കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലെ റെക്കോഡ് തുകക്ക് ടീമിലെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കും. ടീം ഉടമ സഞ്ജീവ് ഗോയങ്ക കൊല്‍ക്കത്തയില്‍ ഒരു ചടങ്ങിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലഖ്‌നൗവിനെ ആരു നയിക്കുമെന്ന അഭ്യൂഹത്തിനും വിരാമമായി.

മെഗ താര ലേലത്തിനു മുന്നോടിയായി മുന്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ലഖ്‌നോ വിട്ടിരുന്നു. നായക പദവിയിലേക്ക് നിക്കോളാസ് പൂരന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. 21 കോടി രൂപക്കാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരത്തെ ഇത്തവണ ലഖ്‌നൗ നിലനിര്‍ത്തിയത്. മൂന്നു സീസണുകളില്‍ തുടര്‍ച്ചയായി ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചശേഷമാണ് പന്ത് ലഖ്‌നൗവിലെത്തുന്നത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപയാണ് ലഖ്നൗ പന്തിനായി മുടക്കിയത്. 2016 മുതല്‍ ഡല്‍ഹിക്കായി കളിച്ച ഋഷഭ് പന്ത് 2021ലാണ് ഡല്‍ഹിയുടെ ക്യാപ്റ്റനായത്.

പന്തിനെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുമ്പോള്‍ ഗോയങ്ക പ്രതീക്ഷകള്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പന്ത് മാറും. ഇത്രയും ആത്മാര്‍ത്ഥയുള്ള മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. ടീമിനെ നയിക്കാനുള്ള എല്ലാ ഗുണങ്ങളും പന്തിനുണ്ട്. ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറും. പന്തിന് കുറച്ച് കളിക്കാരെ അറിയാം, മറ്റുള്ളവരെ അറിയില്ല. പരസ്പര വിശ്വാസമുള്ള ഒരു പ്ലാറ്റ്ഫോം നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. തോല്‍ക്കുന്നതും വിജയിക്കുന്നതും ഗെയിമിന്റെ ഭാഗമാണ്. 10-15 വര്‍ഷം വരെ പന്ത് കളിക്കും. അതിനിടെ 5-6 ഐപിഎല്‍ കിരീടങ്ങളെങ്കിലും നേടാനാകും. പന്തിന്റെ പേര് രോഹിത് ശര്‍മ, എം എസ് ധോണി എന്നിവര്‍ക്കൊപ്പം വായിക്കപ്പെടും.'' ഗോയങ്ക പറഞ്ഞു.

ആദ്യ മൂന്ന് സീസണിലും ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയതോടെയാണ് ലക്നൗ പുതിയ നായകനായി ഋഷഭ് പന്തിനെ നിയമിക്കുന്നത്. ലേലത്തിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കൊളാസ് പുരാനെ ലക്നൗ ടീമില്‍ നിലനിര്‍ത്തിയത് ക്യാപ്റ്റനാക്കാനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരാന് പുറമെ രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബദോനി, മൊഹ്സിന്‍ ഖാന്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് ലക്നൗ നിലനിര്‍ത്തിയ താരങ്ങള്‍.

2023 സീസണില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയെ നയിച്ചത്. ഡല്‍ഹിക്കായി 43 മത്സരങ്ങള്‍ പന്ത് കളിച്ചു. ഇതില്‍ 24 മത്സരങ്ങള്‍ ജയിച്ചു. 19 മത്സരങ്ങളില്‍ ടീം തോറ്റു. രാഹുലിനുശേഷം ലഖ്‌നോവിന്റെ മുഴുവന്‍ സമയ നായകനാകുന്ന രണ്ടാമത്തെ താരമാകും പന്ത്. താരലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനെ നിലനിര്‍ത്താതിരുന്നതോടെയാണ് താരം ഓക്ഷന്‍ പൂളിന്റെ ഭാഗമായത്.

ലേലലത്തില്‍ പന്തിനായി വാശിയേറിയ ലേലമാണ് നടന്നത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്‌നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്‌നൗവും മാത്രമായി. ഒടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ താരത്തെ സ്വന്തമാക്കിയത്.