- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഞ്ജു ഒരു സ്ഥാനം ഉറപ്പിച്ചു; നിങ്ങള്‍ ആവശ്യത്തിലധികം അഗ്രസീവ്; പുറത്തായ രീതി മുന്‍പ് ഐപിഎല്ലില്‍ എത്രയോ തവണ സംഭവിച്ചതാണ്; കഴിഞ്ഞുപോയ അവസരങ്ങള്‍ തിരിച്ചുകിട്ടില്ല'; അഭിഷേക് ശര്‍മയ്ക്ക് മുന്നറിയിപ്പുമായി ആകാശ് ചോപ്ര
അഭിഷേകിനെ കാണുമ്പോള്‍ തന്നെ ബോളര്‍മാര്‍ ബൗണ്‍സറുകള്‍ എറിയുന്നു
മുംബൈ: ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി 20 മത്സരങ്ങളില്‍ ഓപ്പണറായി അവസരം ലഭിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയ്ക്കു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സമയം നഷ്ടമായിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചുകിട്ടില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയില്‍ വിമര്‍ശിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങളില്‍ അഭിഷേകിന് തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനില്‍ നടക്കും. മികച്ച ഫോമിലുള്ള സഞ്ജു സാംസണിനൊപ്പം അഭിഷേക് ശര്‍മ തന്നെ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ഓപ്പണറാകും.
''രണ്ടു മത്സരങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയായി. സഞ്ജു സാംസണ്‍ ഒരു സ്ഥാനം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. അവസാന മത്സരത്തില്‍ അദ്ദേഹത്തിനു തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തുടര്‍ച്ചയായി രണ്ടു സെഞ്ചറികള്‍ അടിച്ച ബാറ്ററാണ് സഞ്ജു. ബംഗ്ലദേശിനെതിരെ ഹൈദരാബാദില്‍ അഭിഷേക് പുറത്തായ രീതി മുന്‍പ് ഐപിഎല്ലില്‍ എത്രയോ തവണ സംഭവിച്ചിട്ടുള്ളതാണ്. അഭിഷേകിനെ കാണുമ്പോള്‍ തന്നെ ബോളര്‍മാര്‍ ബൗണ്‍സറുകള്‍ എറിയാനാണു നോക്കുന്നത്. അതുകൊണ്ട് ആ പന്തുകളില്‍ സിംഗിളുകള്‍ എടുക്കുക, തേര്‍ഡ് മാനില്‍ റണ്‍സുകള്‍ കണ്ടെത്താന്‍ ശ്രമിക്കുക'' ആകാശ് ചോപ്ര പറഞ്ഞു.
''ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ടു മത്സരങ്ങളിലും രണ്ട് ഓവറുകള്‍ക്കുള്ളില്‍ അഭിഷേക് ശര്‍മ പുറത്തായി. നിങ്ങള്‍ ആവശ്യത്തിലധികം അഗ്രസീവ് ആണെന്നാണ് അതു കാണിക്കുന്നത്. ഇത്തരം ശൈലി നേരത്തേ നല്ലപോലെ നടപ്പാക്കിയിട്ടുണ്ടാകും. എന്നാല്‍ ഇപ്പോഴതു സാധിക്കുന്നില്ലെങ്കില്‍ നിലയുറപ്പിക്കുന്നതിനായി കുറച്ചു സമയമെടുക്കുക. കാരണം ഈ അവസരം കടന്നുപോയാല്‍ പിന്നീട് അതു തിരിച്ചുകിട്ടില്ല.'' ആകാശ് ചോപ്ര പ്രതികരിച്ചു.
രണ്ടാം ട്വന്റി20യില്‍ നാലു റണ്‍സെടുത്ത അഭിഷേക് ശര്‍മ ജെറാള്‍ഡ് കോട്‌സീയുടെ പന്തില്‍ പുറത്താകുകയായിരുന്നു. ആദ്യ മത്സരത്തില്‍ കോട്‌സീയെ മിഡ് ഓഫിലേക്ക് ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അഭിഷേകിന്റെ പുറത്താകല്‍. കഴിഞ്ഞ മാസം നടന്ന എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പിലാണ് അഭിഷേക് ഇന്ത്യയ്ക്കായി ഒടുവില്‍ തിളങ്ങിയത്.