- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്ക് ഭീകരതാവളങ്ങളെ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞ് ഞെട്ടിത്തരിച്ച് വിദേശ താരങ്ങള്‍; പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി
പിഎസ്എല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നീക്കം; ഭയക്കേണ്ടെന്ന് പിസിബി
ലഹോര്‍: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അറിഞ്ഞതോടെ ഞെട്ടിത്തരിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍. പിഎസ്എല്‍ ഉപേക്ഷിച്ച് എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അടക്കമുള്ളവര്‍.
എന്നാല്‍ ഇന്ത്യന്‍ സൈന്യം ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ വാദം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്ന നിലപാടിലാണ് പിസിബി. വിദേശ താരങ്ങള്‍ ആരും പാക്കിസ്ഥാന്‍ വിടണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പിസിബി പ്രതികരിച്ചു.
ഇന്ത്യന്‍ മിസൈലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലുള്ള വിദേശ താരങ്ങള്‍ ടീം വിട്ടുപോകാനുള്ള നീക്കം തുടങ്ങിയതായി അഭ്യൂഹങ്ങളുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ആറു ഫ്രാഞ്ചൈസികളിലായി നാല്‍പതോളം വിദേശ താരങ്ങളാണു കളിക്കുന്നത്. ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത് 'അണ്‍സോള്‍ഡ്' ആയ താരങ്ങളാണ് ഇവരില്‍ ഭൂരിഭാഗവും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടങ്ങള്‍ റാവല്‍പിണ്ടിയിലും മുള്‍ട്ടാനിലുമാണു ഇനി നടക്കാനുള്ളത്. പിഎസ്എലിലെ എലിമിനേറ്റര്‍, ഫൈനല്‍ പോരാട്ടങ്ങള്‍ ലഹോറിലും നടക്കും.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഒന്‍പതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം മിസൈലാക്രമണം നടത്തിയത്. ഇന്നു പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.