിന്നിടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ജയ്‌സ്വാളിന് സ്വന്തം. 21 വർഷവും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാളിന്റെ ഈ പ്രകടനം.

പിന്നാലെ കാര്യമായ സംഭാവന നൽകാനാകാതെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (3) മടങ്ങി. തുടർന്ന് വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അടുത്തതായി നഷ്ടമായത്. 182 പന്തിൽ നിന്ന് 76 റൺസെടുത്താണ് കോലി മടങ്ങിയത്. ഡിക്ലയർ ചെയ്യുമ്പോൾ രവീന്ദ്ര ജഡേജ (37*), ഇഷാൻ കിഷൻ (1*) എന്നിവർ പുറത്താകാതെ നിന്നു.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (103), ശുഭ്മാൻ ഗിൽ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തേ നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ ജയ്സ്വാളിനൊപ്പം 229 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് മടങ്ങിയത്.

സ്പിന്നർ ആർ.അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് ഇന്ത്യ 150 റൺസിൽ അവസാനിപ്പിച്ചിരുന്നു.