- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറിപ്പറ്റി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചു; ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള രണ്ട് ടീമിലും; ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെ ഒരെ ഒരു സ്ഥിരം അംഗം; ഗംഭീറിന്റെ 'പെറ്റ് ക്വാട്ട' എന്ന് ആരാധകര്‍; വിമര്‍ശനവുമായി മുന്‍ നായകന്
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന, ട്വന്റി 20 ടീമിലിടം പിടിച്ച പേസര്‍ ഹര്‍ഷിത് റാണ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചശേഷം ഓര്‍ത്തുവയ്ക്കാന്‍ ഒരു മികച്ച പ്രകടനം പോലുമില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലടക്കം ഇടംപിടിച്ച താരം ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള ഇരു ടീമിലും ഇടംപിടിച്ചതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്.
ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്ക് അഞ്ച് ട്വന്റി20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടിലും ഇടം നേടിയത് ഏഴു താരങ്ങളാണ്. ആ ഏഴിലൊരാളായി ഹര്‍ഷിത് റാണയുണ്ട്. എന്നാല്‍ കളിച്ച മത്സരങ്ങളിലൊന്നും വേണ്ടത്ര ഇംപാക്ട് സൃഷ്ടിക്കാതിരുന്ന താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. കോച്ച് ഗൗതം ഗംഭീറിന്റെ 'പെറ്റ് ക്വാട്ട'യിലാണ് താരം കയറിപ്പറ്റുന്നതെന്നാണ് പരിഹാസം. ഐപിഎലില്‍ ഗംഭീര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ചായിരുന്ന കാലം മുതല്‍ ടീമിലംഗമാണ് ഹര്‍ഷിത്. ഇതാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നത്. മികച്ച പ്രകടനം നടത്തിയ പല യുവതാരങ്ങളും ടീമില്‍ ഇടംനിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് ഒരു മികച്ച പ്രകടനം പോലും പേരിലില്ലാത്ത ഹര്‍ഷിത് അനായാസം ടീമില്‍ ഇടംപിടിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയുമായി നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പര്യടനത്തിലാണ് റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്, രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടി. പിന്നീട് ഇംഗ്ലണ്ടിനെതിരെ ഏകദിന അരങ്ങേറ്റം നടത്തി, തുടര്‍ന്ന് യുഎഇയില്‍ നടന്ന ഏകദിന ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടി. കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യാ കപ്പ് ട്രോഫിയിലും ഹര്‍ഷിതുണ്ടായയിരുന്നു. രണ്ടു മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഒമാനെതിരെ 25 റണ്‍സ് വഴങ്ങിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ നാല് ഓവറില്‍ 54 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
മുഹമ്മദ് ഷമി, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ഒഴിവാക്കിയ 15 അംഗ ഏകദിന ടീമിലാണ് ഹര്‍ഷിത് റാണ ഉള്‍പ്പെട്ടത്. ഫെബ്രുവരിയില്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജേതാക്കളായ ഏകദിന ടീമിലും ഹര്‍ഷിത് ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ട്വന്റി20 ടീമിലും ഹര്‍ഷിത് സ്ഥാനം പിടിച്ചു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും പരിഗണിക്കപ്പെടുന്ന ചുരുക്കം താരങ്ങളില്‍ ഒരാളായി ഹര്‍ഷിത് മാറി.
ഹര്‍ഷിത് റാണയുടെ സെലക്ഷനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ക്യാപ്റ്റനുമായ കൃഷ്ണമാചാരി ശ്രീകാന്ത്. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള ബന്ധമാണ് ഹര്‍ഷിതിന് അവസരം ലഭിക്കാന്‍ കാരണമെന്ന് ശ്രീകാന്ത് ആരോപിച്ചു. ഐപിഎലില്‍ ഗംഭീര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ചായിരുന്ന കാലം മുതല്‍ ടീമിലംഗമാണ് ഹര്‍ഷിത്.
''നിരന്തരം ഇത്തരം സെലക്ഷനുകള്‍ നടത്തുന്നതിലൂടെ, അവര്‍ കളിക്കാരെ തന്നെ ആശയക്കുഴപ്പത്തിലാക്കുന്നു. സെലക്ഷന്‍ എന്തായിരിക്കുമെന്ന് നമുക്ക് പോലും ഉറപ്പില്ല. പെട്ടെന്ന് യശസ്വി ജയ്സ്വാള്‍ അവിടെ എത്തും, അടുത്ത നിമിഷം അദ്ദേഹം അവിടെ ഉണ്ടാകില്ല. ഒരു സ്ഥിരം അംഗം മാത്രമേയുള്ളൂ - ഹര്‍ഷിത് റാണ. എന്തുകൊണ്ടാണ് അദ്ദേഹം ടീമില്‍ ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. എല്ലായ്പ്പോഴും വെട്ടിയും മാറ്റിയും അവര്‍ കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കും.
''ചില കളിക്കാരെ അവര്‍ നന്നായി കളിച്ചാലും ടീമിലെടുക്കില്ല, മറ്റു ചിലര്‍ നന്നായി കളിച്ചില്ലെങ്കിലും അവരെ എടുക്കും. ഹര്‍ഷിത് റാണയെപ്പോലെ ആയിരിക്കുകയും തിരഞ്ഞെടുക്കാന്‍ എപ്പോഴും ഗംഭീറിനെ പോലെ ഒരാള്‍ ഉണ്ടായിരിക്കുകയുമാണ് ഏറ്റവും നല്ലത്. 2027 ലോകകപ്പ് ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങണം. പക്ഷേ അവര്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഹര്‍ഷിത് റാണയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയുമാണ് പരിഗണിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് ട്രോഫിയോട് വിട പറയാം.'' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
''സിനിമകളില്‍ കാണുന്നതുപോലുള്ള ഗിമ്മിക്കുകളാണ് ഹര്‍ഷിത് റാണ ചെയ്യുന്നത്. നന്നായി പന്തെറിയാതെ, ഇത്തരം പ്രതികരണങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല. ഐപിഎലിലും അദ്ദേഹം ഇത്തരം ഗിമ്മിക്കുകളാണ് ചെയ്യുന്നത്. ഇതൊരു നല്ല മനോഭാവമല്ല, വെറും ഷോ മാത്രമാണ്. പന്ത് പിടിച്ചതിനു ശേഷം അയാള്‍ ഡ്രൈവ് ചെയ്യുന്നു. പന്തു പിടിച്ച ശേഷം എന്തിനാണ് ഡൈവ് ചെയ്യുന്നത്? ആക്രമണോത്സുകത വ്യത്യസ്തമാണ്, പക്ഷേ ചെറുപ്പത്തില്‍ ഇത്രയധികം ഷോ നടത്തിയതിനാലാണ് ഇന്ന് അദ്ദേഹത്തിന് 'അടി' കിട്ടുന്നത്.'' ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമില്‍ സ്ഥിരമാണ്. കാരണം, അവന്‍ ഗംഭീറിന്റെ ഫേവറൈറ്റാണെന്നായിരുന്നു ശ്രീകാന്തിന്റെ കമന്റ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താതിരുന്നതിനെയും ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെയായിരുന്നു ഏകദിന പരമ്പരയില്‍ ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നതെന്നും ഇപ്പോള്‍ ഉള്‍പ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡയെല്ലാം ഓസ്‌ട്രേലിയയില്‍ അടിവാങ്ങി കൂട്ടുമെന്നും ശ്രീകാന്ത് പറഞ്ഞു.
.ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഷിത് റാണ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ ടീമില്‍ തുടരുകയായിരുന്നു. ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന ബുമ്രക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചപ്പോള്‍ സെലക്ടര്‍മാര്‍ റാണയെ ടീമില്‍ നിലിനിര്‍ത്തി.ഏകദിന ടീമിന് പുറമെ ടി20 ടീമിലും ഹര്‍ഷിത് സ്ഥാനം നിലനിര്‍ത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളമാണ് ഇന്ത്യ കളിക്കുക.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ ധ്രുവ്. ജുറേല്‍, യശസ്വി ജയ്‌സ്വാള്‍.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍.