ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനാവാതെ വന്നതോടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ രാജ്യാന്തര കരിയര്‍ ഏറെക്കുറെ അവസാനിച്ചതായി സൂചനകള്‍. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ഇനി ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും അതിനാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് താരത്തെ സംബന്ധിച്ച് പ്രയാസകരമായിരിക്കുമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.

നിലവില്‍ ഷമിക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ പ്രയാസമേറിയതാണെന്നും ദുലീപ് ട്രോഫിയില്‍ ഒന്നോ രണ്ടോ നല്ല സ്‌പെല്ലുകള്‍ ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നും ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രായവും ഒരു ഘടകമാണ്. വേഗതയുടെ കാര്യത്തിലും ദുലീപ് ട്രോഫിയില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ തുടരണമെങ്കില്‍, അദ്ദേഹം ആഭ്യന്തര മത്സരങ്ങളില്‍ ആവശ്യത്തിന് കളിക്കേണ്ടതുണ്ട്. - ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് ദിവസം മുന്‍പ് ഷമിയുമായി സംസാരിച്ചിരുന്നുവെന്നും രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചതായും ബംഗാള്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു. അതേസമയം ഷമിയെ ബംഗാള്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും കൃത്യമായ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. ശുക്ലയുമായി ചര്‍ച്ച ചെയ്ത ശേഷം അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനെ തീരുമാനിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 15-ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാളിന്റെ ആദ്യ മത്സരം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു ഷമി. 2023-ലെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു താരം.