- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓസ്‌ട്രേലിയന്‍ ശൈലി ഇന്ത്യന്‍ ടീമില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു; അജന്‍ഡകള്‍ പാളിയാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തിനല്‍കും'; 2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് ഉത്തപ്പ
ഗ്രെഗ് ചാപ്പലിനെതിരെ തുറന്നടിച്ച് റോബിന്‍ ഉത്തപ്പ
ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിച്ച 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഓസ്‌ട്രേലിയക്കാരനായ പരിശീലകന്‍ ഗ്രെഗ് ചാപ്പലാണെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. കാര്യങ്ങള്‍ തന്റെ ഹിതാനുസരണം നടന്നില്ലെങ്കില്‍, ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ പോലും ചോര്‍ത്തി നല്‍കാന്‍ മടിയില്ലാത്ത പരിശീലകനായിരുന്നു ഗ്രെഗ് ചാപ്പല്‍ എന്നും ഉത്തപ്പ പറയുന്നു. തന്റേതായ അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ചാപ്പല്‍. ഇതിനു വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ അദ്ദേഹം മടിച്ചിരുന്നില്ലെന്നുമാണ് ഉത്തപ്പയുടെ ആരോപണം. പരിശീലകനും താരങ്ങളും തമ്മിലുള്ള സ്വര്‍ച്ചേര്‍ച്ചയില്ലായ്മയാണ് ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്താകാന്‍ കാരണമെന്നും ഉത്തപ്പ പറയുന്നു.
''പ്രത്യേക അജന്‍ഡ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമായിരുന്നു ഗ്രെഗ് ചാപ്പലിന്റേത്. ഓസ്‌ട്രേലിയന്‍ ശൈലി ഇന്ത്യന്‍ ടീമില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ചെയ്യുന്നത്, അതുകൊണ്ട് ഇവിടെയും അങ്ങനെ വേണം എന്നതായിരുന്നു രീതി. ഇന്ത്യന്‍ സംസ്‌കാരത്തെ അദ്ദേഹം ഏതെങ്കിലും വിധത്തില്‍ ബഹുമാനിച്ചിരുന്നതായി എനിക്കു തോന്നിയിട്ടില്ല. പകരം ഓസ്‌ട്രേലിയന്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്' റോബിന്‍ ഉത്തപ്പ പറഞ്ഞു.
''ഡ്രസിങ് റൂമിലെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തിനല്‍കുന്ന മോശം സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഇംഗിതമനുസരിച്ചല്ല കാര്യങ്ങള്‍ പോകുന്നതെന്നു കണ്ടാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ അദ്ദേഹം ചോര്‍ത്തിനല്‍കും. ചാപ്പലിന്റെ ഈ ശൈലിയോട് ടീമംഗങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു' ഉത്തപ്പ വെളിപ്പെടുത്തി.
ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന കാലഘട്ടം തുടര്‍ച്ചയായി വിവാദങ്ങളാല്‍ മുഖരിതമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഇരുണ്ട കാലഘട്ടമായാണ് ഈ കാലയളവ് ഗണിക്കപ്പെടുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങളും കുപ്രസിദ്ധമായിരുന്നു.
2007ലെ ഏകദിന ലോകകപ്പില്‍ ചാപ്പലിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും തോറ്റിരുന്നു. ഇതോടെ നോക്കൗട്ടില്‍ കടക്കാനാകാതെ ഇന്ത്യന്‍ ടീം പുറത്തായി. ഇതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. പിന്നീട് ഗാരി കിര്‍സ്റ്റന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുകയും ചെയ്തു. 2011 ലോകകപ്പില്‍ ഇന്ത്യയെ ഏകദിന കിരീട നേട്ടത്തിലെത്തിക്കാനും ഗാരി കിര്‍സ്റ്റന്റെ പരിശീലനത്തില്‍ ഇറങ്ങിയ എം എസ് ധോണിയുടെ സംഘത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം വിരാട് കോലിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ രംഗത്ത് വന്നിരുന്നു. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അംബാട്ടി റായഡുവിനെ ഒഴിവാക്കാന്‍ കാരണം, അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഉത്തപ്പ പറഞ്ഞു. നേരത്തെ ക്യാന്‍സര്‍ മുക്തനായി തിരിച്ചുവന്ന യുവരാജ് സിംഗിന്റെ പുറത്താകലിന് കാരണവും കോലിയാണെന്ന് ഉത്തപ്പ പറഞ്ഞിരുന്നു.
2019ലെ ഏകദിന ലോകകപ്പിന് തൊട്ടു മുമ്പ് വരെ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നാലാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു റായുഡു. വിരാട് കോലിയും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്. ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും ഫീല്‍ഡ് ചെയ്യാനും കഴിയുന്ന ത്രീ ഡൈമന്‍ഷണല്‍ പ്ലേയറായതുകൊണ്ടാണ് വിജയ് ശങ്കറെ ടീമിലെടുത്തത് എന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു എം എസ് കെ പ്രസാദ് അന്ന് വിശദീകരിച്ചത്. പിന്നീട് ലോകകപ്പിനിടെ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് പുറത്തായപ്പോഴും റായുഡുവിനെ ടീമിലെടുത്തില്ല.
ക്യാപ്റ്റനായിരുന്ന കോലിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ പിന്നെ അയാളെ ടീമിലെടുക്കില്ലെന്ന് ഉത്തപ്പ പറഞ്ഞു. റായുഡുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. കോലിക്ക് ആരയെങ്കിലും ഇഷ്ടമല്ലെങ്കിലോ അരെങ്കിലും അത്ര പോരെന്ന് തോന്നിയാലോ പിന്നെ അയാള്‍ ടീമിന് പുറത്താകും. റായുഡുവാണ് ഇതിന്റെ ഉത്തമ ഉദാഹരണം. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും അവരവരുടെ ഇഷ്ടക്കാരുണ്ടാകും. എന്നാല്‍ ലോകകപ്പ് ടീമിലെ സ്ഥാനം പടിവാതിലില്‍ നില്‍ക്കെ ഒരു കളിക്കാരനോട് അത് ചെയ്യരുതായിരുന്നു. ടീമില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതി ലോകകപ്പില്‍ കളിക്കാനുള്ള ജേഴ്‌സിയും കിറ്റും എല്ലാവും റായുഡു വീട്ടില്‍ ഒരുക്കിവെച്ചിരുന്നു. എന്നാല്‍ അവന് മുന്നില്‍ അപ്രതീക്ഷിതമായി വാതിലടച്ചു കളഞ്ഞു. അത് നീതികേടായിരുന്നുവെന്നും ഉത്തപ്പ ലല്ലന്‍ടോപിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.