- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനെതിരെയും ടെസ്റ്റ് പരമ്പര കൈവിട്ടു; നാട്ടില്‍ ടെസ്റ്റ് ജയിച്ചിട്ട് 1303 ദിവസം; നാണംകെട്ട് പാകിസ്ഥാന്; ചരിത്രനേട്ടത്തില്‍ ഷാന്റോയും സംഘവും
റാവല്‍പിണ്ടി: ബംഗ്ലദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും തോറ്റതോടെ നാണക്കേടിന്റെ പടുകുഴിയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം. ടെസ്റ്റ് പദവിയുള്ള പത്ത് രാജ്യങ്ങള്‍ക്കെതിരെയും സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമാണു പാക്കിസ്ഥാന്. ബംഗ്ലദേശാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം. നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് പാക്കിസ്ഥാനെകൂടി എത്തിച്ചിരിക്കുകയാണ് ബംഗ്ലദേശ്. നാട്ടില്‍ അവസാനം കളിച്ച പത്ത് ടെസ്റ്റില്‍ ഒന്നില്‍ പോലും പാകിസ്ഥാന് ജയിക്കാനിയില്ലെന്നതും ശ്രദ്ധേയമാണ്. അവസാനം കളിച്ച 10 ടെസ്റ്റില്‍ ആറ് സമനിലകളും […]
റാവല്‍പിണ്ടി: ബംഗ്ലദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും തോറ്റതോടെ നാണക്കേടിന്റെ പടുകുഴിയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ടീം. ടെസ്റ്റ് പദവിയുള്ള പത്ത് രാജ്യങ്ങള്‍ക്കെതിരെയും സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ മാത്രം ടീമാണു പാക്കിസ്ഥാന്. ബംഗ്ലദേശാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം. നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് പാക്കിസ്ഥാനെകൂടി എത്തിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
നാട്ടില്‍ അവസാനം കളിച്ച പത്ത് ടെസ്റ്റില്‍ ഒന്നില്‍ പോലും പാകിസ്ഥാന് ജയിക്കാനിയില്ലെന്നതും ശ്രദ്ധേയമാണ്. അവസാനം കളിച്ച 10 ടെസ്റ്റില്‍ ആറ് സമനിലകളും നാലു തോല്‍വികളുമാണ് പാകിസ്ഥാന്റെ പേരിലുള്ളത്. 2022-23നുശേഷം ആദ്യമായാണ് പാകിസ്ഥാന് നാട്ടില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടായിരുന്നു ഇതിന് മുമ്പ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീം. പാകിസ്ഥാന് അവസാനമായി നാട്ടില്‍ ടെസ്റ്റ് ജയിച്ചിട്ട് 1303 ദിവസമായി.
2021 ഫെബ്രുവരി എട്ടിന് ദക്ഷിണാഫ്രിക്കയെയാണ് പാക്കിസ്ഥാന് അവസാനം തോല്പിച്ചത്. ബംഗ്ലദേശിനോടും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ടേബിളില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനത്തേക്കു വീണു. ബംഗ്ലദേശ് നാലാം സ്ഥാനത്തുണ്ട്.
രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ പാക്കിസ്ഥാന് ഉയര്‍ത്തിയ 185 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 56 ഓവറിലാണ് ബംഗ്ലദേശ് എത്തിയത്. രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2 - 0ന് സ്വന്തമാക്കി. വിദേശത്ത് ബംഗ്ലാദേശ് ജയിക്കുന്ന എട്ടാമത്തെ മാത്രം ടെസ്റ്റും മൂന്നാമത്തെ മാത്രം പരമ്പര നേട്ടവുമാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0നും സിംബാബ്വെക്കെതിരെ 1-0നും നേരത്തെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടുണ്ട്.
രണ്ടാം ഇന്നിങ്സില്‍ വിജയലക്ഷ്യത്തിലേക്ക് ചെറിയ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പാക്കിസ്ഥാനെതിരെ വിക്കറ്റ് വലിച്ചെറിയാതെയായിരുന്നു ബംഗ്ലദേശിന്റെ ബാറ്റിങ്. മുന്‍നിര ബാറ്റര്‍മാരായ സാകിര്‍ ഹസന് (39 പന്തില്‍ 40), സദ്മന്‍ ഇസ്ലാം (51 പന്തില്‍ 24), നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ (82 പന്തില്‍ 38), മൊമിനുല്‍ ഹഖ് (71 പന്തില്‍ 34) എന്നിവര്‍ തിളങ്ങി. മുഷ്ഫിഖര്‍ റഹീമും (51 പന്തില്‍ 22), ഷാക്കിബ് അല്‍ ഹസനും (43 പന്തില്‍ 21) പുറത്താകാതെനിന്നു.
ഓസ്ട്രേലിയയില്‍ 3-0ന് പരമ്പര തോറ്റ പാകിസ്ഥാന്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും തോല്‍വി അറിഞ്ഞിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമനില നേടാനായെങ്കിലും ഏകദിന പരമ്പരയില്‍ തോറ്റു. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരെയും പരമ്പര കൈവിട്ടു. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു.
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്റും 45.83 വിജശതമാനവുമായാണ് ഇംഗ്ലണ്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ആറ് ടെസ്റ്റില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ന്യൂസിലന്‍ഡ് 36 പോയന്റും 50 വിജയശതമാനവുമായി മൂന്നാം സ്ഥാനത്താണ്. 12 ടെസ്റ്റുകളില്‍ എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമുള്ള ഓസ്ട്രേലിയ 90 പോയന്റും 62.50 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒമ്പത് ടെസ്റ്റുകളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.52 വിജയശതമാനവുമായി ഇന്ത്യ തന്നെയാണ് ഒന്നാമത്.
15 ടെസ്റ്റില്‍ എട്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയും അടക്കം 81 പോയന്റും 45 വിജയശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് അഞ്ചാമത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയന്റും 19.05 വിജയശതമാനവും മാത്രമുള്ള പാകിസ്ഥാന് എട്ടാമതാണ്. വെസ്റ്റ് ഇന്‍ഡീസ് ആണ് അവസാന സ്ഥാനത്ത്.
ഈ മാസം 19 മുതല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നുണ്ട്. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും നവംബറിലും ഡിസംബറിലുമായി ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. അടുത്തവര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ രണ്ട് തവണയും ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടം നേടാനായിരുന്നില്ല.