- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാനാവില്ല; ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പരിചയക്കുറവിന്റെ പ്രശ്നമുണ്ട്'; അഡ്ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ തുറന്നു പറഞ്ഞ് രോഹിത് ശര്‍മ
അഡ്ലെയ്ഡിലെ തോല്‍വിക്ക് പിന്നാലെ തുറന്നു പറഞ്ഞ് രോഹിത് ശര്‍മ
അഡ്‌ലെയ്ഡ്: ഗവാസ്‌കര്‍ - ബോര്‍ഡര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് പത്ത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നായകന്‍ രോഹിത് ശര്‍മ. ജസ്പ്രീത് ബുമ്രയ്ക്കു പുറമേയുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പരിചയക്കുറവിന്റെ പ്രശ്‌നമുണ്ടെന്ന് തുറന്നു സമ്മതിച്ച രോഹിത് മുന്നോട്ടു പോകുന്തോറും ബോളിങ് മെച്ചപ്പെടുത്താനും ആത്മവിശ്വാസം ആര്‍ജിക്കാനും ഇവര്‍ക്കാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ജസ്പ്രീത് ബുമ്ര മാത്രമല്ല ഏക ബോളറെന്നും മറ്റു ബോളര്‍മാരുമുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്രയെക്കൊണ്ടു മാത്രം എറിയിക്കാന്‍ പറ്റില്ലെന്ന് രോഹിത് ചൂണ്ടിക്കാട്ടി. മുഹമ്മദ് സിറാജായാലും ഹര്‍ഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും ആകാശ്ദീപോ പ്രസിദ്ധ് കൃഷ്ണയോ ആയാലും ബുമ്രയ്ക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി വിക്കറ്റുകള്‍ വീഴ്ത്താനുള്ള ചുമതലയുണ്ടെന്ന് രോഹിത് പറഞ്ഞു. ഒരു കളികൊണ്ടു മാത്രം ഒരാളെയും വിലയിരുത്താനാകില്ലെന്നും രോഹിത് വ്യക്തമാക്കി.
''ഒറ്റ ബോളറുമായിട്ടല്ല നമ്മള്‍ കളിക്കുന്നത്. മുഹമ്മദ് സിറാജായാലും ഹര്‍ഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും ആകാശ്ദീപോ പ്രസിദ്ധ് കൃഷ്ണയോ ആയാലും ബുമ്രയ്ക്കൊപ്പം ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനായി വിക്കറ്റുകള്‍ വീഴ്ത്താനുള്ള ചുമതല ഇവര്‍ക്കു കൂടിയുള്ളതാണ്' മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ചൂണ്ടിക്കാട്ടി.
''ഈ ബോളര്‍മാരില്‍ മിക്കവരും ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയിട്ടേയുള്ളൂ. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കേണ്ട ചുമതല ടീമിന്റേതാണ്. അവര്‍ കളത്തിലിറങ്ങുമ്പോഴെല്ലാം ആത്മവിശ്വാസം നല്‍കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. വരും മത്സരങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ശൈലികളും സംബന്ധിച്ച് ടീമിനുള്ളില്‍ ചര്‍ച്ചകള്‍ തുടരും. രാവിലെ മുതല്‍ വൈകിട്ട് വരെ രണ്ടറ്റത്തുനിന്നും ബുമ്ര തന്നെ ബോള്‍ ചെയ്യണമെന്ന് ചിന്തിക്കാനാകില്ലല്ലോ.
''ബോളര്‍മാരെ കൈകാര്യം ചെയ്യുന്നത് പ്രധാനപ്പെട്ട സംഗതി തന്നെയാണ്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ ടീമിനുള്ളില്‍ ചര്‍ച്ച ചെയ്യാറുള്ളതാണ്. ബോളര്‍മാരുമായി സംസാരിച്ചു തന്നെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ബുമ്ര ഓരോ സ്‌പെല്‍ പൂര്‍ത്തിയാക്കുമ്പോഴും ഞാന്‍ അദ്ദേഹത്തോടു പോയി സംസാരിക്കാറുണ്ട്. മടുപ്പുണ്ടോയെന്ന് ചോദിക്കും. ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ്. ബുമ്ര എല്ലാ മത്സരങ്ങളും കളിക്കേണ്ടതും ഉണര്‍വോടെയിരിക്കേണ്ടതും ടീമിന്റെ ആവശ്യമാണ്.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിക്കറ്റൊന്നും വീഴ്ത്താനായില്ലെങ്കിലും, അതിന്റെ പേരില്‍ ഹര്‍ഷിത് റാണയെ പഴി പറയുന്നതില്‍ കാര്യമില്ലെന്ന് രോഹിത് വ്യക്തമാക്കി.
''ആദ്യ ടെസ്റ്റില്‍ ഹര്‍ഷിത് റാണ പിഴവുകളൊന്നും വരുത്തിയില്ല. അദ്ദേഹം തന്റെ ജോലി നന്നായിത്തന്നെ ചെയ്തു. ആവശ്യമുള്ളപ്പോഴെല്ലാം ടീമിന് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിഴവുകളൊന്നും വരുത്താത്ത ഒരാളെ അകാരണമായി പുറത്തിരുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്താല്‍ അത് ടീമിന് എന്തു സന്ദേശമാണ് നല്‍കുക?' രോഹിത് ചോദിച്ചു.
''ചിലപ്പോള്‍ ടീമിന് വേണ്ടതു നല്‍കാന്‍ സാധിച്ചെന്നു വരില്ല. അതു സ്വാഭാവികമല്ലേ. സമ്മര്‍ദ്ദത്തിലാക്കിയ നല്ലൊരു ബാറ്റര്‍ക്കെതിരെയാണ് അദ്ദേഹം പന്തെറിഞ്ഞത്. അദ്ദേഹത്തിന് ആത്മാര്‍ഥതയുള്ള സമീപനവും വിക്കറ്റെടുക്കാനുള്ള ആവേശവുമുണ്ട്. അതുകൊണ്ട് നാം വേണ്ട പിന്തുണ നല്‍കിയേ മതിയാകൂ.
''നിങ്ങള്‍ എനിക്ക് ഒരു മത്സരത്തില്‍ അവസരം തന്നെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ പുറത്തിരുത്തിയെന്ന് ബോളര്‍ ചിന്തിക്കില്ലേ? അത്തരമൊരു ചിന്ത കളിക്കാരനും ടീമിനും ഗുണം ചെയ്യില്ല എന്നാണ് ഞാന്‍ കരുതുന്നത്. സാഹചര്യം എന്താണെന്നും ഓരോ ഘടകങ്ങളും എത്രമാത്രം സഹായകമാണെന്നും വിലയിരുത്തി വേണം തീരുമാനമെടുക്കാന്‍.
''ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ഒരു താരത്തെ വിലയിരുത്തുന്നത് ശരിയല്ല. ഒരു മത്സരം ജയിക്കുന്നതിനായി ഏതു താരത്തെ കളിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്നാണ് നാം പരിഗണിക്കുന്നത്. കളി ജയിക്കാന്‍ മാറ്റം അനിവാര്യമാണെന്നു തോന്നിയാല്‍ മാത്രം മാറ്റം പരിഗണിക്കും' രോഹിത് പറഞ്ഞു.