- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് അറിയില്ല സച്ചിന്‍ ആരാണെന്ന്; വീട്ടില്‍ ടെലിവിഷന്‍ ഇല്ല'; ക്രിക്കറ്റ് ടിവിയില്‍ കണ്ടിട്ടില്ലെന്നും ബിബിസിയോട് സുശീല മീണ; എന്നിട്ടും സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷന്‍ പത്ത് വയസുകാരി എങ്ങനെ പകര്‍ത്തി? സച്ചിന്‍ വീഡിയോ പങ്കുവച്ചതോടെ രാജസ്ഥാനിലെ ഗ്രാമീണ പെണ്‍കുട്ടി പ്രശസ്തിയുടെ 'അമ്പരപ്പില്‍'
'സച്ചിന്‍ ആരാണ്, എനിക്കറിയില്ല' , സുശീല മീണ പറയുന്നു
മുംബൈ: ബൗളിംഗ് ആക്ഷനിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ പേസ് ബൗളറാണ് സഹീര്‍ ഖാന്‍. അതിവേഗം ഓടിയെത്തി സഹീര്‍ തന്റേതായ ശൈലിയില്‍ പന്തെറിയുന്നത് കാണാന്‍ തന്നെ ഒരു ചന്തമാണ്. സഹീറിന്റെ അതേ ആക്ഷനുമായി സാമ്യമുള്ള ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ബൗളിംഗ് വീഡിയോ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പങ്കുവച്ചത് രാജ്യത്തുടനീളം വന്‍ പ്രചാരമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ സുശീല മീണയുടെ ബൗളിംഗ് വീഡിയോയാണ് സച്ചിന്‍ നേരത്തെ എക്‌സില്‍ പങ്കുവച്ചത്.
സുശീല മീണ എന്ന ഈ പത്തുവയസ്സുകാരി പെണ്‍കുട്ടി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ, രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ പൊതുജനങ്ങളില്‍ നിന്ന് വളരെ അകലെ ഒരു സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ സുശീലയുടെ ബൗളിങ് ആക്ഷന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സാക്ഷാല്‍ സച്ചിന്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും പതിനായിരക്കണക്കിന് ആളുകള്‍ പങ്കിടുകയും ചെയ്തു.
'സുശീല മീണയുടെ ബൗളിംഗ് ആക്ഷനില്‍ നിങ്ങളുടെ ഷേഡുകള്‍ ഉണ്ട് സഹീര്‍. സുഗമവും ആയാസരഹിതവുമായ ഈ ബൗളിംഗ് കാണാന്‍ മനോഹരമാണ്! താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ സഹീര്‍'- എന്നായിരുന്നു സച്ചിന്‍ കുറിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹീര്‍ ഖാന്‍ ഇതിന് മറുപടിയും പങ്കുവച്ചു. 'താങ്കള്‍ അല്ലേ ഇങ്ങനെ ഒരു സാദൃശ്യം എനിക്ക് കാണിച്ചു തന്നത്. അതിനോട് യോജിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും? ഈ പെണ്‍കുട്ടിയുടെ ബൗളിംഗ് ആക്ഷന്‍ സുഗമവും ആകര്‍ഷകവുമാണ്. അവര്‍ നല്ല ഭാവിയുള്ള താരമാണെന്ന് തെളിയിച്ച് കഴിഞ്ഞൂ'- എന്നായിരുന്നു സഹീര്‍ മറുപടിയായി കുറിച്ചത്. സച്ചിന്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. സ്‌കൂള്‍ യൂണിഫോം ധരിച്ച് ചെരുപ്പ് പോലും ഇല്ലാതെയാണ് സുശീല ഗ്രൗണ്ടില്‍ നിന്ന് പന്തെറിയുന്നത്.
എന്നാല്‍ ഇതിലൊരു ട്വിസ്റ്റുണ്ട്. തന്നെ പ്രശസ്തയാക്കിയ ക്രിക്കറ്റ് ഇതിഹാസത്തെ പെണ്‍കുട്ടിക്ക് അറിയില്ല എന്നതാണ് കാര്യം. വീഡിയോ വൈറലായതിന് പിന്നാലെ ബിബിസി ഈ പെണ്‍കുട്ടിയെ തേടി രാജസ്ഥാനിലെ ഗ്രാമത്തിലെത്തിയിരുന്നു. ബിബിസിയുടെ മാധ്യമ പ്രവര്‍ത്തകരോടാണ് സുശീല തനിക്ക് സച്ചിന്‍ ആരാണെന്ന കാര്യം അറിയില്ലെന്ന് പങ്കുവെച്ചത്. 'എനിക്ക് അറിയില്ല അദ്ദേഹം (സച്ചിന്‍ തെണ്ടുല്‍ക്കര്‍) ആരാണെന്ന്' സുശീല പറഞ്ഞു. വീട്ടില്‍ ടെലിവിഷന്‍ ഇല്ല, ക്രിക്കറ്റ് ടിവിയില്‍ കണ്ടിട്ടില്ലെന്നും പത്തുവയസ്സുകാരി വ്യക്തമാക്കി.
ഒരു പാവപ്പെട്ട ആദിവാസി കുടുംബത്തില്‍ നിന്നുള്ള സുശീലയെ ഇപ്പോള്‍ കണ്ടുമുട്ടുന്ന എല്ലാവരും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും അകന്ന ബന്ധുക്കള്‍ വരെ എല്ലാവരും ഇപ്പോള്‍ അവളുടെ കൂടെ സെല്‍ഫിയെടുക്കുകയും മറ്റുംചെയ്യുന്നു. തന്റെ പ്രശസ്തിയില്‍ അമ്പരപ്പ് വിടാതെ തന്നെ അവള്‍ പുഞ്ചിരിയോടെ എല്ലാവരോടൊപ്പവും ഫോട്ടോയെടുക്കാന്‍ നിന്നുകൊടുക്കുന്നു.
എന്നാല്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് കയ്യില്‍ ഒരു റബ്ബര്‍ ബോളുമായി മൈതാനത്തേക്ക് ചുവടുവെക്കുന്നതോടെ ലജ്ജയെല്ലാം മാറി അവള്‍ മറ്റൊരാളായി മാറുന്നു. 'പന്ത് കൈയില്‍ കിട്ടിയാല്‍ എന്റെ ചിന്ത ബാറ്ററെ പുറത്താക്കുക മാത്രമാണ്' സുശീല പറഞ്ഞു. കുറിച്ച് ബുദ്ധിമുട്ടാണ് സുശീലയെ നേരിടാനെന്നാണ് സഹപാഠി ആശയുടെ പ്രതികരണം. മകളുടെ നേട്ടത്തിന്റെ സന്തോഷത്തിലാണ് അമ്മ ശാന്തിബായിയും. ഇപ്പോള്‍ കാണാന്‍ വരുന്നവരില്‍ പലരും അവളെ പിന്തുണച്ചിരുന്നവരല്ലെന്നും അവര്‍ വ്യക്തമാക്കി.
സുശീലയുടെ സ്‌കൂളിലെ എല്ലാവരും ക്രിക്കറ്റ് കളിക്കുന്നവരാണ്. അതിന്റെ ക്രെഡിറ്റ് അവരുടെ അധ്യാപകനായ ഈശ്വര്‍ലാല്‍ മീണയ്ക്കാണ്. 2017-ലാണ് അദ്ദേഹം ആ സ്‌കൂളിലെത്തിയത്. സ്‌കൂളില്‍ കുട്ടികളെ വരുത്തുന്നതിന് അവര്‍ക്കിഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ക്രിക്കറ്റ് കൊണ്ടുവന്നതെന്നും ഈശ്വര്‍ലാല്‍ മീണ പറഞ്ഞു.
തുടക്കത്തില്‍, താനും മറ്റ് അധ്യാപകരും ടീമുകളുണ്ടാക്കി വിദ്യാര്‍ത്ഥികളെ അവരോടൊപ്പം കളിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് കൂടുതല്‍ വിദ്യാര്‍ഥികള്‍ അതിനൊപ്പം ചേര്‍ന്നു. കുട്ടികളുടെ കഴിവുകള്‍ പുറത്ത് കാണിക്കുന്നതിന് ഒരു സോഷ്യല്‍മീഡിയ അക്കൗണ്ടും ആരംഭിച്ചിരുന്നു.
പതുക്കെ ആളുകള്‍ ഇതിനോട് പ്രതികരിച്ചു തുടങ്ങി. ചിലര്‍ പരിഹാസവുമായും രംഗത്തെത്തി. ഈ സ്‌കൂളില്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന ആദ്യ താരമല്ല സുശീല. രേണുക പര്‍ഗി എന്ന വിദ്യാര്‍ഥി കഴിഞ്ഞ വര്‍ഷം ബാറ്റിങ് പ്രകടനംകൊണ്ട് ശ്രദ്ധനേടിയിരുന്നു. ഈ കുട്ടി ഇപ്പോള്‍ ജയ്പുരിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയിലാണ്. എല്ലാ ചെലവുകളും അക്കാദമിയാണ് വഹിക്കുന്നത്.