ന്യൂഡല്‍ഹി: ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തായ ശേഷം എട്ടുവര്‍ഷത്തെ പരിശ്രമത്തിന് ഒടുവിലാണ് കരുണ്‍ നായര്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് മുതല്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് പരമ്പരയിലെ എടുത്തുപറയാവുന്ന ഇന്നിങ്‌സ്. അതും അവസാനടെസ്റ്റില്‍. ഇപ്പോഴിതാ ആ ഇന്നിങ്‌സിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കരുണ്‍. അര്‍ധസെഞ്ചുറി നേടിയെങ്കിലും അത് സെഞ്ചുറിയിലെത്തിക്കാനാവാത്തതില്‍ നിരാശയുണ്ടെന്നാണ് താരം പറയുന്നത്.

ഓവലില്‍ ലഭിച്ച തുടക്കം സെഞ്ചുറിയാക്കി മാറ്റാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ടായിരുന്നു. - ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് കരുണ്‍ പ്രതികരിച്ചു. ടീം ഒരു പ്രയാസമേറിയ അവസ്ഥയിലായിരുന്ന ആദ്യ ദിവസം പൊരുതി നില്‍ക്കേണ്ടത് വളരെ പ്രധാനമായിരുന്നു. ഞാന്‍ ഇതിനുമുന്‍പ് അവിടെ നന്നായി കളിച്ചിട്ടുണ്ട്. നോര്‍ത്താംപ്ടണ്‍ ഷെയറിനുവേണ്ടി 150 റണ്‍സ് നേടിയിരുന്നു. പരിഭ്രമം ഉണ്ടായിരുന്നെങ്കിലും ആത്മവിശ്വാസത്തിലായിരുന്നു. അതൊരു വലിയ സ്‌കോറാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ അതിന് കഴിഞ്ഞില്ല. - കരുണ്‍ നായര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പര കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും ഒരുപാട് ആത്മപരിശോധന നടത്തിയതായും കരുണ്‍ വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങള്‍ വിട്ടുകളയുകയും വരുന്ന മാസങ്ങളില്‍ എന്ത് ചെയ്യണം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കളിക്കുന്നത് ഏത് തലത്തിലായാലും വലിയ സ്‌കോറുകള്‍ നേടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. - കരുണ്‍ കൂട്ടിച്ചേര്‍ത്തു.

കരുണിന്റെ അര്‍ധസെഞ്ചുറി പിറന്ന ഓവലിലെ അവസാനടെസ്റ്റില്‍ ജയിച്ചാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സാണ് താരം നേടിയത്. ആറുറണ്‍സിനാണ് ടീമിന്റെ ജയം. 374 റണ്‍സ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റണ്‍സിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റണ്‍സ് വേണ്ടിയിരുന്ന ആതിഥേയര്‍ക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ.