മാഞ്ചെസ്റ്റര്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജയം നേടി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തിയതോടെ മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകമാണ്. പരമ്പരയില്‍ ഒപ്പമെത്താന്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിച്ചേ തീരു. അതിനിടെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിര്‍ണായകമായ ടെസ്റ്റില്‍ ബുമ്ര കളിച്ചില്ലെങ്കില്‍ അത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

ബുമ്രയുടെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. ബുമ്ര നാലാം ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നാണ് രഹാനെയുടെ അഭിപ്രായം. വൈറ്റ്‌ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള താരം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

'ബുമ്ര കളിക്കുന്നില്ലെങ്കില്‍ ആ സ്ഥാനത്ത് വരേണ്ടത് അര്‍ഷ്ദീപ് ആണ്. കാരണം ഇംഗ്ലണ്ടില്‍ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിവുള്ള ഒരു ഇടംകൈയ്യന്‍ പേസറെ ആവശ്യമുണ്ട്. അതിനാല്‍ ബുമ്ര കളിക്കുന്നില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ അര്‍ഷ്ദീപ് കളിക്കണം.'- രഹാനെ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

'വിക്കറ്റിന്റെ അവസ്ഥ അനുസരിച്ച് കുല്‍ദീപ് കളിക്കണമെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലേതിന് സമാനമായ വിക്കറ്റാണെങ്കില്‍ കുല്‍ദീപ് കളിക്കണം. കാരണം വിക്കറ്റുകള്‍ നേടാന്‍ കഴിവുള്ളവരെ ആവശ്യമുണ്ട്. ബാറ്റര്‍മാര്‍ നന്നായി കളിക്കുന്നുണ്ട്. ഒരു 25-30 റണ്‍സ് കുറഞ്ഞാലും കുഴപ്പമില്ല. പക്ഷേ, വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള ആളുകളെ വേണം. എല്ലാ സമയത്തും പ്രധാന പേസ് ബൗളര്‍മാരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല.'

അതേസമയം കഴിഞ്ഞദിവസം പരിശീലനത്തിനിടെ അര്‍ഷ്ദീപിന് പരിക്കേറ്റതുമായി ബന്ധപ്പെട്ടും രഹാനെ പ്രതികരിച്ചു. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് നോക്കേണ്ടതുണ്ട്. തുന്നലുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നത് നിര്‍ണായകമാണ്. അതിനനുസരിച്ചായിരിക്കും അടുത്ത ദിവസങ്ങളിലെ ഇന്ത്യയുടെ പദ്ധതികള്‍. - രഹാനെ കൂട്ടിച്ചേര്‍ത്തു.