കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയോ വിരാട് കോലിയെയോ ഒഴിവാക്കാന്‍ ഗൗതം ഗംഭീറിനെക്കൊണ്ടാവില്ലെന്ന് മനോജ് തിവാരി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ബോളിങ് കോച്ചായി മോര്‍ണി മോര്‍ക്കല്‍, അസിസ്റ്റന്റ് കോച്ചായി അഭിഷേക് നായര്‍ എന്നിവരെ നിയമിച്ചതിനെതിരെയും തിവാരി രംഗത്തെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയിട്ടും ജലജ് സക്‌സേനയെ പരിഗണിക്കാത്തതിലും തിവാരി വിമര്‍ശനം ഉന്നയിച്ചു. ആരും ജലജ് സക്‌സേനയെ കുറിച്ച് പറയുന്നില്ല. അദ്ദേഹം നന്നായി കളിച്ചിട്ടും എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മനോജ് തിവാരി കുറ്റപ്പെടുത്തി.

സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടു നിന്നത് സ്വന്തം തീരുമാനപ്രകാരം ആയിരുന്നുവെന്നും രോഹിത്തിനെയോ കോലിയെയോ ഒന്നും ഒഴിവാക്കാന്‍ ഗംഭീറിനാവില്ലെന്നും മനോജ് തിവാരി പറഞ്ഞു. അത് രോഹിത്തിന്റെ മാത്രം തീരുമാനമാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ രോഹിത് സിഡ്‌നിയില്‍ കളിക്കണമായിരുന്നു, കാരണം, അയാള്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്.

റണ്‍സടിക്കുന്നില്ല എന്ന കാരണത്താലാണ് രോഹിത് മാറി നിന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മറ്റുള്ളവരും റണ്‍സടിച്ചിട്ടില്ലല്ലോ. ചിലസമയം, നമ്മള്‍ക്ക് നമ്മുടെ കഴിവിലുള്ള വിശ്വാസം നഷ്ടമാകും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മാറി നില്‍ക്കാന്‍ ചിലര്‍ തീരുമാനിക്കും. അതൊരിക്കലും ഒരു ക്യാപ്റ്റന്‍ ചെയ്യരുത്. പ്രത്യേകിച്ച് രോഹിത്തിനെപ്പോലെ ഇത്രയും മികച്ചൊരു ക്യാപ്റ്റന്‍.

ബാറ്റര്‍മാര്‍ മാത്രമല്ല, ബുമ്രയൊഴികെയുള്ള ബൗളര്‍മാരും മോശം പ്രകടനമാണ് നടത്തിയത്. അതുപോലെ തന്നെയാണ് പരിശീലകരുടെ കാര്യവും. രോഹിത് ചെയ്തത് ടീമിനുവേണ്ടി മാത്രമാണ്. രവിചന്ദ്ര അശ്വിന്‍ രണ്ടാം ടെസ്റ്റിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ടാണ് തനുഷ് കൊടിയാനെ ടീമിലെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള 38കാരനായ ജലജ് സക്‌സേനയെ എന്തുകൊണ്ട് ടീമിലേക്ക് പരിഗണിച്ചില്ല. ജലജ് ആയിരുന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്ന താരം. അശ്വിന്‍ വിരമിച്ചപ്പോള്‍ പോലും ജലജിനെപ്പോലുള്ള താരങ്ങളെ പരിഗണിക്കുന്നില്ല. തനുഷ് കൊടിയാനൊക്കെ എങ്ങനെയാണ് ടീമിലെത്തിയത്.

ഇതൊക്കെ അര്‍ഹിക്കുന്നവര്‍ പലപ്പോഴും പിന്തള്ളപ്പെടുന്നുവെന്നതിന്റെയും ചിലര്‍ക്ക് അനര്‍ഹമായ പരിഗണന ലഭിക്കുന്നുവെന്നതിന്റെയും തെളിവാണ്. കളിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും കിട്ടിയിട്ടും എല്ലാതരത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വും ലഭിച്ചിട്ടും എന്തുകൊണ്ടാണ് നമ്മള്‍ ഒരു ഐസിസി കിരീടം നേടാന്‍ 11 വര്‍ഷം കാത്തിരിക്കേണ്ടിവന്നത്. അടുത്തൊരു കിരീടത്തെക്കുറിച്ച് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ കൂടി ബിസിസിഐ പരിശോധിച്ചാല്‍ ഇന്ത്യ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടുമെന്നും മനോജ് തിവാരി പറഞ്ഞു.

ഗൗതം ഗംഭീറിനൊപ്പം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. ഈ കാലയളവിലായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയിരുന്നത്. ശേഷം ഗംഭീര്‍ മെന്ററായിരുന്ന കഴിഞ്ഞ വര്‍ഷവും കിരീടം നേടി. ഐപിഎല്ലില്‍ മാത്രമാണ് ഗംഭീറിന്റെ നേട്ടങ്ങള്‍. കൊല്‍ക്കത്ത കപ്പടിച്ചപ്പോള്‍ കാലിസിന്റെയും സുനില്‍ നരെയ്‌ന്റെയും എന്റെയും പ്രകടനങ്ങളുണ്ടായിരുന്നു. ക്രെഡിറ്റ് ഗംഭീറിന് മാത്രം തട്ടിയെടുക്കാന്‍ വേണ്ടിയുള്ള പിആര്‍ ആയിരുന്നു അവിടെ. അന്നത്തെ സാഹചര്യവും അതായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈക്കാരനാണ്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും മുംബൈ സ്വദേശിയാണ്. രോഹിത്തിനെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എപ്പോഴും നടക്കുന്നത്. മനോജ് തിവാരി പറഞ്ഞു.സിഡ്‌നി ടെസ്റ്റില്‍ രോഹിത് വിട്ടു നിന്നത് സ്വന്തം തീരുമാന പ്രകാരം; രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല; മികവുണ്ടായിട്ടും ജലജ് സക്‌സേനയെ തഴഞ്ഞു; വിമര്‍ശനവുമായി വീണ്ടും മനോജ് തിവാരി