കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ജയം പോലും നേടാതെ ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെ നേതൃത്വ ശൈലിയെ പുകഴ്ത്തി പാക് ഓപ്പണര്‍ ഇമാം-ഉല്‍-ഹഖ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന അള്‍ട്രാ എഡ്ജ് പോഡ്കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ദി മിന്റ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാന്‍ ഡ്രസ്സിംഗ് റൂമിലെ നേതൃത്വത്തിലെ ശക്തിയെക്കുറിച്ചായിരുന്നു ചോദ്യം. പൊട്ടിച്ചിരിയോടെ ആരെയാണ് ഞാന്‍ ലീഡര്‍ എന്ന് വിളിക്കേണ്ടതെന്നാണ് ഓപ്പണര്‍ ചോദിച്ചത്. എല്ലാവരും വ്യക്തിപരമായി പോരടിക്കുന്നത് അതിന് വേണ്ടി തന്നെയാണ്. റിസ്വാന്‍ ഹോട്ടലില്‍ ഒരു മുറി പ്രാര്‍ത്ഥിക്കാനായി ഒരുക്കും. എല്ലാവരെയും ഒരുമിച്ചുകൂട്ടും. നിസ്‌കരിക്കാന്‍ വെള്ള ഷീറ്റുകള്‍ വിരിക്കും. അമുസ്ലിങ്ങളെ മുറിയില്‍ പ്രവേശിപ്പിക്കില്ല. എന്തിനേറെ നിസ്‌കരിക്കാനുള്ള സമയക്രമത്തിനായി വാട്‌സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടാക്കും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പാകിസ്ഥാന്‍ പുറത്തായതോടെ വ്യാപക വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് ഈ വിഡിയോ ചര്‍ച്ചയാകുന്നത്. താരത്തിന് ക്രിക്കറ്റിനെക്കാളും മതപരമായ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധയെന്ന് രൂക്ഷ വിമര്‍ശനങ്ങളും ആരാധകര്‍ ഉയര്‍ത്തുന്നു.

ഇന്നത്തെ ബംഗ്ലാദേശ്-പാകിസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരുടീമുകള്‍ക്കും ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

ഇന്ത്യയും ന്യൂസിലാന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്ഥാനും ബംഗ്ലാദേശും മത്സരിച്ചത്. പാകിസ്ഥാനെയും ബംഗ്ലാദേശിനെയും കീഴടക്കി ഇന്ത്യയും ന്യൂസിലാന്‍ഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. മാര്‍ച്ച് രണ്ടിനാണ് മത്സരം.

ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമായി ബന്ധപ്പെട്ട ഒരു വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തിനിടെ റിസ്വാന്‍ 'തസ്ബീഹ് മാല' ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഇതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന പറഞ്ഞ കമന്റുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. റിസ്വാന്‍ തസ്ബീഹ് ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ രോഹിത് ശര്‍മ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നുണ്ടാകും എന്നായിരുന്നു റെയ്ന തമാശ രൂപേണ പറഞ്ഞത്. മഹാമൃത്യുഞ്ജയ മന്ത്രം ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തി ഭക്തനെ സുരക്ഷിതരാക്കാന്‍ സഹായിക്കുമെന്ന വിശ്വാസമുണ്ട്. പരാമര്‍ശമാണ് റെയ്ന നടത്തിയത്.

മത്സരത്തില്‍ വിരാട് കോലി നേടിയ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചിരുന്നു ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങിയിരുന്നു.