- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൻകരയിലെ ക്രിക്കറ്റ് പോരാട്ടം അരികെ; ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; ഫഹീം അഷ്റഫും തയ്യബ് താഹിറും ടീമിൽ തിരിച്ചെത്തി; രണ്ട് സ്പിന്നർമാരും നാല് പേസർമാരും ടീമിൽ; ഉദ്ഘാടന മത്സരം മുൾട്ടാനിൽ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കും ഏഷ്യാ കപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. അഫ്ഗാനെതിരായ മത്സരത്തിന് 18 അംഗ സ്ക്വാഡിനെയും ഏഷ്യാകപ്പിന് 17 അംഗ ടീമിനേയുമാണ് പ്രഖ്യാപിച്ചത്. ഇടവേളയ്ക്ക് ശേഷം ഫഹീം അഷ്റഫിനെയും തയ്യബ് താഹിറിനെയും സൗദ് ഷക്കീലിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചു.
ബാബർ അസമിനെ നായകനാക്കിയുള്ള സ്ക്വാഡിനെയാണ് പുതിയ ചീഫ് സെലക്ടർ ഇൻസമാം ഉൾ ഹഖ് പ്രഖ്യാപിച്ചത്. അഫ്ഗാനെതിരെ മൂന്ന് ഏകദിനങ്ങൾ കളിക്കുന്ന 18 താരങ്ങളുടെ സ്ക്വാഡിൽ നിന്ന് സൗദ് ഷക്കീലിനെ ഒഴിവാക്കിയുള്ള 17 അംഗ ടീമായിരിക്കും ഏഷ്യാ കപ്പിന് ഇറങ്ങുക. മറ്റ് മാറ്റങ്ങളൊന്നും ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടാവില്ല.
അബ്ദുള്ള ഷഫീഖ്, ഫഖർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരാണ് സ്ക്വാഡിലുള്ള ഓപ്പണർമാർ. മധ്യനിര ബാറ്റർമാരായി നായകൻ ബാബർ അസമിന് പുറമെ സൽമാൻ അലി അഗ, ഇഫ്തീഖർ അഹമ്മദ്, തയ്യബ് താഹിർ, സൗദ് ഷക്കീൽ(അഫ്ഗാൻ പരമ്പരയിൽ മാത്രം) എന്നിവരാണുള്ളത്. മുഹമ്മദ് റിസ്വാനും മുഹമ്മദ് ഹാരിസുമാണ് വിക്കറ്റ് കീപ്പർ ബാറ്റർമാർ. വൈസ് ക്യാപ്റ്റൻ കൂടിയായ ഷദാബ് ഖാന് പുറമെ മുഹമ്മദ് നവാസും ഉസാമ മിറുമാണ് സ്പിന്നർമാർ. ഫഹീം അഷ്റഫാണ് ടീമിലെ ഏക പേസ് ഓൾറൗണ്ടർ. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവരാണ് സ്പെഷ്യലിസ്റ്റ് പേസർമാർ.
ഏപ്രിൽ- മെയ് മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിച്ച ഷാൻ മസൂദ്, ഇഹ്സാനുള്ള എന്നിവരെ അഫ്ഗാൻ പരമ്പരയിലേക്കും ഏഷ്യാ കപ്പിനും പരിഗണിച്ചില്ല. പേസ് ഓൾറൗണ്ടറായ ഫഹീം അഷ്റഫ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിവരുന്നത്. 2021 ജൂലൈയിൽ ഇംഗ്ലണ്ടിന് എതിരെയായിരുന്നു താരം ഇതിന് മുമ്പ് കളിച്ചത്.
അതേസമയം തയ്യബ് താഹിർ രണ്ടാംവട്ടം മാത്രമാണ് ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനുവരിയിൽ ന്യൂസിലൻഡിനെതിരെയായിരുന്നു താരത്തിന് ആദ്യം അവസരം ലഭിച്ചത്. അടുത്തിടെ എസിസി എമേർജിങ് കപ്പ് ഫൈനലിൽ ഇന്ത്യ എയ്ക്കെതിരെ തയ്യബ് സെഞ്ചുറി നേടിയിരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ സൗദ് ഷക്കീലാവട്ടെ മാർച്ച് 2022ലാണ് അവസാനമായി പാക്കിസ്ഥാൻ കുപ്പായത്തിൽ കളിച്ചത്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കും ഏഷ്യാ കപ്പിനും മുമ്പ് പാക്കിസ്ഥാൻ ടീം ഓഗസ്റ്റ് 14, 15, 16 തിയതികളിൽ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ക്യാംപ് ചെയ്യും. ഇതിന് ശേഷം 17-ാം തിയതി ശ്രീലങ്കയിലേക്ക് പറക്കും. 22 മുതൽ 26 വരെയാണ് അഫ്ഗാനെതിരായ പരമ്പര. നേപ്പാളിനെതിരെ ഓഗസ്റ്റ് 30നാണ് മുൽട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
നീണ്ട നാടകീയതകൾക്കൊടുവിലാണ് ഈ വർഷത്തെ ഏഷ്യാകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷായാണ് മത്സരക്രമവും വേദികളും പ്രഖ്യാപിച്ചത്. നേരത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചത് പോലെ ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങൾ. പാക്കിസ്ഥാന് പുറമെ ശ്രീലങ്കയും മത്സരങ്ങൾക്ക് വേദിയാകും.
സെപ്റ്റംബർ രണ്ടിന് കാൻഡിയിൽ(ശ്രീലങ്ക) വച്ചാണ് ടൂർണമെന്റിലെ ആദ്യ ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3ന് പാക്കിസ്ഥാനിലെ ലാഹോറിൽ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരവും 4ന് കാൻഡിയിൽ തന്നെ ഇന്ത്യ-നേപ്പാൾ അങ്കവും നടക്കും.
സ്പോർട്സ് ഡെസ്ക്