- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇരട്ട' സെഞ്ചുറിയുമായി അടിത്തറയിട്ട് ഗിൽ-ശ്രേയസ് സഖ്യം; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാറും രാഹുലും ഇഷാനും; രണ്ടാം ഏകദിനത്തിൽ റൺമല തീർത്ത് ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യം
ഇൻഡോർ: ശുഭ്മൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടേയും 'ഇരട്ട' സെഞ്ചറിക്കരുത്തിൽ അടിത്തറയിട്ട ഇന്ത്യയെ ബാറ്റിങ് വെടിക്കെട്ടിലൂടെ കൂറ്റൻ സ്‌കോറിലെത്തിച്ച് സൂര്യകുമാർ യാദവും കെ എൽ രാഹുലും ഇഷാൻ കിഷനും. രണ്ടാം ഏകദിനത്തിൽ ഹിമാലയൻ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പടുത്തുയർത്തിയത്. രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 399 റൺസ്. ഓസ്‌ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യം. ഓസീസിന് വേണ്ടി കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ശ്രേയസ് അയ്യർ (90 പന്തിൽ 105), ശുഭ്മൻ ഗിൽ (97 പന്തിൽ 104) എന്നിവരുടെ സെഞ്ചറി പ്രകടനങ്ങളും ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും ( 38 പന്തിൽ 52), സൂര്യകുമാർ യാദവിന്റേയും (37 പന്തിൽ 72) അർധ സെഞ്ചറികളുമാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. ഇഷാൻ കിഷൻ 18 പന്തുകളിൽനിന്ന് 31 റൺസ് നേടി.
86 പന്തുകളിൽനിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. 11 ഫോറുകളും മൂന്ന് സിക്‌സറുകളും താരം പറത്തി. 90 പന്തിൽ 105 റൺസെടുത്താണു താരം പുറത്തായത്. 92 പന്തുകളിലാണ് ശുഭ്മൻ ഗില്ലിന്റെ സെഞ്ചറി നേട്ടം. 24 വയസ്സുകാരൻ താരത്തിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചറിയാണിത്. തകർപ്പൻ ഫോമിലുള്ള ഗിൽ 2023 ൽ മാത്രം അഞ്ച് സെഞ്ചറികളാണ് നേടിയത്.
ടോസ് നേടി ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിച്ചാണ് ഓസീസ് തുടങ്ങിയത്. നാലാം ഓവറിൽ തന്നെ റുതുരാജ് ഗെയ്കവാദിനെ (8) ഹേസൽവുഡ് വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയുടെ കൈകളിലേക്കയച്ചു. എന്നാൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്തുചേർന്ന ഗിൽ - ശ്രേയസ് സഖ്യം 200 റൺസ് കൂട്ടിചേർത്തു. പരിക്കിൽ മോചിതനായി ടീമിലെത്തിയ ശ്രേയസ് ആദ്യം സെഞ്ചുറി പൂർത്തിയാക്കി. 90 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും 11 ഫോറും നേടി. എന്നാൽ അബോട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിക്ക് ക്യാച്ച് നൽകി ശ്രേയസ് മടങ്ങി. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്.
ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്നതോടെ ഇന്ത്യ 12.5 ഓവറിൽ 100 ഉം 28.3 ഓവറിൽ 200 ഉം കടന്നു. സ്‌കോർ 216ൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരെ നഷ്ടമായി. വൈകാതെ ഗിൽ തന്റെ ആറാം സെഞ്ചുറിയും പൂർത്തിയാക്കി. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ഗിൽ ഗ്രീനിന് വിക്കറ്റ് നൽകി ഗിൽ മടങ്ങി. താരത്തിന്റെ ഇന്നിങ്സിൽ നാല് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.
അഞ്ചാമനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ (18 പന്തിൽ 31) നിർണായക സംഭാവന നൽകി. രാഹുലിനൊപ്പം 59 റൺസ് ചേർക്കാൻ ഇഷാനായി. എന്നാൽ ഇഷാനെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ സൂര്യകുമാറും ബൗളർമാരെ വെറുതെ വിട്ടില്ല. രാഹുലിനൊപ്പം 59 റൺസ് കൂട്ടിചേർക്കാനും സൂര്യക്കായി. രാഹുലിനെ സാംപ ബൗൾഡാക്കി. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് സൂര്യ സ്‌കോർ 400ന് അടുത്തെത്തിച്ചു.
അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും തകർത്തടിച്ചു. ലോകകപ്പ് ടീമിൽ തന്റെ സ്ഥാനം എന്തെന്ന് തെളിയിക്കുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. 37 പന്തുകളിൽനിന്ന് ആറ് സിക്‌സറുകൾ അടക്കം 72 റൺസാണു താരം നേടിയത്. രവീന്ദ്ര ജഡേജ (ഒൻപതു പന്തിൽ 13) പുറത്താകാതെനിന്നു. കാമറൂൺ ഗ്രീൻ ഓസ്‌ട്രേലിയയ്ക്കായി രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. 10 ഓവറുകളിൽനിന്ന് 103 റൺസാണ് ഗ്രീൻ വഴങ്ങിയത്.
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇൻഡോറിൽ കളിക്കുന്നില്ല. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. മിച്ചൽ മാർഷും ഇറങ്ങില്ല. യുവപേസർ സ്‌പെൻസർ ജോൺസൺ ഓസീസിനായി ഏകദിനത്തിലെ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ നിരയിൽ പേസർ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും കളിക്കുന്നില്ല. യുവതാരം പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ട്.
സ്പോർട്സ് ഡെസ്ക്