- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിസിഐയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ബുംറയ്ക്ക്; മികച്ച വനിതാ താരം സ്മൃതി മന്ദാന; അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം ആശാ ശോഭനയ്ക്കും സര്‍ഫറാസിനും; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സച്ചിന്‍
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റ വനിതാ താരം ആശ ശോഭന
ന്യൂഡല്‍ഹി: ബി.സി.സി.ഐ.യുടെ 2023-24ലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. സ്മൃതി മന്ദാനയ്ക്കാണ് മികച്ച അന്താരാഷ്ട്ര വനിതാ താരത്തിനുള്ള പുരസ്‌കാരം. രാജ്യാന്തര അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരത്തിനു വനിതകളില്‍ ആശ ശോഭനയും പുരുഷന്‍മാരില്‍ സര്‍ഫറാസ് ഖാനും അര്‍ഹരായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ്. മികച്ച ആഭ്യന്തര താരമായി തനുഷ് കോട്ടിയാനെയും തിരഞ്ഞെടുത്തു.
13 ടെസ്റ്റുകളില്‍നിന്ന് 71 വിക്കറ്റുകളും എട്ട് ടി20-കളില്‍നിന്ന് 13 വിക്കറ്റുകളും ടി20 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ബുംറയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചതും പരിഗണിച്ചു. കഴിഞ്ഞദിവസം ഐ.സി.സി.യുടെ 2024-ലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ബുംറയെത്തേടിയെത്തിയിരുന്നു. ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സി. പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍കൂടിയാണ് ബുംറ.
ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റുകളില്‍നിന്നായി 32 വിക്കറ്റുകളാണ് ബുംറ നേടിയത്. 2024-ന്റെ ആരംഭത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് നേടിയിരുന്നു. ഇതിലും നിര്‍ണായകമായ ഭാഗഭാക്കായിരുന്നു ബുംറ. ഐ.സി.സി.യുടെ കഴിഞ്ഞവര്‍ഷത്തെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്മൃതി മന്ദാനയ്ക്കായിരുന്നു. 2024-ല്‍ ഏകദിനത്തില്‍ നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 743 റണ്‍സാണ് സ്മൃതിയുടെ സമ്പാദ്യം. പുരുഷ ക്രിക്കറ്റില്‍ അന്താരാഷ്ട്ര അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം സര്‍ഫറാസ് ഖാനും വനിതാ അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം കേരള താരം ആശ ശോഭനയ്ക്കുമാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് കേണല്‍ സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ബിസിസിഐ വേദിയില്‍വച്ച് സമ്മാനിച്ചു. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്പിന്നര്‍ ആര്‍. അശ്വിനും ബിസിസിഐ ചടങ്ങില്‍വച്ച് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.