- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ റണ്ണൗട്ട് ഇനി മറന്നേക്കു! മിന്നുന്ന സെഞ്ചുറികളും ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും; ഇൻഡോറിൽ ഓസിസ് ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; കൂറ്റൻ സ്‌കോറിലേക്ക്
ഇൻഡോർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മിന്നുന്ന സെഞ്ചുറികളും ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയ ശ്രേയസ് അയ്യരുടേയും ശുഭ്മൻ ഗില്ലിന്റെയും ബാറ്റിങ് മികവിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. 86 പന്തുകളിൽനിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി അയ്യർ സ്വന്തമാക്കിയത്. 11 ഫോറുകളും മൂന്ന് സിക്‌സറുകളും താരം പറത്തി. 90 പന്തിൽ 105 റൺസെടുത്താണു താരം പുറത്തായത്.
92 പന്തുകളിലാണ് ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി നേട്ടം. 24 വയസ്സുകാരൻ താരത്തിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചറിയാണിത്. തകർപ്പൻ ഫോമിലുള്ള ഗിൽ 2023 ൽ മാത്രം അഞ്ച് സെഞ്ചറികളാണ് നേടിയത്. ഗിൽ 97 പന്തിൽ ആറ് ബൗണ്ടറികളും നാല് സിക്‌സറുകളുമടക്കം 104 റൺസ് എടുത്ത് പുറത്തായി. ജോഷ് ഹേസൽവുഡ്, സീൻ അബോട്ട്, കാമറൂൺ ഗ്രീൻ എന്നിവർക്കാണ് വിക്കറ്റ്. മൂന്ന് മത്സരങ്ങുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ഇഷാൻ കിഷനുമാണ് ക്രീസിൽ
മത്സരം 36 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റു നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായിരുന്നു. 12 പന്തിൽ എട്ട് റൺസെടുത്ത ഗെയ്ക്വാദിനെ ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്റെ തുടക്കം.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ - ശ്രേയസ് സഖ്യം ഇന്ത്യയെ തോളിലേറ്റി. ഇരുവരും 200 റൺസ് കൂട്ടിചേർത്തു. ആദ്യം ശ്രേയസാണ് സെഞ്ചുറി പൂർത്തിയാക്കിയത്. 90 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറും നേടി. എന്നാൽ അബോട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി ശ്രേയസ് മടങ്ങി. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഗിൽ തന്റെ ആറാം സെഞ്ചുറിയും പൂർത്തിയാക്കി.
പരിക്ക് ഭേദമായി ടീമിൽ മടങ്ങിയെത്തിയ ശ്രേയസ് അയ്യർക്ക് ആദ്യ മത്സരത്തിൽ കാര്യമായി സ്‌കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. മൂന്ന് റൺസ് എടുത്ത് നിൽക്കെ താരം റണ്ണൗട്ടായി മടങ്ങിയിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗില്ലിനൊപ്പം നിൽക്കുമ്പോഴായിരുന്നു താരം റണ്ണൗട്ടായത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇരുവരും അതിവേഗം സ്‌കോർ ചെയ്ത് ഒന്നിച്ച് മുന്നേറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.
പാറ്റ് കമ്മിൻസിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യ ഒരു മാറ്റം വരുത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് പകരമെത്തിയത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിൻസിന് പുറമെ അവസാന മത്സരം കളിച്ച മിച്ചൽ മാർഷ്, മാർകസ് സ്റ്റോയിനിസ്് എന്നിവർ ഓസീസ് നിരയിലില്ല. അലക്സ് ക്യാരി, ജോഷ് ഹേസൽവുഡ്, സ്പെൻസർ ജോൺസൺ എന്നിവർ തിരിച്ചെത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ഡേവിഡ് വാർണർ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ്, ആലെക്‌സ് കാരി, കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സൽവുഡ്, സ്‌പെൻസർ ജോൺസൺ.
സ്പോർട്സ് ഡെസ്ക്