മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് മുൻനിൽക്കേ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് ഏറ്റവും വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. മധ്യനിരയിൽ ബാറ്റ് ചെയ്യാൻ പ്രാപ്തനായ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമായിരുന്നുവെന്നതാണ് ആരാധകർ ഉയർത്തുന്ന വാദം.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാരാണ് ഇടംപടിച്ചത്. കെ എൽ രാഹുലും ഇഷാൻ കിഷനും. ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലെത്തി. ദീർഘനാളുകൾക്ക് ശേഷമാണ് രാഹുൽ ഇന്ത്യൻ ടീമിലെത്തുന്നത്. കിഷൻ സ്ഥാനം നിലനിർത്തുകയായിരുന്നു. എന്നാൽ സഞ്ജുവിനെ ബാക്ക് അപ്പാക്കിയത് പലർക്കും രസിച്ചിട്ടില്ല. പകരം സൂര്യയെ ബാക്ക് അപ്പ് ആക്കി സഞ്ജുവിന് ടീമിൽ ഇടം നൽകണമെന്നാണ് വാദം.

ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയും ടീമിലെത്തിയപ്പോഴാണ് സഞ്ജു തഴയപ്പെടുന്നത്. എന്നാൽ സഞ്ജുവിനെ ബാക്ക് അപ്പായി ഉൾപ്പെടുത്താനുള്ള കാര്യം വ്യക്തമാക്കുകയാണ് ചീഫ് സെലക്റ്റർ അജിത് അഗാർക്കർ. മുൻ ഇന്ത്യൻ താരം കൂടിയായ അഗാർക്കർ വിശദമാക്കുന്നതിങ്ങനെ... ''ശ്രേയസ് പൂർണ കായികക്ഷമത കൈവരിച്ചു. രാഹുലിന് നിസാരമായ പരിക്കുണ്ട്. നേരത്തെയുണ്ടായ പരിക്കിന്റെ ഭാഗമാണത്. അതുകൊണ്ടാണ് ബാക്ക് അപ്പായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്.'' അഗാർക്കർ പറഞ്ഞു.

ടീം തിരഞ്ഞെടുപ്പിൽ വലിയ ചർച്ച നാലാം നമ്പറിനെ ചൊല്ലിയാണ്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും രോഹിത് ശർമ്മയ്ക്കും പിന്നാലെ വിരാട് കോലി ക്രീസിൽ എത്തുമ്പോൾ നാലാമനായി ആര് ഇറങ്ങണം എന്ന ചോദ്യമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. ഓപ്പണിംഗിൽ പകരക്കാരനായാണ് ഇഷാൻ കിഷനെ ഉൾപ്പെടുത്തിയത്.

നാലാം നമ്പറിനെ ഇതിഹാസതുല്യമാക്കിയ യുവ്രാജ് സിംഗിന് ഒരു പിൻഗാമിയെ കണ്ടെത്താൻ ഇന്ത്യയുടെ കഴിഞ്ഞകാല ടീമിനൊന്നും സാധിച്ചില്ല എന്ന വിമർശനം ശക്തമാണ്. നിലവിൽ നാലാം നമ്പർ ബാറ്ററായി ശ്രേയസ് അയ്യർക്കാണ് കൂടുതൽ സാധ്യത. കെ എൽ രാഹുൽ, തിലക് വർമ്മ എന്നിവരെയും പരിഗണിക്കാം. അഞ്ച്, ആറ് സ്ഥാനങ്ങളിൽ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ നാലാം നമ്പർ ബാറ്ററായി കൂടുതൽ യോജിക്കുക സഞ്ജുവാണെന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.

2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് മുതൽ വലിയ ചർച്ചാവിഷയമായ ബാറ്റിങ് നമ്പറാണ് നാല്. വിജയ് ശങ്കറെ വരെ പരീക്ഷിച്ച് പരാജയപ്പെട്ട സെലക്ടർമാർക്കും മാനേജ്മെന്റിനും യുവിക്ക് ശേഷം ദീർഘകാലത്തേക്ക് ഒരു താരത്തെ കണ്ടെത്താനായില്ല എന്നത് വസ്തുതയാണ്. ഏകദിനത്തിൽ നാലാം നമ്പറിൽ സ്ഥിരസാന്നിധ്യമായിരിക്കേ പരിക്ക് ശ്രേയസ് അയ്യർക്ക് തിരിച്ചടിയായി.

വരുന്ന ഏഷ്യാ കപ്പിലേക്ക് ശ്രേയസ് മടങ്ങിവന്നത് നാലാം നമ്പർ ചർച്ചകൾക്ക് ഒരു പരിഹാരമായേക്കും. ശ്രേയസിന് പരിക്കേറ്റതോടെ പകരം പരീക്ഷിച്ച സൂര്യകുമാർ യാദവിന് ഏകദിനത്തിൽ തിളങ്ങാനായിരുന്നില്ല. ട്വന്റി 20യിൽ പക്ഷേ പുത്തൻ താരം തിലക് വർമ്മ നാലാം നമ്പറിലേക്ക് പ്രതീക്ഷ നൽകിക്കഴിഞ്ഞു.

എന്നാൽ നാലാം നമ്പർ ചർച്ചയോട് സൗമ്യമായ നിലപാടല്ല ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക്. ഏകദിനത്തിൽ നാലാം നമ്പറിലേക്ക് ബാറ്ററെ കണ്ടെത്താനാവാത്തത് തിരിച്ചടിയാണ് എന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള ഹിറ്റ്മാൻ ഇപ്പോൾ ഈ ചർച്ച തന്നെ അവസാനിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

'നാലാം നമ്പർ നമുക്കൊരു പ്രശ്നമാണ്. യുവിക്ക് ശേഷം ഒരു താരവും ആ പൊസിഷനിൽ ഏറെക്കാലം കളിച്ചിട്ടില്ല. പരിക്കുകൾ ഉചിതനായ നാലാം നമ്പർ താരത്തെ കണ്ടെത്തുന്നതിന് തടസമായി' എന്നും രോഹിത് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ ഏകദിന ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനത്തിൽ രോഹിത് പറഞ്ഞത് ഇങ്ങനെ. 'ഒരു ബാറ്റിങ് പൊസിഷനെ കുറിച്ച് മാത്രം ചർച്ച നടത്തുന്നതിൽ കാര്യമില്ല. എല്ലാ ബാറ്റിങ് ക്രമവും നിർണായകമാണ്. പരിക്കുള്ളതിനാൽ ഏറെ കാര്യങ്ങൾ പരിഗണിക്കാനുണ്ട്. ഏതാണ് ടീമിന് ഉചിതമായ കോംപിനേഷൻ എന്ന് കണ്ടെത്തണം. എല്ലാ താരങ്ങൾക്കും ഒരവസരം നൽകണം' എന്നും രോഹിത് ശർമ്മ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.