- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ കുറ്റി തെറിപ്പിച്ച് അശ്വിൻ; ബ്രാത്ത് വെയ്റ്റിനെ പുറത്താക്കിയ അശ്വിന്റെ 'മാജിക്കൽ ഡെലിവറി'; രണ്ടാം ടെസ്റ്റിൽ സമനിലക്കായി മുട്ടിക്കളിച്ച് വിൻഡീസ്
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സമനിലയ്ക്കായി മുട്ടിക്കളിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 438 റൺസിനെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. 37 റൺസോടെ അലിക് അൽത്താനസെയും 11 റൺസോടെ ജേസൺ ഹോൾഡറും ക്രീസിൽ.
ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ്(75), ടാഗ്നരെയ്ൻ ചന്ദർപോൾ(33), കിർക് മക്കെൻസി(32), ജെറമൈൻ ബ്ലാക്ക്വുഡ്(20), ജോഷ്വാ ഡാ ഡിസിൽസ(10) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിൻഡീസിന് നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ വിൻഡീസ് മൂന്നാം ദിനം 141 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ഇടക്ക് പെയ്ത മഴയും വിൻഡീസിന് അനുഗ്രഹമായി.
മൂന്നാം ദിനം ലഞ്ചിന് മുമ്പ് കിർക് മക്കെൻസിയെ വീഴ്ത്തിയെങ്കിലും ബ്രാത്ത്വെയ്റ്റ് മുട്ടിനിന്നത് ഇന്ത്യക്ക് തിരിച്ചടിയായി.235 പന്തുകൾ നേരിട്ടാണ് ബ്രാത്ത്വെയ്റ്റ് 75 റൺസടിച്ചത്. ജെറമി ബ്ലാക്വുഡ് 92 പന്തുകളിൽ 20 റൺസ് മാത്രമെടുത്തപ്പോൾ 37 റൺസുമായി ക്രീസിലുള്ള അൽത്താനസെ 111 പന്തുകൾ നേരിട്ടു.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 438 റൺസ് കുറിച്ചിരുന്നു. ഇപ്പോഴും 209 റൺസ് പിന്നിലാണ് വിൻഡീസ്. അതിവേഗം വിക്കറ്റുകളെടുത്ത് സമ്മർദത്തിലാക്കാമെന്ന ഇന്ത്യൻ തന്ത്രം തിരിച്ചറിഞ്ഞാണ് ആതിഥേയർ കളിക്കുന്നത്.
Ashwin's wizardry✨ breaks through Brathwaite's resistance!#WIvIND #SabJawaabMilenge #JioCinema pic.twitter.com/wJz8Ut3tX8
- JioCinema (@JioCinema) July 22, 2023
ചന്ദൾപോളിനെ മടക്കി രവീന്ദ്ര ജദേജയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ, ബ്രാത് വെയ്റ്റ് ശ്രദ്ധാപൂർവം ഇന്ത്യൻ ബൗളർമാരെ നേരിട്ടു സ്കോർ ഉയർത്തുന്നതിനിടെ രവിചന്ദ്രൻ അശ്വിന്റെ ഒരു കിടിലൻ ഡെലിവറിയിലാണ് പുറത്താകുന്നത്. 235 പന്തിൽ 75 റൺസെടുത്താണ് താരം പുറത്തായത്. അശ്വിൻ എറിഞ്ഞ 73ാം ഓവറിലെ പന്ത് ടേൺ ചെയ്ത് ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
ആകെ 108 ഓവർ ബാറ്റ് ചെയ്ത വിൻഡീസ് 2.12 ശരാശരിയിലാണ് സ്കോർ ചെയ്യുന്നത്. പിച്ചിൽ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ ഇന്ത്യൻ ബൗളർമാരും വിക്കറ്റ് വീഴ്ത്താനാവാതെ വിയർത്തു. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 209 റൺസ് പുറകിലാണ് വിൻഡീസ് ഇപ്പോഴും. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. മുകേഷും സിറാജും അശ്വിനും ഒരോ വിക്കറ്റും വീതവും വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്