ലഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ആതിഥേയരായ പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ക്കെതിരെയടക്കം പടയൊരുക്കം. ക്രിക്കറ്റും രാഷ്ട്രീയവും ഇഴകലര്‍ന്ന പാകിസ്ഥാനില്‍ വിഷയം രാഷ്ട്രീയമായി പാര്‍ലമെന്റിലും ചര്‍ച്ചയാകാനുള്ള സാധ്യതയൊരുങ്ങി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് അഭ്യര്‍ഥിക്കുമെന്ന് രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല വ്യക്തമാക്കി.

ഒരു പാക്ക് മാധ്യമത്തോടു സംസാരിക്കവെയാണ് പാക്കിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനം പാര്‍ലമെന്റിലെത്തിക്കുമെന്നു പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവു തന്നെ വ്യക്തമാക്കിയത്. ''പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവര്‍ക്കു താല്‍പര്യമുള്ളപോലെ പ്രവര്‍ത്തിക്കാം. ഈ പ്രകടനത്തെക്കുറിച്ച് പാര്‍ലമെന്റിലും ഫെഡറല്‍ ക്യാബിനറ്റിലും സംസാരിക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കും.'' റാണ സനാവുല്ല വ്യക്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ബംഗ്ലദേശിനെതിരായ അവസാന മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റായിട്ടും ഒരു വിജയമോ, മികച്ചൊരു ബാറ്റിങ് ഇന്നിങ്‌സോ നടത്താന്‍ സാധിക്കാതിരുന്ന പാക്ക് താരങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

''ക്രിക്കറ്റില്‍ നമുക്ക് ഉയര്‍ച്ച താഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ക്രിക്കറ്റ് ബോര്‍ഡില്‍ വര്‍ഷങ്ങളായി നടക്കുന്ന മാറ്റങ്ങളാണ് അതിനു കാരണം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം. മെന്റര്‍മാര്‍ക്കൊക്കെ അഞ്ച് മില്യന്‍ ആണ് പ്രതിഫലം. ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു അറിവുമില്ലെന്ന് ഇവരൊക്കെ അംഗീകരിച്ചു കഴിഞ്ഞു. അപ്പോള്‍ ജോലി ചെയ്യാതെ അവര്‍ പ്രതിഫലം പറ്റുകയാണെന്നു പറയാം.''

''പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പിസിബി പ്രതിനിധികള്‍ക്കുമുള്ള ആനുകൂല്യങ്ങളും സൗകര്യങ്ങളും കണ്ടാല്‍ ഇത് പാക്കിസ്ഥാന്‍ തന്നെയാണോ, അല്ല യൂറോപ്യന്‍ രാജ്യമാണോ എന്നു തോന്നിപ്പോകും. പിസിബിയിലെ ആളുകള്‍ തോന്നിയതു പോലെ പ്രവര്‍ത്തിക്കുകയാണ്. അതാണ് ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലൊക്കെ ഉള്ളതുപോലെ മികച്ചതും സ്ഥിരതയുള്ളതുമായ ക്രിക്കറ്റ് ബോര്‍ഡ് ഇവിടെയും വേണം.'' റാണ സനാവുല്ല പ്രതികരിച്ചു.

പിസിബി നേരിടുന്നത് കടുത്ത പ്രതിസന്ധി

ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഐസിസി ടൂര്‍ണമെന്റ് രാജ്യത്തേക്കെത്തിച്ചെങ്കിലും സ്വന്തം ടീമിന്റെ ദയനീയ പുറത്താകലും മറ്റൊരു ഏഷ്യന്‍ രാജ്യമായ ബംഗ്ലാദേശിന്റെ പുറത്താകലും കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിയില്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇനി അവശേഷിക്കുന്നത് അഫ്ഗാനിസ്ഥാന്‍ മാത്രമാണ്. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികള്‍ കയറുമോ എന്നതാണ് പിസിബിയെ ആശങ്കയിലാക്കുന്നത്. കാണികളെ ആകര്‍ഷിക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നതാകട്ടെ ദുബായിലുമാണ്.

ഇന്ത്യയോടും ന്യൂസിലാന്‍ഡിനോടും പരാജയപ്പെട്ടാണ് പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നത്. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയില്‍ പ്രവേശിക്കുകയും ചെയ്തു. ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിനായി ഗദ്ദാഫി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശ്വാസമായിരുന്നു. പാകിസ്ഥാന്‍ ഉള്‍പ്പെടാത്ത മത്സരത്തില്‍ ഇത്രയും ആളുകള്‍ കാണികളായി എത്തുന്നത് ശുഭസൂചനയെന്നാണ് പിസിബി അംഗം പറഞ്ഞത്.

എന്നാല്‍ ആതിഥേയ ടീം തുടക്കത്തിലെ പുറത്തായതോടെ മത്സരങ്ങളുടെ ആവേശം ചോരാന്‍ സാധ്യതയേറി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി കാണികള്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് വെല്ലുവിളി. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഇത്രയും വലിയ ടൂര്‍ണമെന്റിന് പിസിബി ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ സെമി ഫൈനലില്‍ ഇടം നേടിയില്ലെങ്കിലും പിസിബിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകില്ലെന്ന് ബോര്‍ഡിന്റെ വാണിജ്യ വിഭാഗവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ടിക്കറ്റ് വില്‍പനയെയും മറ്റ് ഗ്രൗണ്ട് വരുമാനത്തെയും ബാധിക്കാം.

ആതിഥേയത്വ ഫീസ്, ടിക്കറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ള ഐസിസി വരുമാനത്തിന്റെ പങ്ക് ഉറപ്പാണ്. പക്ഷേ മെഗാ ഇവന്റില്‍ ആളുകള്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. പകുതി നിറഞ്ഞ സ്റ്റേഡിയങ്ങള്‍ ലോകം കാണുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒരു ബ്രാന്‍ഡായി വില്‍ക്കുന്നത് എളുപ്പമായിരിക്കില്ല എന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും ബോര്‍ഡ് അംഗം പറയുന്നു.

ഇന്ത്യയോടുള്ള തോല്‍വിയില്‍ ആരാധകരും വിമര്‍ശകരും ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിക്കെതിരെയും ആരാധകര്‍ രംഗത്തെത്തി. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നവീകരണത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിലേക്ക് എത്താന്‍ കഴിയുന്ന ഒരു ടീം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന കാര്യം അദ്ദേഹം മറന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

പാക് മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ കൈവിടും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പ് വരാനിരിക്കുന്നതോടെ, ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനം എത്രത്തോളം പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണമെന്നും വിദഗ്ധര്‍ പറയുന്നു.