- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമോ? വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തുമോ? ടോപ്പ് ഓഡറില്‍ ആരൊക്കെ എന്ന് തലവേദന; ജയ്‌സ്വാള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പുറത്തേക്കോ? ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍
ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിര മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ അടുത്ത ലക്ഷ്യം ഏഷ്യാ കപ്പാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചതോടെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു. പഹല്‍ഗാമിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ടൂര്‍ണമെന്റിനുണ്ട്. താരാധിക്യമുള്ള ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ ഉള്‍കൊള്ളണം ആരെയൊക്കെ തള്ളണം എന്ന പ്രതിസന്ധിയിലാണ് അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി. ഓഗസ്റ്റ് 19-നോ 20-നോ ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിക്കാനെത്തിയ താരങ്ങളുടെ ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും ടീം പ്ര്യഖ്യാപനം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റനായി കഴിവു തെളിയിച്ച ഗില്‍ ടീമിലെത്തുമ്പോള്‍ അക്‌സര്‍ പട്ടേലിന് വൈസ് ക്യാപ്റ്റന്‍ പദവി നഷ്ടമാകും. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായി അരങ്ങേറ്റിയ പരമ്പരയിലാണ് ഗില്‍ അവസാനമായി ഇന്ത്യന്‍ ടി20 ടീമില്‍ കളിച്ചത്. അന്ന് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ഗില്‍ തിരിച്ചെത്തിയാല്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് സഖ്യം മാറും.
ഓപ്പണിംഗ് സ്ഥാനത്തു നിന്ന് മാറിയാല്‍ സഞ്ജുവിനെ ടോപ് ഫോറില്‍ കളിപ്പിക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ടെസ്റ്റ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ എന്നിവരെ ഏഷ്യാ കപ്പ് ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഓപ്പണറായി ഇറങ്ങിയില്ലെങ്കിലും ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു തന്നെയായിരിക്കും ടീമിലെത്തുക. ജിതേഷ് ശര്‍മ്മ, ധ്രുവ് ജുറല്‍ എന്നിവരില്‍ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും.
നിലവിടെ ടി20 ടീമംഗങ്ങളായ ഓപ്പണര്‍ അഭിഷേക് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ഒഴിവാക്കി ഒരു ടീം കെട്ടിപ്പടുക്കുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് താത്പര്യമില്ലെന്നാണ് സൂചന. ഐസിസിയുടെ അവസാന ടി20 റാങ്കിങ് പ്രകാരം അഭിഷേക് ശര്‍മയാണ് ഒന്നാത്. അതിനാല്‍ അഭിഷേകിനെ ഒഴിവാക്കിയൊരു സ്‌ക്വാഡ് രൂപപ്പെടുത്താന്‍ സാധ്യതയില്ല.
കഴിഞ്ഞ സീസണില്‍ ബാറ്റുകൊണ്ടും ഗ്ലൗസുകൊണ്ടും കാണിച്ച മികവ് സഞ്ജു സാംസണും ഗുണം ചെയ്തേക്കും. ടോപ് ഓര്‍ഡറിലെ ഈ താരാധിക്യം ടീം സെലക്ഷന്‍ പ്രക്രിയയില്‍ തലവേദന സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. ഇത് യശസ്വി ജയ്സ്വാളിന്റെയും സായ് സുദര്‍ശന്റെയും വഴിയടയ്ക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ഉറപ്പിക്കുമ്പോള്‍ ശിവം ദുബെ തിരിച്ചുവരാനുള്ള സാധ്യതയുമുണ്ട്. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും മറ്റു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍. സീം ബൗളിങ്ങില്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമില്‍ ഉള്‍പ്പെടുമെന്നത് ഏറക്കുറെ ഉറപ്പിക്കാം. മൂന്നാമതൊരാളായി പ്രസിദ്ധ് കൃഷ്ണയോ ഹര്‍ഷിത് റാണയോ വന്നേക്കും. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം.