- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവില്‍ സംശയിക്കാനാകില്ല; ലോക ഇലവനെ ഇറക്കിയാലും ഇന്ത്യ ജയിക്കും; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഐസിയുവില്‍'; ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി ഷാഹിദ് അഫ്രീദി
ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി ഷാഹിദ് അഫ്രീദി
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച വിവിധ ടീമുകളില്‍നിന്ന് താരങ്ങളെ തെരഞ്ഞെടുത്ത് 'വേള്‍ഡ് ഇലവനെ' ഉണ്ടാക്കി കളിപ്പിച്ചാലും ഇന്ത്യയെ തോല്‍പിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ഷാഹിദ് അഫ്രീദി ഒരു പാക്ക് മാധ്യമത്തിലെ ചര്‍ച്ചയില്‍ പ്രതികരിച്ചു. തെറ്റായ തീരുമാനങ്ങളെടുക്കുന്നതുമൂലം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്നും ഷാഹിദ് അഫ്രീദി പരിഹസിച്ചു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയാണ്, ഇന്ത്യ കിരീടം നേടിയത്. പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെ വാഴ്ത്തി പാക്ക് മുന്‍ താരം രംഗത്തെത്തിയത്.
''ഇന്ത്യയ്ക്ക് വിജയിക്കാനുള്ള അര്‍ഹതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിനും അക്കാദമികള്‍ക്കും വേണ്ടി ഇന്ത്യ അത്രയേറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലം അവര്‍ക്കു ലഭിക്കുക തന്നെ ചെയ്യും. ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവില്‍ സംശയിക്കാനാകില്ല. ഇന്ത്യയുടെ സിലക്ഷന്‍ കമ്മിറ്റി ഗംഭീരമായാണു പ്രവര്‍ത്തിച്ചത്. ഇന്ത്യയ്ക്ക് ദുബായിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. അതു ശരിയാണ്. അവര്‍ എല്ലാ മത്സരങ്ങളും അവിടെയാണു കളിച്ചത്. വേദികള്‍ മാറേണ്ടവന്നിട്ടില്ല. പക്ഷേ ഇന്ത്യയുടെ വിജയത്തില്‍ ടീം സിലക്ഷന് വലിയ റോളുണ്ട്''
''ലോക ഇലവനെ ഉണ്ടാക്കി ആ ടീമിനെ ദുബായില്‍ കളിപ്പിച്ചാലും ഇന്ത്യയായിരിക്കും ജയിക്കുക. മോശം ടീം സിലക്ഷന്‍ കാരണം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ അപകടനിലയിലാണ്. ഓരോ ടൂര്‍ണമെന്റുകള്‍ വരുമ്പോഴും നമ്മള്‍ തയാറെടുപ്പുകളെക്കുറിച്ചു സംസാരിക്കും. പാക്കിസ്ഥാന്‍ തോല്‍ക്കുമ്പോള്‍ ശസ്ത്രക്രിയകള്‍ വേണമെന്നു പറയും. പക്ഷേ തെറ്റായ തീരുമാനങ്ങളുടെ പേരിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഐസിയുവില്‍ ആയത്.
''പാക്കിസ്ഥാനില്‍ തുടര്‍ച്ചയില്ല. പിസിബിയുടെ തീരുമാനങ്ങളില്‍ സ്ഥിരതയില്ല. ക്യാപ്റ്റന്‍മാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റി നോക്കി. എന്നാല്‍ അതിന്റെയെല്ലാം ഉത്തരവാദിത്തം പാക്ക് ക്രിക്കറ്റ് ബോര്‍ഡിനാണ്. ക്യാപ്റ്റന്റെയും പരിശീലകന്റെയും തലയ്ക്കു മുകളില്‍ ഒരു വാളുണ്ടാകുമ്പോള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് എങ്ങനെ രക്ഷപ്പെടാനാണ്.'' അഫ്രീദി ചര്‍ച്ചയില്‍ ചോദിച്ചു.
ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം. എന്ത് അടിസ്ഥാനത്തിലാണ് ഷദാബിനെ ടീമിലേക്ക് തിരിച്ചുവിളിച്ചതെന്നും ആഭ്യന്തരക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാണെന്നും അഫ്രീദി ചോദിച്ചു.
'പരിശീലകര്‍ അവരുടെ ജോലി സംരക്ഷിക്കാന്‍ താരങ്ങളെ കുറ്റപ്പെടുത്തുന്നു. മാനേജ്മെന്റ് അവരുടെ കസേര സംരക്ഷിക്കാന്‍ താരങ്ങളെയും പരിശീലകരെയും കുറ്റപ്പെടുത്തുന്നു. ഇത് ദുഃഖകരമാണെന്നും' അഫ്രീദി കൂട്ടിച്ചേര്‍ത്തു.'പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പോസിറ്റീവായിട്ടാണ് കാര്യങ്ങള്‍ കാണുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് അധികമറിയില്ലെന്നും' മുന്‍ പാക്ക് താരം പറഞ്ഞു.
അടുത്തിടെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പാക്ക് ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ട്വന്റി-20 ടീമിലെ സ്ഥാനം നഷ്ടമായപ്പോള്‍ പേസ് ബൗളര്‍മാരായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റര്‍മാരായ സൗദ് ഷക്കീര്‍, കമ്രാന്‍ ഗുലാം എന്നിവര്‍ക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.
റിസ്വാനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തിയിട്ടുണ്ട്. ബാബര്‍ അസമും ടീമില്‍ ഇടം നേടി. ട്വന്റി-20 ടീമിനെ നയിക്കുന്നത് സല്‍മാന്‍ അലി ആഗയാണ്. ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റിന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ട്വന്റി-20 ലോകകപ്പിനുശേഷം ഒരൊറ്റ ട്വന്റി-20 മത്സരംപോലും ഷദാബ് കളിച്ചിരുന്നില്ല.
സെപ്റ്റംബറില്‍ നടക്കുന്ന ട്വന്റി-20 ഏഷ്യാ കപ്പും 2026 ഫെബ്രുവരിയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പും മുന്നില്‍കണ്ടാണ് പുതിയ നീക്കം. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര മാര്‍ച്ച് 16-നാണ് തുടങ്ങുന്നത്.