മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരവോടെ ആഭ്യന്തര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും യുവതാരങ്ങൾക്ക് താൽപര്യം കുറയുന്നത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ദേശീയ ടീമിൽ ഇടംതേടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിച്ചിരുന്ന യുവതാരങ്ങൾ, ദേശീയ ടീമിലേക്കുള്ള കുറുക്കുവഴിയായി ഐപിഎല്ലിനെ കണ്ടതോടെയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. ഐപിഎല്ലിലെ വൻ പ്രതിഫലവും യുവതാരങ്ങളുടെ മനംമാറ്റത്തിന് പിന്നിലുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിനെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലേക്കു അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസി ടൂർണമെന്റാണ് ഐപിഎൽ. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഐപിഎല്ലിലൂടെയുള്ള വൻ സാമ്പത്തിക നേട്ടമാണ്. ലോകത്തിൽ ഏതൊരു ക്രിക്കറ്ററും പങ്കെടുക്കാനാഗ്രഹിക്കുന്ന ടൂർണമെന്റായി ഐപിഎൽ മാറാനുള്ള പ്രധാന കാരണം കോടികൾ പോക്കറ്റിലെത്തിക്കുന്ന പ്രതിഫലം തന്നെയാണ്. ദേശീയ ടീമിൽ നിന്നും ലഭിക്കുന്ന ശമ്പളത്തേക്കാൾ എത്രയോ മടങ്ങാണ് ഐപിഎല്ലിൽ നിന്നും ഒരു താരത്തിനു ലഭിക്കുന്ന ശമ്പളം എന്നതാണ് യുവതാരങ്ങളെപ്പോലും ആകർഷിക്കുന്നത്.

ബിസിസിഐയുടെ മുഖ്യ കരാറിൽപ്പെട്ട താരങ്ങൾക്കു നൽകുന്ന വാർഷിക ശമ്പളത്തിന്റെ ഇരട്ടിയോളം തുകയാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ അവർക്കു നൽകുന്നത്. ബിസിസിഐയുടെ പുതിയ വാർഷിക കരാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗ്രേഡ് എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ നാലു കാറ്റഗറികളിലായിട്ടാണ് താരങ്ങളെ കരാറിൽ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ താരങ്ങൾക്കു ബിസിസിഐ നൽകുന്ന ശമ്പളവും ഐപിഎല്ലിൽ നിന്നും ലഭിക്കുന്ന ശമ്പളവും തമ്മിലുള്ള വ്യത്യാസം ഇരട്ടിയോളം വരും. ബിസിസിഐയുടെ ഗ്രേഡ് എ പ്ലസ് കരാറിലുൾപ്പെട്ടത് ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്. ഇവർക്കെല്ലാം ഏഴു കോടി രൂപ വീതമാണ് ബിസിസിഐയുടെ പ്രതിഫലം.

എന്നാൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്റെ ഒരു വർഷത്തെ ശമ്പളം 16 കോടി രൂപയാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോലിയുടെ ശമ്പളമാവട്ടെ 15 കോടി രൂപയുമാണ്. ബുംറയ്ക്കു മുംബൈ ഇന്ത്യൻസ് ഒരു വർഷത്തേക്കു നൽകുന്നത് 12 കോടി രൂപയാണ്. ചെന്നൈ സൂപ്പർ കിങ്സിൽ ജഡേജയ്ക്കു ശമ്പളമായി ലഭിച്ചുകൊണ്ടിരിക്കുന്നത് 16 കോടി രൂപയുമാണ്.

ഗ്രേഡ് എ കരാറിൽ ഉൾപ്പെട്ടിട്ടുള്ളത് ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ എന്നിവരാണ്. ഇവർക്കെല്ലാം ബിസിസിഐ ഒരു വർഷത്തേക്കു നൽകുന്ന ശമ്പളം അഞ്ചു കോടി രൂപയാണ്. ഇക്കൂട്ടത്തിൽ ഐപിഎൽ ശമ്പളത്തിൽ ഏറ്റവുമധികം വ്യത്യാസമുള്ളത് ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ രാഹുലിനാണ്. 17 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഐപിഎൽ ശമ്പളം.

രാഹുൽ കഴിഞ്ഞാൽ കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് ഹാർദിക്കാണ്. മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ കൂടിയായ അദ്ദേഹത്തിന്റെ പ്രതിവർഷ ശമ്പളം 15 കോടി രൂപയാണ്. ഹാർദിക്കിന്റെ അഭാവത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ നായകനായ ഗില്ലിനു എട്ടു കോടി രൂപയാണ് ശമ്പളം.

ഷമിക്കു ഗുജറാത്ത് ടൈറ്റൻസിൽ 6.25 കോടിയും സിറാജിനു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഏഴു കോടിയുമാണ് ശമ്പളമായി കിട്ടുന്നത്. രാജസ്ഥാൻ റോയൽസിൽ അശ്വിന്റെ ശമ്പളം അഞ്ചു കോടിയാണ്. ബിസിസിഐ ശമ്പളത്തിനു തുല്യമായ തുകയാണ് അശ്വിന് ഐപിഎല്ലിലും ലഭിക്കുന്നത്.

അതേ സമയം ഗ്രേഡ് സിയിലുൾപ്പെട്ട ചിലർക്കു ബിസിസിഐ ശമ്പളത്തേക്കാൾ എത്രയോ മടങ്ങാണ് ഐപിഎല്ലിൽ ശമ്പളമായി ലഭിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടയാൾ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ്. ബിസിസിഐ കരാറനുസരിച്ചത് വെറും ഒരു കോടിയാണ് അദ്ദേഹത്തിനു ഒരു വർഷം കിട്ടുന്നത്. റോയൽസിലാവട്ടെ ഒരു വർഷത്തേക്കു 14 കോടിയും ശമ്പളമായി സഞ്ജു പോക്കറ്റിലാക്കുന്നു. ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടാത്ത യുവതാരങ്ങൾ പോലും കോടികൾ ഐപിഎല്ലിൽ പ്രതിഫലം പറ്റുന്നവരായി മാറിക്കഴിഞ്ഞു.

ഒന്നോ രണ്ടോ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായാൽ പിന്നീടുവരുന്ന ഐപിഎൽ താരലേലത്തിൽ കോടികൾ കൊയ്യാൻ കഴിയുമെന്ന സ്ഥിതിയാണുള്ളത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പല താരങ്ങളും ദേശീയ ടീമിൽ അത്രകണ്ട് ശോഭിക്കാതെ അവസരം നഷ്ടപ്പെടുത്തി പുറത്താകുന്ന അവസ്ഥയുമുണ്ടായി. എന്നാൽ ഐപിഎല്ലിൽ ഈ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും കാണാറുണ്ട്. ദേശീയ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാൻ വിമുഖത കാണിക്കുന്ന പല താരങ്ങളും ഐപിഎൽ സീസൺ നഷ്ടപ്പെടാതിരിക്കാൻ ആരോഗ്യം നിലനിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നതും പലപ്പോഴും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേ സമയം ഐപിഎല്ലിൽ കളിക്കുന്ന താരങ്ങൾ രണ്ട് മാസം കൊണ്ട് കോടിപതികളാകുന്നതുപോലെ ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കുന്ന താരങ്ങളുടെയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളുടെയും പ്രതിഫലത്തിൽ വൻ വർധന വരുത്താൻ ബിസിസിഐ തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാരുടെ പ്രതിഫലയിനത്തിൽ മൂന്നിരട്ടിവരെ വർധന വരുത്തണമെന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ശുപാർശയാണ് ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്.

നിലവിൽ ഒരു സീസണിൽ 10 രഞ്ജി ട്രോഫി മത്സരവും കളിക്കുന്ന ഒരു കളിക്കാരന് പരമാവധി 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഐപിഎൽ ടീമിലെത്തുന്ന ഒരു കളിക്കാരന് അടിസ്ഥാന വിലയായിപോലും 20 ലക്ഷം ലഭിക്കുമെന്നിരിക്കെ പലതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ജനുവരി മുതലെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങുന്നത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകൾ തന്നെ ഇല്ലാതാവാൻ കാരണമാകുമെന്ന തിരിച്ചറിവിലാണ് ബിസിസിഐയുടെ പുതിയ നീക്കം.

ഒരു രഞ്ജി സീസൺ മുഴുവൻ കളിക്കുന്ന കളിക്കാരന് പരമാവധി 75 ലക്ഷം രൂപയെങ്കിലും ലഭിക്കുന്ന രീതിയിൽ പ്രതിഫലം ഉയർത്താനാണ് ശുപാർശ.അതുപോലെ ഒരുവർഷം ഇന്ത്യക്കായി എല്ലാ ടെസ്റ്റിലും കളിക്കുന്ന താരങ്ങൾക്ക് 15 കോടി രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന രീതിയിൽ പ്രതിഫലഘടന പരിഷ്‌കരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇതിലൂടെ വമ്പൻ ഐപിഎൽ കരാർ ലഭിക്കുന്ന ഒരു താരത്തിന് തത്തുല്യമായ പ്രതിഫലം ടെസ്റ്റിൽ മാത്രം കളിക്കുന്ന ഒരു കളിക്കാരനും ലഭിക്കും.എന്നാൽ പ്രതിഫലം ഒറ്റയടിക്ക് കുത്തനെ കൂട്ടാതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനായിരിക്കും ബിസിസിഐ ശ്രമിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള നിർദ്ദേശം അനുസരിക്കാത്തതിനെത്തുടർന്ന് യുവതാരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്.