- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്രേക്കറിന്റെ ക്രിക്കറ്റ് കളരിയില്‍ തുടങ്ങിയ സൗഹൃദം; സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ട്; ലോകക്രിക്കറ്റില്‍ ഒരാള്‍ ബാറ്റുകൊണ്ട് ചരിത്രം രചിച്ചപ്പോള്‍ പാതിവഴിയില്‍ വീണ രണ്ടാമന്; പ്രിയ പരിശീലകന്‍ സ്മരണാഞ്ജലിയായി കാംബ്ലിയുടെ ഗാനം; കയ്യടിച്ച് സച്ചിന്‍
പ്രിയ പരിശീലകന്‍ വിനോദ് കാംബ്ലിയുടെ ഗാനം, കയ്യടിച്ച് സച്ചിന്‍
മുംബൈ: ബാല്യകാല പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ സ്മരണയ്ക്കായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍, ബാല്യകാല സുഹൃത്തും സഹതാരവുമായിരുന്ന വിനോദ് കാംബ്ലിയുടെ പാട്ടിന് കയ്യടിച്ച് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അച്രേക്കര്‍ക്കുള്ള സ്മരണാഞ്ജലിയായി കാംബ്ലി ആലപിച്ച പഴയകാല ബോളിവുഡ് ഗാനത്തിനാണ് സദസിനൊപ്പം സച്ചിനും കയ്യടിച്ചത്. 'സര്‍ ജോ തേരാ ചക്റായേ, യാ ദില്‍ ദൂബ ജായേ' എന്ന ഗാനത്തിന്റെ ഏതാനും വരികള്‍ പാടിയ കാംബ്ലി, 'ലവ് യു സര്‍' എന്ന വാക്കുകളോടെയാണ് മൈക്ക് കൈമാറിയത്.
ചൊവ്വാഴ്ച മുംബൈയിലെ ശിവാജി പാര്‍ക്കില്‍, രമാകാന്ത് അച്രേക്കറിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഫലകത്തിന്റെ അനാച്ഛാദനം സച്ചിന്‍ തെന്‍ഡുല്‍ക്കറും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയും ചേര്‍ന്ന് നിര്‍വഹിച്ചു. അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് അച്രേക്കറിന്റെ സ്മരണാര്‍ഥം ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രത്യേക ഫലകം സ്ഥാപിച്ചത്.
രമാകാന്ത് അച്രേക്കറിന്റെ ക്രിക്കറ്റ് കളരിയില്‍ പ്രത്യേക ശിക്ഷണത്തില്‍ ക്രിക്കറ്റില്‍ കരിയര്‍ രൂപപ്പെടുത്തിയ ഒട്ടേറെ സൂപ്പര്‍താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. സച്ചിനും വിനോദ് കാംബ്ലിക്കും പുറമേ പരസ് മാംഭ്രെ, പ്രവീണ്‍ ആമ്രെ, ബല്‍വീന്ദര്‍ സിങ് സന്ധു, സമീര്‍ ഡിഗെ, സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
അതേസമയം, സ്‌കൂള്‍ ക്രിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ പങ്കാളികളായ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിനോദ് കാംബ്ലിയുടെയും കൂടിക്കാഴ്ചയാണ് ചടങ്ങിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആരോഗ്യപ്രശ്‌നങ്ങളുള്ള വിനോദ് കാംബ്ലിയെ, വേദിയില്‍വച്ച് സച്ചിന്‍ കണ്ടുമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കാംബ്ലിയെ കണ്ടയുടനെ സച്ചിന്‍ അടുത്തെത്തി സംസാരിച്ചു. സച്ചിന്റെ കൈകള്‍ മുറുകെപ്പിടിച്ചാണ് കാംബ്ലി മറുപടി നല്‍കിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കാംബ്ലിയുടെ പ്രതികരണം. സച്ചിന്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ കൈകള്‍ പിടിച്ചുവെയ്ക്കുന്ന കാംബ്ലിയെ വീഡിയോയില്‍ കാണാം. ഇതോടെ കാംബ്ലിയുടെ തൊട്ടടുത്തിരുന്ന ആള്‍ സച്ചിനോട് പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്.
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജീവിതത്തില്‍ എങ്ങനെയാകണമെന്നും എങ്ങനെയല്ലാതിരിക്കണമെന്നും ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നു എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. ജീവിതത്തിന്റെ രണ്ട് തലങ്ങള്‍ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വേറൊരു ക്യാപ്ഷന്‍. ജീവിതത്തിലെ വിജയവും പരാജയവും എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ സെഞ്ചുറി നേടി രാജ്യാന്തര ക്രിക്കറ്റില്‍ വരവ് അറിയിച്ച കാംബ്ലി പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളോടെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളുമാണ് കാംബ്ലി കളിച്ചത്. സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന സമയത്ത് സച്ചിനും കാംബ്ലിയുംചേര്‍ന്ന് റെക്കോഡ് കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നു. എന്നാല്‍ അച്ചടക്കമില്ലായ്മ കാരണം കാംബ്ലിക്ക് കരിയറില്‍ സച്ചിനെപ്പോലെ നേട്ടങ്ങളുണ്ടാക്കാനായില്ല. 2004-ല്‍ കരിയര്‍ പൂര്‍ണമായും അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ സച്ചിനാകട്ടെ, ക്രിക്കറ്റിലെ അപൂര്‍വ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി പേരില്‍ കുറിച്ച് ഇതിഹാസതാരമായി മാറി. നൂറ് സെഞ്ചുറികളടക്കം രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ കുറിച്ച ഒട്ടേറെ റെക്കോര്‍ഡുകള്‍ വിരമിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും അജയ്യമായി തുടരുന്നുവെന്നതും ശ്രദ്ധേയമാണ്.
ബിസിസിഐ നല്‍കുന്ന പെന്‍ഷനാണ് കുടുംബത്തിന്റെ ഏക വരുമാനമെന്ന് 2022-ല്‍ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിരുന്നു. എന്നാല്‍ പുതിയ വീഡിയോയിലും കാംബ്ലി ക്ഷീണിതനും ദുര്‍ബലനുമായാണ് കാണപ്പെടുന്നത്.