ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം അഴിച്ച വിരാട് കോലി കൗണ്ടി ക്രിക്കറ്റില്‍ കളിക്കുമോ? വിരാട് കോലിയെ കൗണ്ടി ക്രിക്കറ്റില്‍ കളിപ്പിക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മിഡില്‍സെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഡയറക്ടര്‍ അലന്‍ കോള്‍മാന്‍. വിരാട് കോലിയെപ്പോലൊരു താരത്തെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കു ലഭിക്കുകയാണെങ്കില്‍ അതില്‍ എന്താണു തെറ്റെന്നു അലന്‍ കോള്‍മാന്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ച കോലി കരിയറില്‍ ഒരിക്കല്‍ പോലും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഏകദിന ക്രിക്കറ്റിലും ഐപിഎലിലും മാത്രമാണ് കോലി ഇനി കളിക്കുക. അതിനിടെയാണ് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരത്തിന് കൗണ്ടി ക്രിക്കറ്റിലേക്ക് ക്ഷണം എത്തിയത്.

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ക്ലബ്ബ് ഡയറക്ടര്‍ അലന്‍ കോള്‍മാനാണ് കോലിയെ തങ്ങളുടെ ടീമില്‍ കളിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഒരു പരാമര്‍ശവും കോലി നടത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോള്‍മാന്റെ ക്ഷണം.

''അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് വിരാട് കോലി. തീര്‍ച്ചയായും അങ്ങനെയൊരു ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്.'' അലന്‍ കോള്‍മാന്‍ വ്യക്തമാക്കി.

2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോലി കൗണ്ടി ക്ലബ്ബ് സറേയ്ക്കു വേണ്ടി കളിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ കഴുത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു. ലോര്‍ഡ്സാണ് മിഡില്‍സെക്സിന്റെ ഹോം ഗ്രൗണ്ട്. ലോര്‍ഡ്സില്‍ കളിക്കാനുള്ള ഓഫര്‍വെച്ച് മിഡില്‍സെക്‌സ് മികച്ച കളിക്കാരെ ടീമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ നേരത്തേ ക്ലബ്ബിന്റെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിലെ തന്നെ ടി20 ബ്ലാസ്റ്റിലും ദ് ഹണ്ട്രഡ് ലീഗിലും ഇവര്‍ ഇറങ്ങി. മര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബുമായി സഹകരിച്ചാണ് രണ്ടു പേരും ഇംഗ്ലണ്ടില്‍ ഇറങ്ങിയത്.

കോലി ഇംഗ്ലണ്ടില്‍ കളിക്കാന്‍ തയാറായാലും എംസിസി വഴിയാകും കരാര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സാധ്യമാകുക. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ പ്രശസ്തിയില്‍നിന്നു മാറി നില്‍ക്കുന്നതിനും കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിനും ഇംഗ്ലണ്ടാണു മികച്ചതെന്നാണ് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും കരുതുന്നതെന്നും ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.