ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിൽ ആറ് റൺസിന്റെ ത്രസിപ്പിക്കുന്ന ജയവുമായി പരമ്പര 4 - 1ന് സ്വന്തമാക്കി ഇന്ത്യ. 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആറ് റൺസിന്റെ മിന്നും ജയമാണ് സൂര്യകുമാറും സംഘവും സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിങ്സിന്റെ കരുത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. അക്സർ പട്ടേൽ 31 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ജയത്തിലേക്ക് കുതിച്ച ഓസിസിനെ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. ബെൻ മക്ഡെമോർട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറർ. അർഷ്ദീപ് സിംഗിന്റെ അവസാന ഓവർ വിജയത്തിൽ നിർണായകമായി. മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകൾക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോൺ ഹാർഡി (6) എ്നിവരാണ് മടങ്ങിയത്. പിന്നീട് ബെൻ - ടിം ഡേവിഡ് (17) സഖ്യം 47 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി.

മാത്യൂ ഷോർട്ട് (16), ബെൻ ഡാർഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മുകേഷ് കുമാർ ഓസീസിനെ പ്രതിരോധത്തിലാക്കി. വെയ്ഡ് (22) നതാൻ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറിൽ വെയ്ഡിനെ അർഷ്ദീപ് മടക്കിയതോടെ ഓസീസ് തോൽവി സമ്മതിച്ചു. അവസാ ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മാത്യു വെയ്ഡിന്റെ വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപാണ് ഇന്ത്യക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. ബെഹ്രൻഡോർഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോർബോർഡിൽ 33 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. നാലാമനായി എത്തിയ സൂര്യകുമാർ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷർ റിങ്കു സിംഗും (6) വേഗത്തിൽ മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി. പിന്നീട് ജിതേഷ് ശർമ (24) ശ്രേയസ് സഖ്യം 42 റൺസ് കൂട്ടിചേർത്തു. എന്നാൽ ജിതേഷിനെ പുറത്താക്കി ആരോൺ ഹാർഡി ഓസീസിന് ബ്രേക്ക് ത്രൂ നൽകി.

എങ്കിലും അക്സർ - ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 46 റൺസ് കൂട്ടിചേർത്തു. 19-ാം ഓവറിൽ അക്സറും അവസാന ഓവറിൽ ശ്രേയസും മടങ്ങി. 37 പന്തുകൾ നേരിട്ട ശ്രേയസ് രണ്ട് സിക്സും അഞ്ച് ഫോറും നേടി. രവി ബിഷ്ണോയ് (2) അവസാന പന്തിൽ റണ്ണൗട്ടായി. അർഷ്ദീപ് സിങ് (2) പുറത്താവാതെ നിന്നു.

എട്ട് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ജേസൺ ബെഹ്രൻഡോർഫ്, ബെൻ ഡാർഷ്വിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ദീപക് ചാഹറിന് പകരം അർഷ്ദീപ് സിങ് തിരിച്ചെത്തി. ഓസ്ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാൻ എല്ലിസിനേയും ഉൾപ്പെടുത്തി.