കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. കറാച്ചി, നാഷണല്‍ സ്റ്റേഡിയത്തില്‍ 316 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 43.3 ഓവറില്‍ 208 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് അഫ്ഗാനെ തകര്‍ത്തത്. 90 റണ്‍സ് നേടിയ റഹ്‌മത് ഷായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് റിയാന്‍ റിക്കിള്‍ട്ടണിന്റെ (106 പന്തില്‍ 103) സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തെംബ ബവൂമ (58), വാന്‍ ഡര്‍ ഡസ്സന്‍ (52), എയ്ഡന്‍ മാര്‍ക്രം (52) മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു അഫ്ഗാന്. 50 റണ്‍സിന് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന്‍ (17), സെദിഖുള്ള അദല്‍ (16), ഹഷിമതുള്ള ഷാഹിദി (0) എന്നിവരാണ് പുറത്തായത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷവും അഫ്ഗാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. അസ്മതുള്ള ഒമര്‍സായ് (18), മുഹമ്മദ് നബി (8), ഗുല്‍ബാദിന്‍ നെയ്ബ് (13), റാഷിദ് ഖാന്‍ (18), നൂര്‍ അഹമ്മദ് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 44-ാം ഓവറിലാണ് റഹ്‌മത് ഷാ മടങ്ങുന്നത്. 92 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ഒമ്പത് ഫോറും നേടി. റബാദയ്ക്ക് പുറമെ ലുംഗി എന്‍ഗിഡി, വിയാന്‍ മള്‍ഡര്‍ എന്നിവരര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, അത്ര മികച്ചതല്ലായിരുന്നു ദക്ഷാണാഫ്രിക്കയുടെ തുടക്കം. ആറാം ഓവറില്‍ തന്നെ ടോണി ഡി സോര്‍സിയുടെ (11) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ബവൂമ - റിക്കിള്‍ട്ടണ്‍ സഖ്യം 129 റണ്‍സ് കൂട്ടിചേര്‍ത്തു. ബവൂമയുടെ ഇന്നിംഗ്സിന് വേഗം കുറവായിരുന്നുവെങ്കിലും കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ ഏറെ സഹായിച്ചു. 29-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബവൂമയെ മുഹമ്മദ് നബി പുറത്താക്കി. അധികം വൈകാതെ റിക്കിള്‍ട്ടണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

ഡസ്സനൊപ്പം 44 റണ്‍സ് ചേര്‍ത്ത ശേഷമാണ് റിക്കിള്‍ട്ടണ്‍ മടങ്ങുന്നത്. റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നീട് ഡസ്സന്‍ - മാര്‍ക്രം സഖ്യം വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചു. ഇരുവരും 47 റണ്‍സ് കൂട്ടിചേര്‍ത്തു. 43-ാം ഓവറില്‍ ഡസ്സന്‍ മടങ്ങി. തുടര്‍ന്ന് ഡേവിഡ് മില്ലര്‍ (14), വിയാന്‍ മള്‍ഡര്‍ (12) എന്നിവരെ കൂട്ടുപിടിച്ച് മാര്‍ക്രം സ്‌കോര്‍ 300 കടത്തി. ഒരു സിക്സും ആറ് ഫോറും നേടിയ മാര്‍ക്രം പുറത്താവാതെ നിന്നു. മാര്‍കോ ജാന്‍സനാണ് (0) പുറത്തായ മറ്റൊരു താരം. 10 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത റാഷിദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.