മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മിന്നും ജയം കുറിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഉപനായകനും പേസറുമായ ജസ്പ്രിത് ബുമ്രയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. ബുമ്ര ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുമെന്നും ഇന്ത്യയുടെ മഹത്തായ താരത്തെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയതായി അഭിമാനത്തോടെ തന്റെ പേരക്കുട്ടികളോട് പറയുമെന്നും ഹെഡ് പറഞ്ഞു.

ഇന്ത്യ 295 റണ്‍സിന് വിജയിച്ച മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന പദവി ബുമ്ര ഉറപ്പിച്ചു. മത്സരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എത്ര വെല്ലുവിളികള്‍ നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്, ബുമ്രക്കെതിരെ കളിക്കുന്നത് മികച്ചതാണെന്നും ഹെഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബുമ്രയെ ഇനിയും നേരിടേണ്ടി വരും അത് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. പെര്‍ത്തില്‍ 8/72 എന്ന മികച്ച പ്രകടനമാണ് ബുമ്ര കാഴ്ചവെച്ചത്. പ്രധാന വിക്കറ്റുകള്‍ വിഴ്ത്തി മറ്റേതൊരു ബൗളറെയും അപേക്ഷിച്ച് ബുമ്ര തികച്ചും വ്യത്യസ്തനാണ്. ഒരോ ബാറ്റര്‍മാരെയും വിക്കറ്റിന് മുന്നില്‍ വ്യത്യസ്തമായ രീതിയില്‍ കുടുക്കുന്നു. ട്രാവിസ് ഹെഡ് പറഞ്ഞു.

അതേ സമയം ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചുപിടിച്ചിരുന്നു. ടെസ്റ്റ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ബുമ്ര വീണ്ടും 883 റാങ്കിംഗ് പോയന്റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ(872 റാങ്കിംഗ് പോയന്റ്) രണ്ടാമതും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്(860 റാങ്കിംഗ് പോയന്റ) മൂന്നാമതുമാണ്.


ഇന്ത്യയുടെ ആര്‍ അശ്വിനാണ് നാലാം സ്ഥാനത്ത്. പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങിയാണ് ബുമ്ര എട്ട് വിക്കറ്റെടുത്തത്.