മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നടിയും കൊറിയോഗ്രാഫറുമായ ഭാര്യ ധനശ്രീ വര്‍മ്മയും വേര്‍പിരിയുകയാണെന്ന് അഭ്യൂഹം. ഇരുവരും പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തത് വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിരിക്കുകയാണ്. ചാഹല്‍ ധനശ്രീയോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കി. എന്നാല്‍ ധനശ്രീ ചിത്രങ്ങള്‍ കളഞ്ഞിട്ടില്ല.

വിവാഹമോചന അഭ്യൂഹങ്ങള്‍ ശക്തമാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വിവാഹമോചനം ഒഴിവാക്കാനാവാത്ത സ്ഥിതിയിലാണ്. ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്. വിവാഹമോചനത്തിനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്നത് വ്യക്തമാണ്.

2023ല്‍ ധനശ്രീ പേരിനൊപ്പമുള്ള ചാഹല്‍ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. പുതിയ ജീവിതം തുടങ്ങുകയാണെന്ന് ചാഹല്‍ ഒരു കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നാലെ വിവാഹമോചന റിപ്പോര്‍ട്ടുകള്‍ തള്ളിയ ചാഹല്‍ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ ഒന്നും നടക്കാതിരുന്നപ്പോള്‍ ചാഹല്‍ നൃത്തം പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ധനശ്രീ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അടുത്തിടെ ഹര്‍ദ്ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും, ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ചാഹലിന്റെ വിവാഹമോചന വാര്‍ത്തയെത്തുന്നത്.

കോവിഡ് കാലത്ത് ധനശ്രീയുടെ നൃത്തക്ലാസില്‍ ചേര്‍ന്ന ചെഹല്‍ പിന്നീട് അവരെ വിവാഹം കഴിക്കുകയായിരുന്നു.''കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. നാലു മാസക്കാലം ഗുരുഗ്രാമിലെ വീട്ടിലായിരുന്നു. ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ ശേഷം ഇത്രയും നീണ്ട കാലം വീട്ടില്‍ നില്‍ക്കുന്നത് ആദ്യ സംഭവമാണ്. അപ്പോഴാണ് നൃത്തം പഠിച്ചാല്‍ കൊള്ളാമെന്നു തോന്നിയത്. രണ്ട് മാസം ധനശ്രീയുടെ ക്ലാസില്‍ ഓണ്‍ലൈനായി നൃത്തം പഠിച്ചു. ജീവിതത്തില്‍ എങ്ങനെയാണ് ഇത്ര സന്തോഷിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ധനശ്രീയോടു ചോദിച്ചു. ചെറിയ കാര്യങ്ങളില്‍വരെ സന്തോഷം കണ്ടെത്താറുണ്ടെന്നായിരുന്നു മറുപടി.''

''എന്നെ പോലെ ഒരു പെണ്‍കുട്ടിയാണു ധനശ്രീയെന്നാണ് അപ്പോള്‍ കരുതിയത്. ധനശ്രീയെപ്പറ്റി വീട്ടുകാരെ അറിയിച്ചു. പ്രണയിച്ചു നടക്കാന്‍ സമയമില്ല, വിവാഹം കഴിക്കണമെന്നാണ് ധനശ്രീയോടു പറഞ്ഞത്. എനിക്കു 30 വയസ്സായി എന്നും പറഞ്ഞു. നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നായിരുന്നു ധനശ്രീയുടെ മറുപടി. മുംബൈയിലെ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ധനശ്രീ വിവാഹം കഴിക്കാമെന്നു പറഞ്ഞു.'' ചെഹല്‍ വിവാഹത്തെപ്പറ്റി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.