- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് 163 റണ്‍സ് വിജയലക്ഷ്യം മറികടന്നത് ദക്ഷിണാഫ്രിക്ക; 2004ല്‍ മൈറ്റി ഓസീസിനെ 93 റണ്‍സിന് പുറത്താക്കി ഇന്ത്യ ജയിച്ചത് 13 റണ്‍സിന്; നൂറ് റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം മറികടന്നത് ഒറ്റത്തവണ മാത്രം; വാംഖഡെയില്‍ ഇന്ത്യ ഭയക്കുന്ന ചരിത്രം ഇങ്ങനെ
ഇന്ത്യ ഭയക്കുന്ന വാംഖഡേയുടെ ചരിത്രം
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടതോടെ മൂന്നാം മത്സരം ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ആശ്വാസജയത്തിനായി ഇന്ത്യ മൂന്നാം ദിനം ഇറങ്ങുമ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വാംഖഡെയിലെ സ്പിന്‍ പിച്ച് തന്നെയാണ്. വാംഖഡെയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ മാത്രമല്ല ഇന്ത്യയെ ഭയപ്പെടുത്തുന്നത്, ചരിത്രം കൂടിയാണ്.
ന്യൂസിലന്‍ഡിന് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 143 റണ്‍സിന്റെ ആകെ ലീഡാണുള്ളത്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ കിവീസ് ലീഡ് 150 കടക്കുന്നത് തടയുക എന്നതാവും ഇന്ത്യയുടെ ആദ്യ ലക്ഷ്യം. മൂന്നാം ടെസ്റ്റിലും തോറ്റാല്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മോഹങ്ങളും ഇന്ത്യക്ക് മറക്കേണ്ടിവരും.
വാംഖഡെയില്‍ നാലാമിന്നിംഗ്‌സില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും വലിയ വിജലക്ഷ്യം 163 റണ്‍സാണ്. അത് നേടിയത് പക്ഷെ ഇന്ത്യല്ല, ദക്ഷിണാഫ്രിക്കയാണ്. അന്ന് ആദ്യ ഇന്നിംഗ്‌സില്‍ 225 റണ്‍സടിച്ച ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 176 റണ്‍സില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 113 റണ്‍സിന് ഓള്‍ ഔട്ടായി. വിജയലക്ഷ്യമായ 164 റണ്‍സ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
ഇതൊഴിച്ച് നിര്‍ത്തിയാല്‍ വാംഖഡെയില്‍ ഒരു ടീമും നാലാം ഇന്നിംഗ്‌സില്‍ 100ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല. 1980ല്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ 96 റണ്‍സ് ചേസ് ചെയ്ത് 10 വിക്കറ്റിന് ജയിച്ചിരുന്നു. 2012ലും ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിട്ടുണ്ട്. 58 റണ്‍സായിരുന്നു അന്ന് നാലാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യം. 1984ല്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന് ജയിച്ചതാണ് ഇന്ത്യക്ക് എടുത്ത് പറയാനുള്ളത്. 51 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
2001ല്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ 47 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ അടിച്ചെടുത്തും ചരിത്രം. 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ 107 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ജയിച്ചത് 13 റണ്‍സിന്. 93 റണ്‍സിനാണ് വാംഖഡെിലെ വാരിക്കുഴിയില്‍ മൈറ്റി ഓസീസ് തകര്‍ന്നടിഞ്ഞത്.