- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പര നേടിയതോടെ 'പകരക്കാര്‍' ഇറങ്ങുമോ? ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി അവസരം തേടി ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും; മൂന്നാം ഏകദിനം ബുധനാഴ്ച; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
മൂന്നാം ഏകദിനം ബുധനാഴ്ച; ഇന്ത്യയുടെ സാധ്യത ഇലവന്‍
അഹമ്മദാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഒപ്പം പേസര്‍ അര്‍ഷ്ദീപ് സിംഗിനും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന ഏകദിമാണിത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. പരമ്പരയില്‍ ജയിച്ചിരിക്കെ ടീമില്‍ എന്തൊക്കെ മാറ്റം വരുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ ഇന്ത്യ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ലെന്നും സൂചനയുണ്ട്.
രണ്ടാം മത്സരത്തില്‍ മികച്ച കൂട്ടുകെട്ട് ഒരുക്കിയതോടെ ഓപ്പണിംഗില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും വിരാട് കോലി മൂന്നാം സ്ഥാനത്ത് തുടരും. നാലാമത് കളിക്കുന്ന ശ്രേയസ് അയ്യരുടെ കാര്യത്തിലും മാറ്റമൊന്നും സംഭവിക്കില്ല. സ്പിന്‍ ഓള്‍റൗണ്ടറും ഇടങ്കയ്യനുമായ അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്ത് തുടരും. വാഷിംഗ്ടണ്‍ സുന്ദറിനെ ഇറക്കാന്‍ തീരുമാനിച്ചാല്‍ അക്‌സര്‍ പട്ടേലിന് വിശ്രമം അനുവദിച്ചേക്കും.
ആറാം സ്ഥാനമാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലിന് ആദ്യ രണ്ട് ഏകദിനങ്ങളിലും ആറാമതായി കളിച്ചിട്ട് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാളെ രാഹുലിന് സ്ഥാനം നഷ്ടപ്പെട്ടാലും അത്ഭുതപ്പെടാനില്ല. പകരം ഋഷഭ് പന്ത് കളിക്കാന്‍ സാധ്യതയേറെയാണ്. പന്താണ് മത്സരത്തിന് ഇറങ്ങുന്നതെങ്കില്‍ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങാനും സാധ്യത ഏറെയാണ്.
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ പിന്നാലെയെത്തും. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ മാറ്റമുണ്ടായേക്കും. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന ഹര്‍ഷിത് പുറത്തായേക്കും. പകരം അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തും. മുഹമ്മദ് ടീമിനൊപ്പം തുടരും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്ക് ഒരവസരം കൂടി കൊടുത്തേക്കും.
മൂന്നാം ഏകദിനത്തിലുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍/ വാഷിംഗ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍ / ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.