മുംബൈ: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മിന്നും സെഞ്ചുറിയിലൂടെ ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ ജനുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് മലയാളി താരം സഞ്ജു സാംസണ്‍. അതേ സമയം കരിയറിലെ പെട്ടെന്നുണ്ടായ മുന്നേറ്റത്തിനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും സഞ്ജു സാംസണ്‍ പറയുന്നു. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സുമായി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ എബി ഡിവില്ലിയേഴ്സ് 360യില്‍ (AB de Villiers 360) സംസാരിക്കുവെയാണ് സഞ്ജു മനസു തുറന്നത്.

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് എബി ഡിവില്ലിയേഴ്‌സ് ഞെട്ടിക്കുകയും ചെയ്തു. ഡിവില്ലിയേഴ്‌സിന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് 'എടാ മോനെ, സൂപ്പറല്ലേ' എന്ന് ഡിവില്ലിയേഴ്‌സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ചറി നേടിയപ്പോള്‍ വലിയ സന്തോഷമാണ് ഉണ്ടായതെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം വിഡിയോയില്‍ പ്രതികരിച്ചു.

അതേ സമയം കരിയറില്‍ പെട്ടെന്നു മാറ്റമുണ്ടായെങ്കിലും അതിനായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്ന് സഞ്ജു അഭിമുഖത്തില്‍ പറയുന്നു. ''എന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നതാണു സത്യം. പരിശീലന സമയമൊന്നും കൂട്ടിയിട്ടില്ല. മുന്‍പ് ചെയ്ത അത്രയും സമയം ഇപ്പോഴും പരിശീലിക്കുന്നുണ്ട്. എന്തു മാറ്റമാണു കൊണ്ടുവന്നതെന്നാണു ഞാനും ഇപ്പോള്‍ ചിന്തിക്കുന്നത്. ടീമില്‍ അവസരങ്ങള്‍ വരുമ്പോള്‍ പ്ലേയിങ് ഇലവനില്‍ കാണില്ല, അല്ലെങ്കില്‍ ട്രാവല്‍ റിസര്‍വായി മാത്രം പോകാം എന്നൊക്കെയാണു മുന്‍പു ചിന്തിച്ചിരുന്നത്. എന്നാലും ഞാന്‍ എപ്പോഴും തയാറായിരിക്കണം.''

''കളിക്കുമ്പോഴും ഞാന്‍ വ്യത്യസ്തമായി എന്താണു ചെയ്യുന്നതെന്ന് ആലോചിക്കും. പരിശീലനം എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങളില്‍ നമുക്ക് ഉത്തരങ്ങള്‍ കിട്ടില്ല. ഒഴുക്കിനൊപ്പം പോകുകയാണു ഞാന്‍. പക്ഷേ നടന്നതിനെല്ലാം നന്ദിയുണ്ടാകും. എല്ലാ അവസരങ്ങളിലും പിച്ചില്‍ ആധിപത്യം നേടിയെടുക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. 20 ഓവര്‍ മത്സരങ്ങള്‍ വളരെ ചെറുതായി തോന്നാറുണ്ട്. കാരണം എനിക്കു ശേഷം ഏഴോളം ബാറ്റര്‍മാര്‍ വരാനുണ്ട്. അതുകൊണ്ടു തന്നെ നമുക്കു ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ച കാര്യം തന്നെ പുറത്തെടുക്കേണ്ടിവരും.''

ട്വന്റി20യില്‍ മികച്ച വിജയലക്ഷ്യം എന്താണെന്നു നമുക്കു പറയാനാകില്ല. എന്തിനാണ് വെറുതെ പന്തുകള്‍ പാഴാക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ ചിന്തിക്കാറുണ്ട്. വിക്കറ്റ് മോശമാണെങ്കിലും റിസ്‌ക് എടുത്ത് വലിയ ടോട്ടല്‍ കണ്ടെത്തുകയെന്നത് ബാറ്ററുടെ ഉത്തരവാദിത്തമാണ്. അല്ലാതെ വിക്കറ്റു വീഴ്ത്തുമെന്ന പ്രതീക്ഷയില്‍ നമ്മുടെ ബോളറെ നോക്കിനില്‍ക്കരുത്.'' സഞ്ജു സാംസണ്‍ പറഞ്ഞു.

അന്താരാഷ്ട്ര ടി20യില്‍ ഈ വര്‍ഷം സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിനു വേണ്ടി പ്രത്യേകമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബാറ്റിങ് ശൈലി നോക്കിയാല്‍ ഞാന്‍ എല്ലായ്പ്പോഴും ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്റെ സ്വഭാവം എല്ലായ്പ്പോഴും ഇങ്ങനെ തന്നെയാണ്. പോസിറ്റീവായി കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഓരോ തവണ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും സ്വയം പ്രകടിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

ടി20യില്‍ നിങ്ങളൊരു ടോട്ടല്‍ പടുത്തുയര്‍ത്തുമ്പോള്‍ എത്രയാണ് നല്ല സ്‌കോറെന്നു നിങ്ങള്‍ക്കു ഒരിക്കലും അറിയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യാനെത്തിയാല്‍ നിങ്ങളെന്തിന് ബോളുകളും സമയവുമെല്ലാം പാഴാക്കണം? ഈ ചോദ്യമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ തുടങ്ങിയ ശേഷം ഞാന്‍ സ്വയം ചോദിക്കാന്‍ തുടങ്ങിയത്. ഒരു സ്ലോ വിക്കറ്റില്‍ കളിക്കുകയാണെങ്കില്‍ ഈ കാരണം പറഞ്ഞ് 150-160 റണ്‍സ് മാത്രമേ ഞങ്ങള്‍ നേടൂയെന്നു പറയാന്‍ പാടില്ല.

രണ്ടാമിന്നിങ്സില്‍ വിക്കറ്റ് മെച്ചപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ബൗളര്‍മാര്‍ ഉജ്ജ്വല ബൗളിങിലൂടെ എതിര്‍ ടീമിനെ അതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ഓള്‍ ഔട്ടാക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ബാറ്ററുടെ ജോലിയാണ്. ബാറ്റര്‍മാര്‍ റിസ്‌ക്കെടുക്കുകയും വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയും വേണം. കാരണം റണ്‍ ചേസിങ്ങെന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയിരിക്കുകയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം സഞ്ജുവിനെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം കാണാവുക ജനുവരിയില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാവും. ജനുവരി 22നാണ് ടി20 പരമ്പരയ്ക്കു തുടക്കാവുന്നത്. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും ടീമിന്റെ ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറുമായിരുന്നു സഞ്ജു. ഇംഗ്ലണ്ടിനെതിരേയും ഇതേ റോള്‍ അദ്ദേഹത്തിനു ലഭിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.