- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിക്കേറ്റ ഹസരങ്കയും ചമീരയുമില്ല; കന്നി ലോകകപ്പിന് പതിരാനയും വെല്ലാലഗെയുമടക്കം യുവനിര; ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ ഷനക തന്നെ നയിക്കും; കരുണാരത്ന റിസർവ് താരം
കൊളംബൊ: ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ പരിക്കേറ്റ ഓൾറൗണ്ടർ വാനിന്ദു ഹസരങ്കയ്ക്കും ദുശ്മന്ത ചമീരക്കും ഇടം നേടാനായില്ല. ദസുൻ ഷനക തന്നെ ടീമിനെ നയിക്കും. നായകസ്ഥാനത്ത് നിന്ന് മാറാൻ താൽപര്യപ്പെട്ടിരുന്നെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ അനുനയിപ്പിക്കുയായിരുന്നു. കുശാൽ മെൻഡിസ് ഉപനായകനാണ്. 2023 ഏഷ്യാ കപ്പിൽ കളിച്ച ടീമിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ശ്രീലങ്ക ലോകകപ്പിനെത്തുന്നത്.
ടൂർണമെന്റിനിടയിൽ പൂർണ കായികക്ഷമത കൈവരിക്കുന്ന സമയം ഹസരങ്ക ടീമിനൊപ്പം ചേരുമെന്ന് സെലക്റ്റർമാർ അറിയിച്ചു. യുവ പേസർ മതീഷ പതിരാന ടീമിലെത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ പതിരാന ധോണിക്ക് കീഴിലാണ്. സിഎസ്‌കെ നായകൻ ധോണിക്ക് കീഴിൽ താരം തിളങ്ങിയോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. പിന്നീട് ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുത്തു.
തോളിനേറ്റ പരിക്ക് കാരണമാണ് ദുഷ്മന്ത ചമീരയെ ടീമിലെടുക്കാതിരുന്നത്. ഇടങ്കയ്യൻ പേസർ ദിൽഷൻ മധുഷനക, ലാഹിരു കുമാര എന്നിവർ തിരിച്ചെത്തിയത് ലങ്കയ്ക്ക് ആശ്വാസം നൽകും. പരിക്കിനെ തുടർന്ന് ഇരുവർക്കും ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. സീനിയർ താരവും ടെസ്റ്റ് സ്പെഷ്യലിസ്റ്റുമായ എയഞ്ച്ലോ മാത്യൂസും ടീമിന് പുറത്താണ്. പരിചയസമ്പത്ത് പരിഗണിച്ച് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ 36-കാരനെ ടീമിലേക്ക് പരിഗണിച്ചില്ല. റിസർവ് താരമായി ചാമിക കരുണാരത്ന ടീമിനൊപ്പമുണ്ടാവും.
പതും നിസ്സങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക എന്നിവർ ബാറ്റിങ്ങ് നിരയ്ക്ക് കരുത്തുപകരുമ്പോൾ കസുൻ രജിത, മതീഷ പതിരണ എന്നിവർ ബൗളിങ് അറ്റാക്കിന് ചുക്കാൻ പിടിക്കും. ദിൽഷൻ മധുശങ്ക, ലഹിരു കുമാര എന്നിവർ ടീമിൽ തിരിച്ചെത്തി. ഏഷ്യാ കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച ദുനിത് വെല്ലലഗെയും മഹീഷ് തീക്ഷണയും ടീമിലുണ്ട്.
ശ്രീലങ്കൻ ടീം: ദശുൻ ശനക (ക്യാപ്റ്റൻ), കുശാൽ മെൻഡിസ് (വൈസ് ക്യാപ്റ്റൻ), കുശാൽ പെരേര, പതും നിസ്സങ്ക, ദിമുത് കരുണാരത്നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദുഷൻ ഹേമന്ത, മഹീഷ തീക്ഷണ, ദുനിത് വെല്ലാലഗെ, കശുൻ രജിത, മതീഷ പതിരാന, ലാഹിരു കുമാര, ദിൽഷൻ മധുഷനക. ചാമിക കരുണാരത്ന (റിസർവ്).
29ന് ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ചാണ് ശ്രീലങ്ക തുടങ്ങുന്നത്. ഗുവാഹത്തിയിലാണ് മത്സരം. ഒക്ടോബർ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിനും ഗുവാഹത്തി വേദിയാവും. ഏഴിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.
സ്പോർട്സ് ഡെസ്ക്