ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഓസ്‌ട്രേലിയ്ക്ക് എതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ബ്രിസ്‌ബേയ്‌നില്‍ തന്റെ വിരമിക്കല്‍ തീരുമാനം അശ്വിന്‍ അറിയിക്കുകയായിരുന്നു. അശ്വിന്‍ ഈ തീരുമാനമെടുത്ത സമയത്തിന്റെ കാര്യത്തിലായിരുന്നു ആശയക്കുഴപ്പം.

എന്നാല്‍ അശ്വിന്‍ വിരമിക്കുന്ന കാര്യം ഇന്നാണ് അറിഞ്ഞതെന്ന് ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിനു തൊട്ടുപിന്നാലെ വിരാട് കോലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചപ്പോള്‍, ആദ്യ ടെസ്റ്റ് നടന്ന പെര്‍ത്തില്‍ ടീം എത്തിയതു മുതല്‍ ഇതേക്കുറിച്ച് കേള്‍ക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ രോഹിത്ത് പറഞ്ഞത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ശേഷിക്കെ അശ്വിന്‍ എടുത്ത തീരുമാനത്തില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ടീമിനെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം എന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം.

എന്നാല്‍ തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് തുറന്നു പറഞ്ഞ് പിതാവ് രവിചന്ദ്രന്‍ രംഗത്തെത്തി. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെപ്പോലെ താനും ഇന്നലെയാണ് അറിഞ്ഞതെന്നും രവിചന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം ഞാനും അറിഞ്ഞത്. അവന്റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതില്‍ ഇല്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും മറ്റൊരു വശത്തുനിന്ന് ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി.

അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം.

എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞതുപോലെയല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിരമിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതെന്നാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പറയുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ നാലാം ദിനമാണ് വിരമിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും അശ്വിന്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയതിന് നേരെവിരുദ്ധമായ കാര്യമാണ് അശ്വിന്‍ ഇന്ന് പറഞ്ഞത്.

ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് പെര്‍ത്തില്‍ എത്തിയപ്പോഴാണ് അശ്വിന്‍ വിരമിക്കാനുള്ള തീരുമാനമെടുത്തകാര്യം താന്‍ അറിഞ്ഞതെന്ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്ന പ്രസ്താവനയാണ് അശ്വിന്‍ ഇന്ന് നടത്തിയത്. വിരമിക്കാനുള്ള തീരുമാനം ഒട്ടും വികാരപരമല്ലെന്നും അശ്വിന്‍ ഇന്ന് വ്യക്തമാക്കി.

ഒരുപാട് ആളുകള്‍ വിരമിക്കലിനെ വികാരപരമായി കാണാറുണ്ട്. അതിലവര്‍ പലപ്പോഴും ദു:ഖിക്കുന്നതും കാണാറുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. കുറച്ചുകാലമായി മനസിലുള്ളതായിരുന്നെങ്കിലും ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ നാലാം ദിനമാണ് ഞാന്‍ തീരുമാനത്തിലെത്തിയത്. അത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ളതായിരുന്നില്ല. കാരണം, പുതിയ വഴിയിലൂടെ നടക്കാന്‍ ഞാന്‍ തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു.

ക്യാപ്റ്റനാവാതിരുന്നതില്‍ ദു:ഖുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം ദു:ഖങ്ങളൊന്നുമില്ലെന്ന് അശ്വിന്‍ പറഞ്ഞു. അങ്ങനെ ദു:ഖിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ ഒരു ദു:ഖവുമില്ല. വീട്ടിലെത്തിയപ്പോള്‍ ഇത്രയും വലിയ സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചില്ല. ആരോടും പറയാതെ വീട്ടിലെത്തി കുറച്ച് വിശ്രമിക്കണമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ ഇവിടെയെത്തിയ നിങ്ങളെല്ലാം എന്റെ ഈ ദിവസത്തെ അര്‍ത്ഥപൂര്‍ണമാക്കി. ഞാന്‍ എത്രയോ വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നു. പക്ഷെ 2011ലെ ലോകകപ്പ് നേട്ടം കഴിഞ്ഞ് ഇപ്പോഴാണ് ഇത്തരമൊരു സ്വീകരണം ലഭിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിക്കറ്റെടുക്കുന്നതും റണ്‍സടിക്കുന്നതുമെല്ലാ സ്വപ്നം കാണാറുണ്ട്. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി അത്തരം സ്വപ്നങ്ങളൊന്നും ഞാന്‍ കാണാറില്ല. മാറി നടക്കാന്‍ സമയാമായിരിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു അതെന്നും അശ്വിന്‍ പറഞ്ഞു.

കോലിയും രോഹിതും അറിയാത്ത അശ്വിന്റെ മനസ്

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് പുരോഗമിക്കവെ ഒരു ഇന്ത്യന്‍ സീനിയര്‍ താരം വിരമിക്കുമെന്ന വിവരം പുറത്തറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അമ്പരപ്പായിരുന്നു. മോശം ഫോമിലുള്ള നായകന്‍ രോഹിത് ശര്‍മയാണോ എന്ന് പോലും സംശയിച്ചിരുന്നു. എന്നാല്‍ മത്സരം മഴ മുടക്കിയപ്പോള്‍ ഡ്രസിങ് റൂമില്‍വച്ച് കോലി അശ്വിനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അശ്വിന്‍ ഈ ടെസ്റ്റോടെ വിരമിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പിന്നാലെ പ്രചരിക്കാനും ഈ ദൃശ്യങ്ങള്‍ കാരണമായി.

അശ്വിന്‍ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് തന്നോടു പറഞ്ഞത് ഇന്നാണെന്ന് (ബുധനാഴ്ച) കോലി കുറിച്ചെങ്കിലും, ഇക്കാര്യം മുന്‍പേ അശ്വിന്റെ മനസ്സിലുണ്ടായിരുന്നോ എന്നതില്‍ കോലി ഒന്നും പ്രതികരിച്ചില്ല. ''14 വര്‍ഷത്തോളം താങ്കള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. പക്ഷേ വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇന്ന് എന്നോടു പറഞ്ഞപ്പോള്‍, ഞാന്‍ ഒരു നിമിഷം വികാരാധീനനായിപ്പോയി. താങ്കള്‍ക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ഓര്‍മകള്‍ എന്റെ മനസ്സിലേക്കെത്തി' അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോലി കുറിച്ചു.

അതേസമയം, അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിനിടെ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍, പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ തന്നെ ഇക്കാര്യം കേട്ടിരുന്നു എന്നായിരുന്നു മറുപടി. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്നതിനാല്‍, പെര്‍ത്ത് ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല.

''പെര്‍ത്തിലേക്ക് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. ഈ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ 34 ദിവസം ഞാന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എന്തായാലും വിരമിക്കുന്ന കാര്യം അശ്വിന്റെ മനസ്സില്‍ ആ സമയം മുതല്‍ ഉണ്ടായിരുന്നു. അശ്വിന്റെ ഈ തീരുമാനത്തെ സ്വാധീനിച്ച ഒട്ടേറെ കാര്യങ്ങളുണ്ടാകുമെന്ന് തീര്‍ച്ച.

കളമൊഴിയുന്നതിന്റെ വൈകാരികമായ ബുദ്ധിമുട്ടുകളില്‍നിന്ന് മോചിതനാകുമ്പോള്‍ അതേക്കുറിച്ച് അശ്വിന്‍ തന്നെ വിശദീകരിക്കുമെന്ന് കരുതുന്നു. ടീമിന് എന്താണ് വേണ്ടത്, ടീം എന്താണ് ചിന്തിക്കുന്നത് എന്ന കാര്യങ്ങളിലെല്ലാം അശ്വിന് കൃത്യമായ ധാരണയുണ്ട്. ടീമിന്റെ ഘടന ഏതു വിധത്തിലാകണമെന്നാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നതെന്നും അശ്വിന് ബോധ്യമുണ്ട്.''

''സത്യത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇവിടെ എത്തുന്ന സമയത്തു പോലും ഏതു സ്പിന്നറെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ടീമിന് തീര്‍ച്ചയുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം മത്സരം നടക്കുന്ന വേദിയിലെ സാഹചര്യങ്ങളും പിച്ചിന്റെ അവസ്ഥയും വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് കരുതിയത്.

ഞാന്‍ പെര്‍ത്തില്‍ എത്തിയ സമയത്ത്, അശ്വിന്റെ വിരമിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട സംസാരം നടക്കുന്നുണ്ടായിരുന്നു. എന്തായാലും അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ ഒരു വിധത്തിലാണ് അദ്ദേഹത്തെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചത്. ഈ പരമ്പരയില്‍ തന്നെ ആവശ്യമില്ലെങ്കില്‍, കളി നിര്‍ത്താം എന്ന് അദ്ദേഹം ചിന്തിച്ചിരുന്നിരിക്കാം.' രോഹിത് പറഞ്ഞു.

അപ്രതീക്ഷിത തീരുമാനം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തപ്പോള്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെങ്കില്‍ മാത്രമെ തന്നെ പരിഗണിക്കേണ്ടതുള്ളൂ എന്ന് അശ്വിന്‍ സെലക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. രോഹിത് ശര്‍മ തിരിച്ചെത്തിയ രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.

പിന്നാലെ ബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്.