സിഡ്നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടക്കുന്ന സിഡ്നിയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേത് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചല്ലെന്നും പിച്ച് കണ്ടപ്പോള്‍ പശുവിന് മേയാന്‍ പറ്റിയതാണെന്ന് തോന്നിയെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം 15 വിക്കറ്റുകള്‍ വീണതിന് പിന്നാലെയാണ് വിമര്‍ശനം.

ഇന്ത്യയില്‍ വെച്ചാണ് ഒരു ദിവസം 15 വിക്കറ്റുകള്‍ വീഴുന്നതെങ്കില്‍ മറ്റുള്ളവര്‍ അതിനെതിരേ രംഗത്തെത്തിയേനെ. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും മുന്‍ താരങ്ങള്‍ എല്ലായിപ്പോഴും ഇന്ത്യന്‍ പിച്ചിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ത്യയിലാണ് ഈ അവസ്ഥയെങ്കില്‍ എല്ലാവരും ചോദ്യം ചെയ്യുമായിരുന്നു- ഗാവസ്‌കര്‍ പറഞ്ഞു.

ഇവിടെ ആതിഥേയരെ പരാജയപ്പെടുത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്നലെ പിച്ച് കണ്ടപ്പോള്‍ ഇതിലൂടെ പശുക്കള്‍ക്ക് മേയാമായിരുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ടെസ്റ്റ് മത്സരത്തിന് അനുയോജ്യമായ പിച്ചല്ല. കാരണം നാലോ അഞ്ചോ ദിവസത്തിലേക്ക് മത്സരം നീണ്ടുപോകില്ല. മഴ കളിമുടക്കാതെ നാലാം ദിനത്തിലേക്ക് ഈ മത്സരമെത്തില്ലെന്നും ഗാവസ്‌കര്‍ എബിസി ഗ്രാന്‍ഡ്സ്റ്റാന്‍ഡ് റേഡിയോയോട് പറഞ്ഞു.

രണ്ടാം ദിനം 15 വിക്കറ്റുകളാണ് മത്സരത്തില്‍ വീണത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് 181 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആറ് വിക്കറ്റുകളും നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് 141-6 എന്ന നിലയിലാണ് ഇന്ത്യ.