- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൗളിംഗില്‍ തലമുറ മാറ്റത്തിന്റെ കാലം; മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടില്ലെന്നും ബുമ്ര; ബാറ്റര്മാരെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി
ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിന്റെ കാലമെന്ന് ബുമ്ര
ബ്രിസ്‌ബേന്‍: അഡ്‌ലെയ്ഡിലും ബ്രിസ്‌ബേനിലും മുഹമ്മദ് സിറാജ് അടക്കം പേസര്‍മാര്‍ നിറം മങ്ങിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ന്യായികരിച്ച് ജസ്പ്രീത് ബുമ്ര. മോശം പ്രകടനത്തിന്റെ പേരില്‍ ടീമിലെ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടില്ലെന്നും വ്യക്തിഗത നേട്ടങ്ങളോ വ്യക്തിഗത പരാജയങ്ങളോ അല്ല ടീമായാണ് ജയങ്ങളെയും പരാജയങ്ങളെയും നേരിടുന്നതെന്നും ജസ്പ്രീത് ബുമ്ര പറഞ്ഞു. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളിക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബുമ്ര.
നീ അതുചെയ്യണം, നീ ഇതു ചെയ്യണം എന്നു പറഞ്ഞ് ടീമിലെ ആര്‍ക്കുനേരെയും ഞങ്ങള്‍ വിരല്‍ ചൂണ്ടാറില്ല. ടീം എന്ന നിലയില്‍ സംഘമായാണ് നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലാതെ വ്യക്തിഗതമായല്ല. ബൗളിംഗില്‍ നമ്മളൊരു തലമുറ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ബൗളര്‍മാരെ സഹായിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ കളിക്കും തോറും അവര്‍ കൂടുതല്‍ മെച്ചപ്പെടും.
ടീമില്‍ ഞങ്ങള്‍ പതിനൊന്നു പേരുണ്ട്. അതില്‍ ഞാന്‍ മാത്രമാണ് എല്ലാം ചെയ്യേണ്ടയാളെന്ന് ഞാന്‍ കരുതുന്നില്ല. മുഹമ്മദ് സിറാജിന്റെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവനൊരു യഥാര്‍ത്ഥ പോരാളിയാണ്. പരിക്കുണ്ടായിട്ടും അവന്‍ ഈ ടെസ്റ്റില്‍ നന്നായി പന്തെറിഞ്ഞു. വിക്കറ്റ് കിട്ടാതിരുന്നത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. പരിക്കുണ്ടായിട്ടും അവന്‍ കളിക്കാനിറങ്ങിയത്, അവന്റെ അസാന്നിധ്യം ടീമിന് സമ്മര്‍ദ്ദം നല്‍കുമെന്നതുകൊണ്ടാണെന്നും ബുമ്ര പറഞ്ഞു.
ടീമിന്റെ ബാറ്റിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബുമ്ര നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഗാബയിലെ സാഹചര്യങ്ങള്‍വെച്ചു നോക്കുമ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് താങ്കള്‍ എന്റെ ബാറ്റിംഗിനെക്കുറിച്ചാണോ ചോദിച്ചത്, എങ്കില്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി, ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ ആരാണെന്ന് എന്നായിരുന്നു ബുമ്രയുടെ മറുപടി. 2022ല്‍ ബര്‍മിങ്ഹാം ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 34 റണ്‍സടിച്ചതിനെക്കുറിച്ചായിരുന്നു ജസ്പ്രീത് ബുമ്രയുടെ പരാമര്‍ശം.
അതേ സമയം മത്സരത്തിനിടെ ബുമ്രക്കെതിരെ നടത്തിയ വംശീയ പരാമര്‍ശത്തില്‍ ഇംഗ്ലണ്ട് മുന്‍ താരവും അവതാരകയുമായ ഇസ ഗുഹ പരസ്യമായ മാപ്പു പറഞ്ഞിരുന്നു. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയെ ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ്(വാലില്ലാത്ത ആള്‍ക്കുരങ്ങ്) എന്നായിരുന്നു ഇസ ഗുഹ വിശേഷിപ്പിച്ചത്. ബുമ്രയെ പ്രകീര്‍ത്തിച്ച് പറഞ്ഞതാണെങ്കിലും ഇത് വംശീയ പരാമര്‍ശമാണെന്ന ആരോപണം ഉയരുകയും പരാമര്‍ശം വന്‍വിദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ ഗുഹ ലൈവില്‍ വന്ന് മാപ്പു പറഞ്ഞത്.
ഏറ്റവും വിലപിടിപ്പുള്ള ആള്‍ക്കുരങ്ങാണ് ബുമ്ര, ഈ ടെസ്റ്റ് പരമ്പരക്ക് മുമ്പ് അവനെക്കുറിച്ച് ആളുകള്‍ ഇത്രയധികം സംസാരിക്കുന്നതും അവന്റെ കായികക്ഷമതയിലേക്ക് ഉറ്റുനോക്കിയതും വെറുതെയല്ല. പക്ഷെ ഗ്രൗണ്ടില്‍ അവനെ പിന്തുണക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണമെന്നായിരുന്നു ഇസ ഗുഹ പറഞ്ഞത്. ഇന്ന് രാവിലെ ഫോക്‌സ് ക്രിക്കറ്റിന്റെ കമന്ററിക്കെത്തിയ ഇസ ഗുഹ, ഇന്നലെ കമന്ററിക്കിടെ താന്‍ നടത്തിയ പരാമര്‍ശം മോശമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ടെന്നും താന്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറയുന്നുവെന്നും വ്യക്തമാക്കി.
തന്റെ കമന്ററി മുഴുവനായി കേട്ടാല്‍ ഇന്ത്യയുടെ മഹത്തായ ഒരു കളിക്കാരനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാചകങ്ങളായിരുന്നു അതെന്ന് ആര്‍ക്കും മനസിലാവുമെന്നും എന്നാല്‍ ബുമ്രയുടെ നേട്ടത്തിന്റെ വലിപ്പം കാണിക്കാനായി താന്‍ ഉപയോഗിച്ച പദം തെറ്റായി പോയെന്നും ഇസ ഗുഹ പറഞ്ഞു. അതിന് നിരുപാധികം മാപ്പ് പറയുന്നുവെന്നും ഒരു ദക്ഷിണേഷ്യക്കാരി കൂടിയായ തനിക്ക് മറ്റ് ഉദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇസ ഗുഹ വ്യക്തമാക്കി.
ഇസ ഗുഹ മാപ്പു പറഞ്ഞതിനെ കമന്ററിയില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി അഭിനന്ദിച്ചു. ധീരയായ വനിതയാണ് ഇസ ഗുഹയെന്നും ലൈവ് കമന്ററിക്കിടെ മാപ്പു പറയാന്‍ ധൈര്യം വേണമെന്നും രവി ശാസ്ത്രി പറഞ്ഞു. ആളുകള്‍ക്ക് തെറ്റു പറ്റാമെന്നും തെറ്റ് പറ്റിയാല്‍ തിരുത്താന്‍ തയാറാവുന്നതാണ് മഹത്തായ കാര്യമെന്നും ഇതോടെ ഈ അധ്യായം അവസാനിച്ചുവെന്നും രവി ശാസ്ത്രി പറഞ്ഞു.