മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽനിന്ന് മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷനും പുറത്തായതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും പൂർണമായി വിട്ടുനിൽക്കുന്ന ഹാർദ്ദിക് പാണ്ഡ്യക്ക് എങ്ങനെയാണ് ബിസിസിഐ എ ഗ്രേഡ് കരാർ നൽകിയതെന്ന ചോദ്യം ഉന്നയിച്ച് ആരാധകർ. അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡ് കരാറിൽ താരത്തെ നിലനിർത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ദേശീയ ടീമിൽ നിന്നു പുറത്താകുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണമെന്ന ബിസിസിഐ നിർദ്ദേശം പാലിക്കാത്തതാണ് ശ്രേയസിനും ഇഷാനും തിരിച്ചടിയായത്. അതേ സമയം ലോകകപ്പ് സമയത്ത് പരിക്കേറ്റ ഹാർദ്ദിക് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാതെ ഐപിഎല്ലിന് വേണ്ടി പരിശീലനം നടത്തുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന ഇഷൻ കിഷൻ കഴിഞ്ഞവർഷം സി ഗ്രേഡ് കരാറിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം ദേശീയ ടീമിൽ നിന്നു പുറത്തായ ശ്രേയസ് അയ്യർ, തുടർന്ന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മുംബൈയ്ക്കായി കളിച്ചിരുന്നില്ല.

ബിസിസിഐയും സെലക്ടർമാരും ടീം മാനേജ്‌മെന്റുമെല്ലാം നിരന്തരം അഭ്യർത്ഥിച്ചിട്ടും ഇഷാൻ കിഷൻ രഞ്ജി ട്രോഫിയിൽ കളിക്കാൻ തയാറായില്ല. ശ്രേയസ് അയ്യരാകട്ടെ ലോകകപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിട്ടും പരിക്കുണ്ടെന്ന പേരിൽ രഞ്ജിയിൽ നിന്ന് വിട്ടു നിന്നതിനാണ് കരാറിൽ നിന്ന് പുറത്തായത്.

എന്നാൽ ഇന്ത്യക്കായി ട്വന്റി 20 ഏകദിന ക്രിക്കറ്റിൽ മാത്രം കളിക്കുന്ന ഹാർദ്ദിക് പാണ്ഡ്യക്ക് എങ്ങനെയാണ് ബിസിസിഐ അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡ് കരാർ നൽകുന്നതെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കുമ്പോൾ മാത്രം പരിക്ക് അലട്ടുന്ന ഹാർദ്ദിക് പാണ്ഡ്യ രഞ്ജി ട്രോഫിയിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ വജയ് ഹസാരെ ട്രോഫിയിലോ ഒരിക്കലും കളിക്കാൻ തയാറാവാറില്ല.

ഐപിഎല്ലിൽ കളിക്കുമ്പോൾ പാണ്ഡ്യക്ക് പരിക്ക് തടസമാകാറില്ലെന്നും ആരാധകർ പറയുന്നു. ഇന്ത്യയുടെ അടുത്ത ട്വന്റി 20 ക്യാപ്റ്റനെന്ന് കരുതിയ പാണ്ഡ്യയെ ഞെട്ടിച്ചാണ് ബിസിസിഐ ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസ് നായകനായി തിരിച്ചെത്തിയ പാണ്ഡ്യ ഇപ്പോൾ കോർപറേറ്റ് ടൂർണമെന്റായ ഡിവൈ പാട്ടീൽ ടി20 ടൂർണമെന്റിൽ മുംബൈക്കായി കളിക്കുകയാണ്.

ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി നാലു മത്സരങ്ങളിൽ മാത്രം കളിച്ച പാണ്ഡ്യ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. പാണ്ഡ്യ പുറത്തായത് ഇന്ത്യയുടെ ടീം സന്തുലനത്തെ തകിടം മറിക്കുകയും ചെയ്തിരുന്നു.

ലോകകപ്പിൽ ഇന്ത്യക്കായി റൺവേട്ട നടത്തിയ ശ്രേയസ് അയ്യർ രഞ്ജി ട്രോഫി സെമിയിൽ മുംബൈക്കായി കളിക്കാൻ തയാറായിട്ടുമുണ്ട്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ഒരിക്കൽ പോലും കളിക്കാൻ തയാറാവാത്ത ഐപിഎല്ലിൽ മാത്രം എല്ലാ കളിയും കളിക്കുന്ന ഹാർദ്ദിക്ക് ഗ്രേഡ് കരാർ അർഹിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം, ഹാർദ്ദിക്കിനെ മുംബൈ നായകനാക്കിയതിൽ ദേഷ്യമുള്ള മുംബൈ ഫാൻസാണ് ഈ വാദം ഉയർത്തുന്നതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

ബിസിസിഐയുടെ പുതുക്കിയ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ (ഗ്രേഡ് സി) അടക്കം 30 താരങ്ങളാണ്. 7 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ 4 പേർ മാത്രം; രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ, ബുമ്ര

അഞ്ച് കോടി രൂപയുടെ എ ഗ്രേഡ് കരാറിലേക്ക് ശുഭ്മൻ ഗില്ലിനു സ്ഥാനക്കയറ്റം. ആർ.അശ്വിൻ, മുഹമ്മദ് ഷമി, കെ.എൽ.രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരും എ ഗ്രേഡിൽ. ഒരു വർഷമായി മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന ഋഷഭ് പന്തിനെയും കരാറിൽ ഉൾപ്പെടുത്തി; പന്ത് എ ഗ്രേഡിൽ നിന്ന് ബിയിലേക്കു താഴ്ന്നു.

ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, ശിഖർ ധവാൻ, യുസ്വേന്ദ്ര ചെഹൽ, ദീപക് ഹൂഡ എന്നിവരാണ് കരാറിൽ നിന്ന് പുറത്തായ പ്രമുഖ താരങ്ങൾ. യശസ്വി ജയ്‌സ്വാൾ (ബി ഗ്രേഡ്, 3 കോടി), തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശർമ, മുകേഷ് കുമാർ, രജത് പാട്ടിദാർ (എല്ലാവരും സി ഗ്രേഡ്, ഒരു കോടി) എന്നിവരാണ് കരാറിലെ പുതുമുഖങ്ങൾ.

ഒരു വർഷത്തിനിടെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ, എട്ട് ഏകദിനം, 10 ട്വന്റി20 എന്നിവയിൽ ഏതെങ്കിലും പൂർത്തിയാക്കുന്ന താരങ്ങൾ നേരിട്ട് ബിസിസിഐ കരാറിന്റെ ഭാഗമാകും. ദേശീയ ടീമിൽ ഉൾപ്പെടാത്ത സന്ദർഭങ്ങളിൽ താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ സജീവമാകണം.