ഗുവാഹത്തി: ഐ.പി.എല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ്, നൈറ്റ് റൈഡേഴ്‌സിനു മുന്നില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. 28 പന്തില്‍ 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തക്കായി പന്തെറിഞ്ഞ ബോളര്‍മാരെല്ലാം വിക്കറ്റു നേടി. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് റോയല്‍സ് നേടിയത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ഗുവാഹത്തിയിലെ സ്ലോ പിച്ചില്‍ അടിതെറ്റിയപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. യശസ്വി ജയ്‌സ്വാള്‍ 29ഉം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒമ്പത് റണ്‍സെടുത്ത് നന്നായി തുടങ്ങി. വൈഭവ് അറോറ എറിഞ്ഞ രണ്ടാം ഓവറില്‍ റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട യശസ്വി സ്‌പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറിയും സിക്‌സും നേടി തുടക്കം കളറാക്കി.

വൈഭവ് അറോറ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സഞ്ജു ബൗണ്ടറി കടത്തിയെങ്കിലും അഞ്ചാം പന്തില്‍ സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കി വൈഭവ് തിരിച്ചടിച്ചതോടെ രാജസ്ഥാന് പവര്‍പ്ലേ മുതലാക്കാനായില്ല. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സിക്‌സറുകളുമായി പ്രതീക്ഷ നല്‍കി പവര്‍ പ്ലേയില്‍ രാജസ്ഥാനെ 54 റണ്‍സിലെത്തിച്ചു.

കളി തിരിച്ച് സ്പിന്നര്‍മാര്‍

എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ സ്പിന്നര്‍മാര്‍ എത്തിയതോടെ സ്‌കോറിംഗ് ദുഷ്‌കരമായി. വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സ് പറത്തിയതിന് പിന്നാലെ റിയാന്‍ പരാഗ്(15 പന്തില്‍ 25) അതേ ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടടുത്ത ഓവറില്‍ നിലയുറപ്പിച്ചെന്ന് കരുതിയ യശസ്വി ജയ്‌സ്വാളിനെ(24 പന്തില്‍ 29) മൊയീന്‍ അലി മടക്കി. പിഞ്ച് ഹിറ്ററായി എത്തിയ വാനിന്ദു ഹസരങ്കയെ(4) ഒമ്പതാം ഓവറില്‍ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി രാജസ്ഥാനെ 10 ഓവരില്‍ 76/4 ലേക്ക് തള്ളിയിട്ടു. പതിനൊന്നാം ഓവറില്‍ നതീഷ് റാണയെ(8) കൂടി മടക്കി മൊയീന്‍ അലി രാജസ്ഥാന്റെ നടുവൊടിച്ചു.

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ശുഭം ദുബെയെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ പതിനാലാം ഓവറില്‍ രാജസ്ഥാനെ 100 കടത്തിയെങ്കിലും പതിനഞ്ചാം ഓവറില്‍ ശുഭം ദുബെയെ(9) ഹര്‍ഷിത് റാണ വീഴ്ത്തി. 15 ഓവറില്‍ 110 റണ്‍സിലെത്തിയ രാജസ്ഥാനെ അവസാന അഞ്ചോവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുറെലും ജോഫ്ര ആര്‍ച്ചറും(7 പന്തില്‍16) 151 ചേര്‍ന്ന് റണ്‍സിലെത്തിച്ചു. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി 23 റണ്‍സിനും വൈഭവ് അറോറ 33 റണ്‍സിനും ഹര്‍ഷിത് റാണ 36 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്‌ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി.