മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും യുവതാരം പൃഥ്വി ഷായെ ഒഴിവാക്കിയത് ഗുരുതര അച്ചടക്കലംഘനം കാരണമെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ മുംബൈക്കായി ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും പരിശീലന സെഷനുകളില്‍ കൃത്യമായി പങ്കെടുക്കാതെയും രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തും പൃഥ്വി ഷാ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിലെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള രോഷം സമൂഹമാധ്യമങ്ങളില്‍ പൃഥ്വി ഷാ പരസ്യപ്പെടുത്തിയതിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കടുത്ത അതൃപ്തിയിലാണ്. ടീമിനൊപ്പം ക്യാംപിലുണ്ടായിരിക്കുന്ന സമയത്തും പൃഥ്വി ഷാ രാത്രി മുഴുവന്‍ പുറത്തായിരിക്കുമെന്നും രാവിലെ ആറു മണിക്കൊക്കെയാണ് ഹോട്ടലിലേക്കു തിരികെയെത്തുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീല്‍ഡിംഗിനിറക്കുമ്പോള്‍ ഗ്രൗണ്ടില്‍ പലപ്പോഴും 10 ഫീല്‍ഡര്‍മാരുമായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയര്‍ അംഗം പറഞ്ഞു. കായികക്ഷമത ഇല്ലാത്തതിനാല്‍ പലപ്പോഴും പൃഥ്വി ഷായെ ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തേണ്ട ഗതികേടിലാണ് മുംബൈ ടീം. അടുത്തുകൂടെ പോകുന്ന പന്തുകള്‍പോലും പിടിക്കാന്‍ പലപ്പോഴും അവന് കഴിയുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും പന്തിന്റെ ലൈനിലേക്ക് എത്താനുമാവുന്നില്ല. അച്ചടക്കത്തിന്റെ കാര്യത്തിലും കായികക്ഷമതയുടെ കാര്യത്തിലും കളിയോടുള്ള സമീപനത്തിന്റെ കാര്യത്തിലും പൃഥ്വി ഷാ പലപ്പോഴും പിന്നിലാണ്.

മുഷ്താഖ് അലി ട്രോഫിക്കിടെ പലപ്പോഴും പരിശീലന സെഷനുകളില്‍ പങ്കെടുക്കാതെ വിട്ടു നിന്ന പൃഥ്വി ഷാ രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് രാവിലെ ആറ് മണിക്കൊക്കെയാണ് ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയിരുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്രതികരണം നടത്തിയതുകൊണ്ടൊന്നും മുംബൈ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ നിലപാട് മാറാന്‍ പോകുന്നില്ലെന്നും പ്രതിനിധി പറഞ്ഞു.

മുംബൈ ടീം നായകന്‍ ശ്രേയസ് അയ്യരും പൃഥ്വി ഷായുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. കളിയോടുള്ള സമീപനം മാറ്റിയാല്‍ പൃഥ്വി ഷായ്ക്ക് ആകാശമാണ് അതിരെന്ന് ശ്രേയസ് അയ്യര്‍ മുഷ്താഖ് അലി ട്രോഫി കിരീടം നേടിയശേഷം പറഞ്ഞിരുന്നു. മടിയിലരുത്തി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പൃഥ്വി ഷാ ചെറിയ കുട്ടിയല്ലെന്നും എല്ലാവരും അവനെ ഉപദശിച്ചിരുന്നുവെന്നും എങ്ങനെയാണ് മെച്ചപ്പെടേണ്ടതെന്ന് പൃഥ്വി ഷാ സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്നും ശ്രേയസ് വ്യക്തമാക്കിയിരുന്നു.

നേരത്തെ സമാനമായ പ്രശ്‌നങ്ങളുടെ പേരില്‍ മുംബൈ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ . ''ദൈവമേ, ഞാന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയൂ. 65 ഇന്നിംഗ്സില്‍ നിന്ന് 3399 റണ്‍സ്. അതും 55.07 ശരാശരിയില്‍. 126 സ്ട്രൈക്ക് റേറ്റും എനിക്കുണ്ട്. ഇത്രയൊന്നും മതിയാവില്ലേ. ഞാനിപ്പോഴും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ജനം എന്നെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ തിരിച്ചുവരുമെന്ന്'' പൃഥ്വി കുറിച്ചിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, ശിവം ദുബെ തുടങ്ങിയ പ്രമുഖ താരങ്ങളും കളിക്കുന്നുണ്ട്.